ഒരു ഗ്ലാസ് വെള്ളത്തിലും സുവിശേഷം

ജിന്‍സി സന്തോഷ്‌

ഒരു ഗ്ലാസ് വെളളത്തിനുമുണ്ട് നിന്നോട് പങ്കുവയ്ക്കാനൊരു സുവിശേഷം. അത് നീ കൈയ്യിലെടുത്തുയർത്തിയാൽ ആദ്യ നിമിഷങ്ങളിൽ പ്രത്യകിച്ചൊന്നും തോന്നില്ല. എന്നാൽ അത് ഉയർത്തിപ്പിടിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടുന്തോറും നിന്റെ കൈകൾ വേദനിക്കുകയും മസിലുകൾ മരവിക്കുകയും നാഡീഞരമ്പുകൾക്ക് പിരിമുറുക്കം അനുഭവപ്പെടുകയും ചെയ്യും.

ചെറുതും വലുതുമായ മനുഷ്യന്റെ ജീവിതപ്രശ്നങ്ങളും മനസിൽ കൊണ്ടുനടക്കുമ്പോൾ ഇതേപോലെ കുറച്ചുനാൾ ഒന്നും സംഭവിക്കുകയില്ല. എന്നാൽ, ദീർഘനാളത്തേക്ക് ഈ നൊമ്പരചിന്തകൾ ചുമടായി നീ ചിന്തകളിലേറ്റുമ്പോൾ ഒന്നും ചെയ്യാനാവാത്തവിധം അത് നിന്നെത്തന്നെ തളർത്തിക്കളഞ്ഞേക്കാം.

ദുരന്താനുഭവങ്ങൾ മറക്കാൻ സ്വയം അനുവദിക്കുക. അപ്പോൾ മനസിലെ മുറിവുകളും മുറിപ്പാടുകളും താനേ മാഞ്ഞുപോകും. ഒത്തിരി സന്തോഷങ്ങൾക്കിടയിൽ തെളിയുന്ന ഏതാനും സഹനങ്ങൾ എല്ലാ സന്തോഷങ്ങളും കവർന്നെടുക്കാൻ അനുവദിക്കരുത്. ജീവിതത്തിൽ നിര തീർത്ത സഹനങ്ങൾക്കു മുന്നിൽ പൂർവ്വപിതാവായ ജോസഫ് ഇങ്ങനെയൊരു മനോഭാവം കാത്തുസൂക്ഷിച്ചിരുന്നു.

“എന്നെ ഇവിടെ വിറ്റതോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കുകയോ, വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ്‌ എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ട് അയച്ചത്‌” (ഉല്‍. 45:5).

അനുഗ്രഹങ്ങൾ എണ്ണിയെടുക്കുന്ന കണക്കും കലയും അഭ്യസിക്കുക. കാരണം
അതിരുവിട്ട കണ്ണുനീർ പ്രവാഹങ്ങൾ ജീവിതത്തിന്റെ ഒത്തിരി നേർക്കാഴ്ചകൾ നഷ്ടമാക്കും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.