ഏപ്രില്‍ 16: വി. ബെനഡിക്ട് ജോസഫ് ലാബ്രെ

ഫ്രാന്‍സിലെ അമെറ്റെസ് എന്ന സ്ഥലത്ത് 1748 മാര്‍ച്ച് 26-ാം തീയതിയാണ് വി. ബെനഡിക്ട് ജനിച്ചത്. ചെറുപ്പം മുതലേ ക്രൈസ്തവഭക്തിയില്‍ വളര്‍ത്തപ്പെട്ട ബെനഡിക്ട് ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെ അദ്ദേഹം ‘ട്രാപ്പിസ്റ്റ്’ എന്ന സന്യാസ സഭയില്‍ പ്രവേശിച്ചു.

ബെനഡിക്ടിന്റെ ജീവിതവിശുദ്ധി അധികാരികള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും സഭാനിയമം അനുസരിച്ചു ജീവിക്കാനുള്ള കഴിവ് ബെനഡിക്ടിന് ഇല്ലെന്നുപറഞ്ഞ് അവര്‍ അദ്ദേഹത്തെ മടക്കി അയച്ചു. പിന്നീടങ്ങോട്ട് ഒരു ഭിക്ഷുവിന്റെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ദൈവവിളിക്കനുസരണം തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിശുദ്ധന്‍ സ്വന്തം നാടിനെയും മാതാപിതാക്കന്മാരെയും ബന്ധുമിത്രാദികളെയുമെല്ലാം ഉപേക്ഷിച്ച് പുണ്യസ്ഥലങ്ങള്‍ ലക്ഷ്യമാക്കി യാത്രയായി. ഇറ്റലി, സ്‌പെയിന്‍ മുതലായ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചും റോമിലുള്ള വിശുദ്ധ സ്ഥലങ്ങളില്‍ ദീര്‍ഘനേരം പ്രാർഥിച്ചുകൊണ്ടും അദ്ദേഹം ജീവിച്ചു.

കീറിപ്പറിഞ്ഞ കുറേ തുണിക്കഷണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രം. വെറും തറയിലാണ് അദ്ദേഹം കിടന്നുറങ്ങിയിരുന്നത്. ഓരോ സ്ഥലത്തു നിന്നും കിട്ടുന്ന അപ്പക്കഷണങ്ങള്‍ പെറുക്കിയെടുത്താണ് അദ്ദേഹം ഭക്ഷിച്ചിരുന്നത്. ആരെങ്കിലും അദ്ദേഹത്തിന് കൂടുതല്‍ ഭിക്ഷ നല്കിയാല്‍ ആവശ്യത്തില്‍ കൂടുതലുള്ളത് അദ്ദേഹം അടുത്തുള്ള ഭിക്ഷുവിനു നല്കിയിരുന്നു.

അദ്ദേഹം പഞ്ചേന്ദ്രിയങ്ങളെ പ്രത്യേകമാംവിധം നിയന്ത്രിച്ചിരുന്നു. താന്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്ന പട്ടണത്തിലെ വിശേഷമായ കാഴ്ചകളൊന്നും അദ്ദേഹം ദര്‍ശിച്ചിരുന്നില്ല. വളരെ വിരളമായി മാത്രമാണ് വിശുദ്ധന്‍ സംസാരിച്ചിരുന്നത്. ആരെങ്കിലും ബെനഡിക്ടിനെ സ്തുതിച്ചുകൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ അത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. എന്നാല്‍, ആരെങ്കിലും ആക്ഷേപിക്കുകയോ, അടിക്കുകയോ ചെയ്താല്‍ അദ്ദേഹം അതില്‍ അത്യധികം സന്തോഷിച്ചിരുന്നു.

നിരന്തരം പ്രാർഥിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പരിശുദ്ധ കുര്‍ബാനയോട് ബെനഡിക്ടിനുണ്ടായിരുന്ന തീവ്രമായ ഭക്തി മൂലം ‘നാല്പതു മണിയുടെ ദരിദ്രന്‍’ എന്നാണ് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ‘ഓ! മറിയമേ, ഓ! എന്റെ അമ്മേ’ എന്ന വചനം എല്ലാ സമയത്തും ബെനഡിക്ട് ആവര്‍ത്തിച്ചിരുന്നു. ദൈവം വിശുദ്ധനിലൂടെ ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെ പ്രകടമാക്കി. 1783-ലെ വലിയ ബുധനാഴ്ച ബെനഡിക്ടിനെ നിത്യസമ്മാനം നല്കുന്നതിനായി ദിവ്യനാഥന്‍ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.

വിചിന്തനം: ‘ദൈവം ഇന്നോ ഭാവിയിലോ, ചെയ്യാനും സഹിക്കാനും ആവശ്യപ്പെടുന്നതെല്ലാം അപ്രകാരം നിര്‍വഹിക്കുന്നതാണ് അവിടുത്തെ സ്‌നേഹിതരില്‍ നിന്ന് അവിടുന്ന് ആഗ്രഹിക്കുന്ന ബലി.’

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.