കടലോളം സഭ ഞങ്ങളെ സ്നേഹിക്കുന്നു, ഞങ്ങളെ വളർത്തിയത് സഭ – മത്സ്യത്തൊഴിലാളിയുടെ മകൻ

‘എന്റെ അപ്പൻ മുക്കുവനാ .. ഞാൻ മത്സ്യത്തൊഴിലാളിയുടെ മകനായാണ് വളർന്നത് ആരെയും വേദനിപ്പിക്കാനല്ല ഉന്നം വയ്ക്കാനുമല്ല എങ്കിലും ചിലതു പറഞ്ഞില്ലെങ്കിൽ നന്ദി കേടാവും…’ എന്ന കുറിപ്പോടെയാണ് ജാക്സൺ ഫെർണാണ്ടസ് തന്റെ പ്രതികരണ വീഡിയോ അവതരിപ്പിക്കുന്നത്.

“ഞാൻ ഒരു മുക്കുവന്റെ മകനാണ്. എന്റെ അപ്പൻ കടലിൽ പോയി മീൻ പിടിച്ചാണ് എന്നെ വളർത്തിയത്. അതുകൊണ്ട് തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മകന്റെ ബുദ്ധിമുട്ടുകളും വേദനകളും എനിക്കറിയാം. ഞാൻ എൽ എൽ ബി ക്ക് പഠിക്കുന്ന കാലത്ത് എന്റെ അപ്പൻ കടലിൽ പോയി കൊണ്ടുവരുന്ന മീനിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് പഠിക്കാൻ കാത്തു നിന്ന ദിവസങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇന്ന് മത്സ്യതൊഴിലാളിക്ക്  ആനുകൂല്യങ്ങൾ ഇത്രക്ക് വേണോ?  ഇത്രക്ക് കൊടുക്കണോ? എന്ന് പറയുന്ന സഹോദരങ്ങളോട് ചെറിയൊരു കാര്യം പറയാനുണ്ട്. എന്റെ അപ്പനും എന്റെ സഹോദരനും കടലിൽ പോയി മീൻ പിടിക്കുന്നത്, കടലില്‍ ഭയം ഇല്ലാതെ പോകുന്നത് ലക്ഷങ്ങൾ സമ്പാദിക്കാനോ കോടികൾ കൂട്ടാനോ അല്ല. അവരുടെ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസവും ബാക്കി സൗകര്യങ്ങളും നൽകാനാണ്. അതു കൊണ്ട് തന്നെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാൾ കടലിൽ പോയി നഷ്ട്ടപെട്ടാൽ അത് ഞങ്ങൾക്ക് വേദന തന്നെയാണ്. ഞങ്ങൾക്ക് നികത്താൻ പറ്റാത്ത നഷ്ടമാണ് അത്. കാരണം ഞങ്ങളുടെ നട്ടെല്ലാണ് കടലിൽ പോയി തിരിച്ചു വരുന്നത്.”

“കഴിഞ്ഞ വർഷം എന്റെ പപ്പയുടെ സഹോദരിയുടെ ഭർത്താവ് കടലിൽ പോയി  മരിച്ചു. അതിനു മുന്‍പുള്ള വർഷം മറ്റൊരു സഹോദരിയുടെ ഭർത്താവ് കടലിൽ പോയി ഇതു വരെ എവിടെ ഉണ്ടെന്നു പോലുമറിയത്തില്ല. ഞങ്ങൾ സമരം ചെയ്യുന്നത് ഞങ്ങളുടെ അവകാശത്തിന് വേണ്ടിയാണ്. ഒരു പാർട്ടിക്കും എതിരായിട്ടല്ല, ഞങ്ങളുടെ കൂടപ്പിറപ്പുകളും സഹോദരങ്ങളും നഷ്ടപെട്ടത് ഓർത്തിട്ടാണ്. ആ വിഷമം നിങ്ങൾ മനസിലാക്കണമെങ്കിൽ ഞങ്ങൾ എത്ര മാത്രം അവരെ ആശ്രയിക്കുന്നു എന്ന് മനസിലാക്കണം.”

