ക്രിസ്തുമസ് ചിന്തകൾ 07: ഹേറോദേസ് രാജാവ്

ഫാ. സാജന്‍ ജോസഫ്‌

സിംഹാസനത്തിൽ ഉറച്ചുപോയ ഒരു വ്യക്തിത്വത്തിന് ഉടമ. തന്റെ അധികാര കസേരക്ക് ഇളക്കം തട്ടുന്ന എന്തും ഇരു ചെവിയറിയാതെ തീർപ്പാക്കാൻ കെൽപ്പുള്ളവൻ. തനിക്കെതിരായി നിലകൊള്ളുമെന്നുറപ്പുള്ളവരെ നൊടിയിടകൊണ്ട് നിഷ്പ്രഭമാക്കുന്നവൻ.

യഹൂദരുടെ രാജാവാകാൻ സാദ്ധ്യതയുള്ള സകലരെയും കൊന്ന് തള്ളിയതിന്റെ സന്തോഷത്തിൽ മതിമറന്നിരിക്കുമ്പോഴാണ് യഹൂദരുടെ രാജാവായി മനുഷ്യാവതാരം ചെയ്തവനെ തേടി പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ കൊട്ടാരത്തിൽ എത്തുന്നത്. ഹേറോദേസ് അസ്വ്സ്ഥനായി. ജ്ഞാനികളെ വിളിച്ചുവരുത്തി നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായും ആകാംക്ഷയോടെയും ചോദിച്ചറിഞ്ഞു.

ഇന്നത്തെ ലോകത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഹേറോദേസ്. പണവും അധികാരവും സ്വധീനവും ഉണ്ടെങ്കിൽ എന്തും ഏതും തന്റെ ചൊൽപ്പടിയിൽ നിർത്താമെന്ന് അഹങ്കരിക്കുന്നവരുടെ പ്രതിനിധി. എതിരഭിപ്രായം പറയുന്നവനെയും സ്വന്തം താൽപ്പര്യങ്ങൾക്ക് എതിരു നില്ക്കുന്നവരെയും ചതിയിലൂടെ വകവരുത്തുന്ന ഓരോ വ്യക്തിയിലും ഹേറോദേസ് ഉണ്ട്.

ഹേറോദേസ് നമ്മെ ഓർമിപ്പിക്കുന്നു:

1. അധികാരം തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ സ്വസ്ഥത നഷ്ടമാകും.

2. രഹസ്യമായും സൂക്ഷ്മമായും ആകാംക്ഷയോടെയും ചെയ്യുന്ന കാര്യങ്ങൾ കൈവിട്ടുപോകാം.

3. കോപം കൊലപാതകത്തിലേക്ക് നയിക്കാം.

4. ദൈവീക പദ്ധതികളെ കീഴ്മേൽ മറിക്കാമെന്ന മനുഷ്യന്റെ ചിന്ത വൃഥാവിലാണ്.

5. മരണത്തിനുമുൻപിൽ ആർക്കും ഒഴികഴിവില്ല.

6. ശാന്തമായ മനസാണ് ഏറ്റവും വലിയ സമ്പത്ത്.

7. കൊന്നും കൊലവിളിച്ചും ചതിച്ചും സ്വന്തമാക്കുന്നത് മുഴുവൻ ഒരുനാൾ നമ്മെ വിട്ടുപോകും.

സാജനച്ചൻ, തക്കല രൂപത