ഇഞ്ചക്ഷൻ നൽകുമ്പോൾ ഈശോയുടെ തിരുരക്തം അവരിലേയ്ക്ക്‌ ഒഴുക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കും – ഒരു നഴ്‌സിന്റെ അനുഭവം

കൊറോണ കാലത്ത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റുള്ളവർക്കായി ഇറങ്ങിത്തിരിച്ചവരാണ് നേഴ്‌സുമാർ. കോവിഡ് ചികിത്സയിൽ ഒപ്പംനിന്നവർ തന്നെയെങ്കിലും പലതരത്തിലുള്ള സമ്മർദ്ദങ്ങളിലൂടെയാണ് അവരും കടന്നുപോയത്. കൊച്ചുകുട്ടികളെ വീട്ടിലാക്കി ഡ്യൂട്ടിക്ക് ഇറങ്ങിയത് അനേകംപേർ. പ്രതിസന്ധികളിലും സങ്കടങ്ങളിലും ഇവർക്ക് തുണയായത് പ്രാർത്ഥന മാത്രമാണ്. അത്തരത്തിലൊരു അനുഭവമാണ് ഡൽഹി എൽ എൻ ജെ പി ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് റോസമ്മ ഡെന്നിസിനു പറയാനുള്ളത്.

കൊച്ചുകുട്ടികളിൽ നിന്നും മാറിയാണ് പതിനാലു ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക്  റോസമ്മ എത്തുന്നത്. കഴിഞ്ഞ 20 വർഷത്തെ ഐസിയു സേവനപരിചയം കോവിഡ് പേഷ്യൻസിന്റെ ഐസിയു ഡ്യൂട്ടിക്ക് റോസമ്മയെ എത്തിച്ചു. എന്തു പ്രതിസന്ധി വന്നാലും അതൊക്കെ നേരിടുവാനുള്ള മാനസികമായ ഒരുക്കത്തോടെയാണ് കോവിഡ് ഡ്യൂട്ടിക്കു കയറിയത്. പലപ്പോഴും രോഗികൾക്ക് പ്രിയപ്പെട്ടവരെ കാണുവാൻ കഴിയില്ല എന്നതിനാൽ ഡോക്ടറെയോ നേഴ്‌സിനെയോ കാണുമ്പോൾ അവർ കൂടുതൽ സംസാരിക്കാൻ താൽപര്യം പ്രകടിപ്പിക്കും. പക്ഷേ, ഞങ്ങൾക്ക് അവരുടെ റൂമിൽ അധികനേരം നിൽക്കാൻ കഴിയില്ല. പരിശോധനകൾ കഴിഞ്ഞ ഉടനെ റൂമിൽ നിന്നും പുറത്തുകടക്കണം. കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തിയശേഷം ഞങ്ങൾ മടങ്ങും – റോസമ്മ വെളിപ്പെടുത്തുന്നു.

ഐ വി ഇഞ്ചക്ഷൻ നൽകുമ്പോൾ ഒരു പ്രാർത്ഥന മാത്രമേ മനസ്സിൽ വരികയുള്ളൂ, “ഈശോയേ, നിന്റെ തിരുരക്തത്താൽ ഇവരെ കഴുകണമേ, സൗഖ്യപ്പെടുത്തണമേ.” പതിനാലു ദിവസത്തെ കോവിഡ് ഡ്യൂട്ടിക്കുശേഷം മക്കളെ ഒന്ന് കെട്ടിപ്പിടിച്ചില്ല എന്ന പരിഭവം കുഞ്ഞുങ്ങൾക്കുണ്ടായിരുന്നു. അമ്മയ്ക്ക് പഴയപോലെ സ്നേഹമില്ലെന്ന കുഞ്ഞുപരിഭവം പതിനൊന്നു വയസുകാരന്റേതായിരുന്നു. അവനറിയില്ലല്ലോ കാര്യങ്ങൾ… റോസമ്മ കൂട്ടിച്ചേർത്തു.

ഡ്യൂട്ടിക്കുശേഷം 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞപ്പോൾ ആ സമയം പൂർണ്ണമായും പ്രാർത്ഥനയ്ക്കായി റോസമ്മ നീക്കിവച്ചു. ഓൺലൈൻ കുർബാനയിൽ പങ്കെടുത്തു വേദനിക്കുന്നവർക്കായി പ്രാർത്ഥിച്ചു. ജപമാല ചൊല്ലി. പ്രാർത്ഥനയായിരുന്നു ആ ദിവസങ്ങളിലെല്ലാം ശക്തി പകർന്നത് – റോസമ്മ പറഞ്ഞുനിർത്തി.

ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ചികിത്സയ്‌ക്കൊപ്പം പ്രാർത്ഥനയും കൂടെ ചേർത്താണ് പലരും രോഗികളെ ശുശ്രൂഷിക്കുന്നത്. രോഗികൾ പലരും അത് അറിയുന്നില്ല എന്നുമാത്രം.

വിവര്‍ത്തനം: മരിയ ജോസ്   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.