പ്രളയ ബാധിതർക്ക് കൈത്താങ്ങാകാൻ സി എം സി സന്യാസിനി സമൂഹവും 

പ്രളയാനന്തര ദുരിതം ബാധിച്ചവർക്കായി വിപുലമായ സഹായ പദ്ധതികളുമായി സി എം സി സന്യാസിനി സമൂഹം. 16.56 കോടി രൂപയുടെ സഹായമാണ് കഷ്ടത അനുഭവിക്കുന്നവർക്കായി നൽകുന്നത്.

വിവിധ സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന സേവനം ചെയ്യുന്ന 875 സന്യാസിനിമാർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി കേരളത്തിലും പുറത്തുമായി ഒമ്പതോളം ഏക്കർ ഭൂമി നല്കാൻ പദ്ധതിയിടുന്നുണ്ട്. പൂര്‍ണമായും ഭാഗികമായും വീട് നഷ്ടപ്പെട്ടവര്‍ക്കു വീടു നിര്‍മാണത്തിനു പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സന്യാസിനി സമൂഹം സമൂഹികസേവനത്തിനായി മാറ്റിവച്ചിരിക്കുന്ന തുക മുഴുവനും അഞ്ചു മാസത്തേക്കു കേരളത്തിലെ ദുരിതാശ്വാസ പുനരധിവാസ പ്രക്രിയയ്ക്കായി ഉപയോഗിക്കും. സുപ്പീരിയർ ജനറലിന്റെ നേതൃത്വത്തിൽ ജനറൽ, പ്രൊവിൻഷ്യൽ. റീജണൽ തലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സഭയിലെ എല്ലാ സന്യാസിനികളും പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

നേരത്തെ പ്രളയ സമയത്തു സഭയുടെ കീഴിലുള്ള എഴുപത്തി ആറോളം സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടു നൽകിയിരുന്നു. പ്രളയബാധിതമേഖലകളിലുള്ള 25000 ത്തോളം പേര്‍ക്കാണ് സിഎംസി മഠങ്ങളിലും സ്ഥാപനങ്ങളിലുമായി അഭയ കേന്ദ്രമൊരുക്കിയത്. ഇടവക പള്ളികളിലും സ്ഥാപനങ്ങളിലുമുണ്ടായിരുന്ന ആയിരക്കണക്കിനാളുകളെ സന്യാസിനികള്‍ ശുശ്രൂഷിച്ചു. കേരളത്തിലെ 14 പ്രോവിന്‍സുകളിലെ ഏകദേശം 1200 സന്യാസിനികളും സന്യാസാര്‍ഥിനികളും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി പങ്കുചേര്‍ന്നു. ഭക്ഷണം, വസ്ത്രം മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വിവിധ പ്രളയബാധിത മേഖലകളില്‍ സിഎംസി സമൂഹം എത്തിച്ചിരിന്നു. സി എം സി സിസ്റ്റർമാരുടെ നേതൃത്വത്തിൽ ദുരിതബാധിത സ്ഥലങ്ങളിൽ 29 മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും നടത്തുകയും 20000 വ്യക്തികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.