കോവിഡ് കവര്‍ന്നത് മൂന്നര ലക്ഷത്തിലേറെ ജീവനുകള്‍

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്തിൽ മൂന്നര ലക്ഷം കടന്നു. യു.എസ്-ല്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ കോവിഡിനിരയായി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണ വൈറസ് മഹമാരി ബാധിച്ച് മരിച്ചത്.

യു.എസ്-ല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,535 പേര്‍ മരിച്ചതടക്കം 1,02,107 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 ലക്ഷത്തിലധികം പേര്‍ക്കാണ് യു.എസ്-ല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ പുതിയ വ്യാപനകേന്ദ്രമായി ലാറ്റിന്‍ അമേരിക്ക മാറിയെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീല്‍ ഉള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വര്‍ദ്ധിക്കുമെന്നും യു.എസ്-ല്‍ നടത്തിയ പഠനത്തെ ചൂണ്ടിക്കാട്ടി ഡബ്ല്യു.എച്ച്.ഒ. വെളിപ്പെടുത്തുന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ 10-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഒമ്പതാമതുള്ള തുര്‍ക്കിയും ഇന്ത്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.