തിരുനാളുകള്‍ വഴിതെറ്റാതിരിക്കാന്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

[avatar user=”Joseph Elanjimattom” size=”125″ align=”right” /]

തിരുനാളുകള്‍ക്ക് ഒരേ സമയം ആത്മീയമാനവും സാമൂഹികമാനവുമുണ്ട് 

വിശ്വാസത്തിന്‍റെ പ്രഘോഷണമായി ആഘോഷങ്ങള്‍ നടത്തുന്ന പതിവ് എല്ലാ മതപാരമ്പര്യങ്ങളിലുമുണ്ട്. സഭയുടെ ആരാധനാക്രമത്തിലെ പ്രത്യേക ആഘോഷദിവസങ്ങളാണ് തിരുനാളുകള്‍. സാധാരണ ദിവസത്തേക്കാളും ആരാധനാകാര്യങ്ങളില്‍ ആഘോഷത്തിന്‍റെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്താണ് തിരുനാള്‍ ശുശ്രൂഷകള്‍. തിരുനാളുകള്‍ക്ക് ഒരേ സമയം ആത്മീയമാനവും സാമൂഹികമാനവുമുണ്ട്.

തിരുനാളുകളുടെ ആത്മീയമാനം

തങ്ങളുടെ ജീവിതത്തില്‍ ദൈവം പ്രവൃത്തിച്ചിട്ടുള്ള മഹത്തരമായ കാര്യങ്ങള്‍ ഉദ്ഘോഷിക്കുന്ന യഹൂദരുടെ തിരുനാളുകളെപ്പറ്റി ബൈബിള്‍ പ്രതിപാദിക്കുന്നുണ്ട്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും ദൈവം തങ്ങളെ രക്ഷിച്ച സംഭവത്തെ അനുസ്മരിക്കുന്ന ഇസ്രായേല്‍ ജനതയുടെ പെസഹാ തിരുനാള്‍ തന്നെയാണ് മികച്ച ഉദാഹരണം. ജറുസലേമിലെ തിരുനാളുകളില്‍ ചെറുപ്പം മുതല്‍ തന്നേ ഈശോ പോയിരുന്നതായി തിരുവചനം സാക്ഷിക്കുന്നുണ്ടല്ലോ.

ഏതൊരാളിന്‍റെയും ജീവിതത്തില്‍ ദൈവത്തിന്‍റെ കരുതലിന്‍റെയും രക്ഷാകരവുമായ ഇടപെടലിന്‍റെയും നന്ദിപൂര്‍വ്വകമായ അനുസ്മരണാഘോഷമാണ് ഓരോ തിരുനാളും. ബൈബിളിലെ തിരുനാളുകള്‍ പ്രത്യേകിച്ച് പെസഹാതിരുനാളൊക്കെ പാപപരിഹാരബലിയര്‍പ്പിച്ച് ജീവിതനവീകരണത്തിലേക്ക് ഒരുവന്‍ കടക്കുന്ന വേളയാണ്. തിരുനാളുകളോടനുബന്ധിച്ചുള്ള ധ്യാനം, വചനസന്ദേശങ്ങള്‍, കുമ്പസാരസൗകര്യം തുടങ്ങിയവ ഇതിന്‍റെ പ്രകാശനമാണ്. തിരുനാളുകളിലെ മധ്യസ്ഥപ്രാര്‍ഥനകളില്‍ ആദ്യന്തം നിഴലിച്ചു നില്ക്കുന്നത് തങ്ങളുടെ ജീവിതങ്ങളില്‍ പുണ്യാത്മാവില്‍ വിളങ്ങിയിരുന്ന സുകൃതങ്ങള്‍ നിറയാനാണല്ലോ. ഒപ്പം ജീവിതത്തിലെ ദുഃഖദുരിതാവസ്ഥകളില്‍ ദൈവസഹായം ഉണ്ടാകാനുള്ള അപേക്ഷയും.