“പിന്നെ പറയുകയാണെങ്കിൽ, ഏറെ പേർ വൈദികരെയും വൈദീക സംവിധാനങ്ങളെയും കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. രൂപത എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നണ്ട്. ഭാരതത്തിന്റെ കാലാവസ്ഥയെ കണ്ടെത്തുന്ന ഐ എസ്‌ ആർ ഒ യ്ക്ക് വേണ്ടി ജന്മനാടും പൂർവപിതാക്കൻമാരെയും  മറന്നു  രൂപത വിട്ടുകൊടുത്തതാണ് ഇന്നത്തെ വിക്രം സാരാഭായി സ്പെയ്സ് സെന്‍റെര്‍. അന്ന് തിരുവനന്തപുരം ലത്തിന്‍ അതിരൂപത ഉദാരമായി ആ സ്ഥലം കൊടുത്തില്ലായിരുന്നു എങ്കില്‍  ഇന്ന് തിരുവന്തപുരത്ത്  ഐ എസ്‌ ആർ ഒ എന്ന രാജ്യത്തിന്‍റെ അഭിമാന സ്ഥാപനം ഉണ്ടാവില്ലായിരുന്നു. അതാണ് സഭ. വൈദികനും വൈദീക സംവിധാനവും സഭയും  ഇല്ലാതെ ഒരു ക്രൈസ്തവനും വളർന്നു വലുതായിട്ടില്ല. ഞാൻ ഇന്ന് ഓസ്‌ട്രേലിയൻ ഗവെർന്മെന്റ് ജോലിക്കാരൻ  ആണ്.  ഞാൻ വെല്ലുവിളിച്ചു പറയുകയാണ്; സഭയോ സഭാസംവിധാങ്ങളോ ഇല്ലെങ്കിൽ ഇനി കാണുന്ന നിലയിൽ ഞാന്‍ എത്തില്ലായിരുന്നു. എന്നെ പോലെ നിരവധി ആളുകൾ ലോകത്തിന്റെ പലഭാഗത്തും ജോലി ചെയ്യുന്നുണ്ട്. അത്  സഭയെയും സഭ സംവിധാനത്തെയും ആശ്രയിച്ചു തന്നെയാണ്. വളർന്നു കഴിയുമ്പോൾ സഭ നൽകിയ സഹായങ്ങൾ പലരും  മറക്കാറുണ്ട്. അത് തെറ്റാണ്. എന്നെ വളർത്തിയ, ജീവിതത്തെ എങ്ങനെ നോക്കി കാണണം എന്ന് പഠിപ്പിച്ചു തന്ന ഒരുപാട് വൈദികർ ഉണ്ട്. ദൈവവിളി എന്ന് പറയുന്നത് എല്ലാവർക്കും കിട്ടുന്നതാണ്. ദൈവം കനിഞ്ഞു നല്‍കിയതാണ്. നിങ്ങൾക്ക് തോന്നുമ്പോള്‍ മാർക്കിടാനുള്ളതല്ല വൈദികർ. ഒരാളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന തെറ്റുകൊണ്ട് എല്ലാവരെയും കുറ്റം  പറയരുത്.”

“കടലിന്റെ മക്കൾ നഷ്ടപ്പെട്ടാൽ കടലിന്റെ മക്കളുടെ വൈദികർക്ക് ഉണ്ടാവുന്ന വേദന വേറെ ഒരു മക്കൾക്കും ഉണ്ടാവില്ല. ആൻഡ്രുസ് അച്ചന്റെ സഹോദരനെ കാണാനില്ല എങ്കിലും അച്ചൻ 12 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി തീരദേശ വാസികള്‍ക്ക് നല്‍കിയത്. ശാന്തപ്പൻ അച്ചന്‍റെയും സ്റ്റാൻലി അച്ചന്റേയും സഹോദരങ്ങളെയും ഇപ്പോളും കണ്ടെത്താനായിട്ടില്ല.”

“ഞങ്ങളുടെ വിഷമങ്ങൾ ആർക്കും അറിയണ്ട. ഞങ്ങൾ എഴുതി തല്ലപ്പെട്ടവരാണോ?. ഞങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടണമാണ് ഇത്.  ഞങ്ങൾക്ക് വേണ്ടി സഭ രൂപപ്പെടുത്തിയതാണ് ഞങ്ങളുടെ വൈദികരെ. ഓരോ വൈദീകനും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. കടലിൽ പോയി നഷ്ടപെട്ട ഓരോ ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. അവർ കൊണ്ടുവരുന്ന മീനും കാത്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനവും കാത്ത് ഒരു വലിയ കുടുംബം കാത്തിരുപ്പുണ്ട്. അത് കൊണ്ട്  അത് ഞങ്ങൾക്ക് വിലപ്പെട്ടതാണ്. 25 ലക്ഷം രൂപ തന്നാൽ ഒരു ആയുസ്സിൽ അവർ തരുന്നത് നല്കാൻ നിങ്ങൾക്കാവില്ല”.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.