മിഷന്‍ സഭാപ്രബോധനം 2 – Rerum Ecclesiae

Rerum Ecclesiae: On Promoting the Sacred Missions. Pius XI (Feb 28, 1926)

നവ-സഭാ കൂട്ടായ്മകളുടെ സ്ഥാപനം, ദൃഢീകരണം, സ്വയംഭരണനിർവ്വഹണം എന്നിവയെ ലക്ഷ്യം വച്ചതായിരിക്കണം നവീന പ്രേഷിത പ്രവർത്തന ശൈലി എന്നു വ്യക്തമാക്കുന്നതായിരുന്നു, 1926 ഫെബ്രുവരി 28ന്  പതിനൊന്നാം പീയൂസ് പാപ്പ പുറപ്പെടുവിച്ച Rerum Ecclesiae എന്ന ചാക്രിക ലേഖനം. പ്രേഷിത മേഖലകളുടെ ജീവിതരീതികളോട് ഇഴുകിച്ചേർന്ന പ്രവർത്തന രീതി രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ പരിശുദ്ധ പാപ്പാ പലവുരു ഊന്നിപറയുന്നു.

തദ്ദേശീയ സഭാസമൂഹങ്ങൾ ഭരണ നിർവ്വഹണത്തിലും, നേതൃപാടവത്തിലും, വൈദിക-അജപാലന കാര്യങ്ങളിലും സ്വയം പര്യാപ്തമാവുന്ന കാലമാകുമ്പോൾ, വിദേശ മിഷനറിമാർ പ്രസ്തുത പ്രദേശത്തുനിന്നു പിൻവാങ്ങുകയെന്ന മാതൃക ഏവരും സ്വീകരിക്കണമെന്നും ചാക്രിക ലേഖനം അഹ്വാനം ചെയ്യുന്നു. ഇങ്ങനെ ഒരു മാതൃക പിന്തുടരുന്നത്  അതാത് ദേശത്തിന്റെ തനതായ പൈതൃകവും, രീതി-നീതി വ്യവസ്ഥിതികളും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുമെന്നും പാപ്പാ പറഞ്ഞുവെയ് ക്കുന്നു.

കത്തോലിക്ക സഭയുടെ പൊതു നിയമങ്ങൾക്കനുസരിച്ച്‌ തദ്ദേശീയ വൈദിക അജപാലകരുടെ പരിശീലനം, ദേശത്തിന്റെ ആത്മീയ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ സന്യാസ സമൂഹങ്ങളുടെ സ്ഥാപനം, വിശ്വസപരിശീലനത്തിലുള്ള അല്‌മായ പ്രാതിനിധ്യം എന്നിവ തദ്ദേശീയ സഭകളെ ശക്തിപ്പെടുത്തുന്നതിൽ സഹായിക്കുമെന്ന് പാപ്പാ അഭിപ്രായപ്പെടുന്നു.