തിരുനാളുകളുടെ സാമൂഹ്യമാനം

ഏതൊരു തിരുനാളും ഒരു ഇടവകയുടെ മാത്രം ആഘോഷമല്ല; ഒരു നാടിന്‍റെ മുഴുവന്‍ ഉത്സവമാണ്. അതുകൊണ്ടു തന്നെ തിരുനാളുകളെല്ലാം ബഹുജനത്തിന്‍റെ വര്‍ദ്ധിതമായ സഹകരണത്തോടെ നടത്തപ്പെടുന്നവയാണ്. സാധാരണ നടത്തപ്പെടുന്ന ദേവാലയ കേന്ദ്രീകൃതമായ ആരാധനാക്രമത്തെ ജനകീയമായി സമൂഹമധ്യത്തില്‍ പെരുന്നാള്‍ അവതരിപ്പിക്കുന്നു. രൂപങ്ങള്‍ വഹിച്ചുള്ള പെരുന്നാള്‍ പ്രദക്ഷിണങ്ങള്‍ നാടെങ്ങും ദൈവചൈതന്യത്താല്‍ നിറയ്ക്കുന്നതിനും തദ്ദേശവാസികളെ മുഴുവന്‍ കടന്നുചെന്ന് പുണ്യാത്മാവ് അനുഗ്രഹിക്കുന്നതിന്‍റെയും ആഘോഷമാണ്. പെരുന്നാളിലെ കരിമരുന്ന് കലാപ്രകടനങ്ങള്‍ രോഗം, പിശാച്, പാപം എന്നിവയുടെ മേലുള്ള ഒരു സമൂഹത്തിന്‍റെ വിജയാഘോഷമാണ്. ചെണ്ട മേളങ്ങളും ഈ വിജയത്തിന്‍റെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകലാണ്. പെരുന്നാളുകള്‍ വിശുദ്ധാത്മാവിന്‍റെ മരണത്തിരുന്നാള്‍ കൂടിയായതിനാല്‍ നേര്‍ച്ചഭക്ഷണം ശ്രാദ്ധമൂട്ടാണ്. എന്നാല്‍ പാച്ചോര്‍ നേര്‍ച്ചകള്‍ പലയിടത്തും വിളവെടുപ്പ് ആഘോഷമായി തുടങ്ങിയതാണ്. ഭവനങ്ങളിലും ദേവാലയത്തിലുമുള്ള ദീപാലങ്കാരങ്ങള്‍ ഒരു ജനതയുടെ സന്തോഷത്തിന്‍റെ പ്രതിഫലനമാണ്.

പെരുന്നാളുകള്‍ നാടിന്‍റെ വാണിജ്യമേളകള്‍ കൂടിയാണ്. നമ്മുടെ നാട്ടിലെ പല പെരുന്നാളുകളും വിളവെടുപ്പു കഴിഞ്ഞ ഉടനേയുള്ളതായതിനാല്‍ വാണിജ്യപ്രാധാന്യം സ്വാഭാവികമായും പെരുന്നാളുകള്‍ക്കു കൈവന്നു. അതുപോലെ ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും ഒക്കെ സംഗമങ്ങള്‍ നടക്കുന്ന അവസരമാണ് ഇന്നും പെരുന്നാളുകള്‍. പ്രിയപ്പെട്ടവരെ വീട്ടിലേയ്ക്ക് ക്ഷണിച്ച് വിരുന്ന് കൊടുക്കുന്ന പതിവ് കുടുംബ – വ്യക്തിബന്ധങ്ങളെ ആഴപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. പ്രദക്ഷിണങ്ങള്‍ക്ക് മറ്റു മതസ്ഥരും സ്വീകരണം കൊടുക്കുകയും നേര്‍ച്ചയിട്ട് ആദരം പ്രകടമാക്കുകയുമൊക്കെ ചെയ്യുക വഴി പെരുന്നാളുകള്‍ മതമൈത്രിയുടെ കൂടി വിളംബരമാണ്.

മാറ്റമുള്ളവയും മാറ്റമില്ലാത്തവയുമായ തിരുനാളുകള്‍

പഞ്ചാംഗപ്രകാരം തിരുനാളുകളെ രണ്ടു ഗണമായി തിരിക്കാറുണ്ട് – ഓരോ വര്‍ഷവും മാറിവരുന്ന തിരുനാളുകളുകളും തിയതിക്ക് മാറ്റമില്ലാത്ത തിരുനാളുകളും. ഈസ്റ്ററിന്‍റെ ദിവസം നിശ്ചയിക്കുന്നത് മാര്‍ച്ച് 21നു ശേഷമുള്ള പൂര്‍ണ്ണചന്ദ്രനു ശേഷം വരുന്ന ഞായറാഴ്ച്ചയാണ്. അതു വര്‍ഷാവര്‍ഷം മാറി വരുമെന്ന് മാത്രമല്ല, അതനുസരിച്ച് പന്തക്കുസ്താ, സ്വര്‍ഗാരോഹണം തുടങ്ങിയ സഭയിലെ പ്രധാന തിരുനാളുകളും മാറിവരും. എന്നാല്‍ വേറെ ചില തിരുനാളുകള്‍ നിശ്ചിത തിയതികളിലായിരിക്കും. ഉദാഹരണത്തിന് ക്രിസ്മസിന്‍റെ തിയതി എല്ലാ വര്‍ഷവും ഡിസംബര്‍ 25 തന്നെയാണ്.

ആരാധനാക്രമപരമായ തിരുനാളുകള്‍

ലത്തീന്‍ സഭയില്‍ വര്‍ഷത്തിലെ എല്ലാ ദിവസവും ഓരോരോ വിശുദ്ധരെ വീതം തിയതിയനുസരിച്ച് അനുസ്മരിക്കുന്ന രീതായാണുള്ളത് (sanctoral cycle). അതേസമയം പൗരസ്ത്യ സഭകളിലെ തിരുനാളാഘോഷങ്ങള്‍ ആരാധനാക്രമവത്സരത്തിലെ കാലങ്ങളോട് ബന്ധപ്പെട്ടതാണ് (temporal cycle). മറ്റു വാക്കുകളില്‍ ആരാധനാക്രമത്തില്‍ നിന്നും ഉത്ഭൂതമാകുന്ന തിരുനാളുകളാണവ. ഉദാഹരണത്തിന് ലത്തീന്‍ സഭയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ നവംബര്‍ ഒന്നാം തിയതിയാണ്. സീറോ മലബാര്‍ സഭയില്‍ അത് കര്‍ത്താവിന്‍റെ ഉത്ഥാനത്തിന്‍റെ പ്രഥമഫലങ്ങളാണ് വിശുദ്ധാത്മാക്കള്‍ എന്ന കാഴ്ചപ്പാടില്‍ ഉയിര്‍പ്പുകാലത്തെ ആദ്യ വെള്ളിയാഴ്ച്ചയാണ് ആഘോഷിക്കുന്നത്.

തിരുനാളുകളില്‍ ശ്രദ്ധിക്കേണ്ടത്

സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാള്‍ ഉയിര്‍പ്പ് തിരുനാളാണ്. പിന്നീട് സഭയില്‍ പ്രാധാന്യമുള്ള ദിവസങ്ങള്‍ ഞായറാഴ്ച്ചകളാണ്‌. പുണ്യാത്മാക്കളുടെ തിരുനാളുകള്‍ ഞായറാഴ്ച്ച ആചരിച്ചാല്‍ പോലും കര്‍ത്താവിന്‍റെ ഉത്ഥാനം അനുസ്മരണത്തിന്‍റെ പ്രാധാന്യം ചോര്‍ന്നു പോകാനിടയാകരുതെന്ന് സഭ നിഷ്കര്‍ഷിക്കുന്നു. പൗരസ്തസഭകളില്‍ ഏതൊരു പ്രധാന തിരുനാളിനോടനുബന്ധിച്ചും നോമ്പെടുത്ത് പ്രാര്‍ഥിച്ച് തിരുനാളിലേയ്ക്ക് കടക്കുന്ന പാരമ്പര്യമാണുണ്ടായിരുന്നത് എന്നത് മറന്ന് തീറ്റയും കുടിയുമായി പെരുന്നാള്‍ ചുരുങ്ങിപ്പോകരുത് എന്നര്‍ത്ഥം. പെരുന്നാളാഘോഷങ്ങള്‍ ലളിതസുന്ദരമായിരിക്കണം എന്ന സഭാദ്ധ്യക്ഷന്‍മാരുടെ നിര്‍ദേശങ്ങളെ തെല്ലും ഗൗനിക്കാത്ത തിരുനാളാഘോഷങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട് എന്നത് ഖേദകരമാണ്. തിരുനാളിന് അനാവശ്യമായി പണം വാരിയെറിഞ്ഞ് ചിലവാക്കുന്ന ശൈലികള്‍ മാറ്റി തിരുനാളിനോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യപ്രവൃത്തനങ്ങള്‍ ചെയ്യുന്ന ഒരു രീതി കേരളത്തില്‍ വ്യാപിച്ചു വരുന്നു എന്നത് ശുഭോദര്‍ക്കമാണ്.

വഴിതെറ്റുന്ന തിരുനാളാഘോഷങ്ങള്‍

നമ്മുടെ കര്‍ത്താവിന്‍റെയും പരിശുദ്ധ ദൈവമാതാവിന്‍റെയും പുണ്യാത്മാക്കളുടെയും പേരില്‍ നമ്മുടെ ഇടവകകളിലും അതോട് ചേര്‍ന്ന് നമ്മുടെ വീട്ടിലും നാട്ടിലുമുള്ള പെരുന്നാളാഘോഷത്തിലെ നവീനപ്രവണതകളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും നമ്മുടെ പെരുന്നാളാഘോഷങ്ങള്‍ ആത്മീയതയും മൂല്യങ്ങളും ഒന്ന് പരിശോധിച്ചറിയുന്നതും നല്ലതായിരിക്കും. പെരുന്നാള്‍ ദിനങ്ങളുടെ പ്രത്യേകതകള്‍.

  • പെരുന്നാള്‍ ദിവസങ്ങളില്‍ വീടുകളിൽ കുടുംബപ്രാർത്ഥന ഒഴിവാക്കപ്പെടുന്നു.
  • മുടക്കമില്ലാതെ കുര്‍ബാനയില്‍ സംബന്ധിക്കുന്നവർ പോലും ആ ദിവസങ്ങളില്‍ മുഴുവൻ കുർബാനയിൽ പങ്കെടുക്കാറില്ല.
  • സ്ത്രീകളും കുട്ടികളുമടക്കം ശീലമില്ലാത്തവര്‍ പോലും മദ്യപിക്കുന്നത് പെരുന്നാളിന്.
  • ഇടവകയില്‍ എറ്റവുമധികം വഴക്കുണ്ടാകുന്ന വഴക്കുണ്ടാകുന്ന ദിവസം അന്നാണ്.
  • പ്രദക്ഷിണം, വെടിക്കെട്ട്, ലൗഡ്സ്പീക്കര്‍ എന്നിവയാല്‍ അനാവശ്യമായ റോഡ് ബ്ലോക്ക്, അന്തരീക്ഷമലിനീകരണം, ശബ്ദമലിനീകരണം തുടങ്ങിയവയാല്‍ പൊതുജനത്തിന് ക്രൈസ്തവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ദിനങ്ങളും തിരുനാളുകള്‍ തന്നെ.

ഉപസംഹാരം

ആത്മീയവും സാമൂഹികവുമായ മൂല്യങ്ങളെ തകിടം മറിക്കുന്ന തലത്തിലേക്ക് നമ്മുടെ തിരുനാളാഘോഷങ്ങള്‍ ചെന്നെത്തുന്നത് ആപത്കരമാണ്. ഓരോ തിരുനാളിന്‍റെയും അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് ആത്മീയവും സാമൂഹ്യവുമായ മാനങ്ങളെ ശരിയാംവണ്ണം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.

ഫാ. ജോസഫ്‌ ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.