ക്രിസ്തുമസ് ചിന്തകൾ 06: സ്നാപക യോഹന്നാൻ

ഫാ. സാജന്‍ ജോസഫ്‌

മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം. ഏലിയായുടെ തീക്ഷ്ണതയോടും, ചൈതന്യത്തോടും, ശക്തിയോടും കൂടി വചനം പ്രഘോഷിക്കാനായി ദൈവം തിരഞ്ഞെടുത്തു മാറ്റി നിർത്തിയവൻ. അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ പരിശുദ്ധ റൂഹായാൽ അഭിഷേകം ചെയ്യപ്പെട്ടവൻ. മൂർച്ചയേറിയ വാക്കുകൊണ്ടും, നോട്ടം കൊണ്ടും, പ്രവൃത്തികൊണ്ടും അനേകായിരങ്ങളെ അനുതാപത്തിലേക്ക് നയിച്ചവൻ.

ശിരസ്സ് നഷ്ടമാകും എന്നറിഞ്ഞിട്ടും ഭരണാധികാരിയുടെ മുഖത്തുനോക്കി യാതൊരു ഭയവും കൂടാതെ സത്യം വിളിച്ചു പറഞ്ഞവൻ. തന്റെ പിന്നാലെ വരുന്ന ലോകരക്ഷകനായ ഈശോയ്ക്ക് വഴിയൊരുക്കുവാനായി സ്വർഗം അയച്ച  തീക്ഷ്ണമതിയായ പ്രവാചകൻ. ദൈവ ക്രോധത്തിൽ നിന്നും ഓടിയകലാൻ ഇസ്രായേൽ ജനത്തെ നിരന്തരം ഉദ്ബോധിപ്പിച്ചവൻ. അവൻ വളരുകയും ഞാൻ കുറയുകയും വേണമെന്ന് പറഞ്ഞുകൊണ്ട് ഭൂമിയോളം തന്നെത്തന്നെ താഴ്ത്തിയവൻ.

ലോകത്തെ ഭയപ്പെടാതെ ദൈവ നീതിയെക്കുറിച്ചു മാത്രം പ്രസംഗിച്ചവൻ. വാക്കും പ്രവൃത്തിയും ഒന്നായി കാത്തുപാലിച്ചവൻ. മരണത്തിന്റെ മുൻപിൽ പോലും തെല്ലും ഭയമില്ലാതെ ശിരസ്സ് നിവർത്തി നിന്നുകൊണ്ട് തന്റെ കൊലയാളികളെ അതിശയിപ്പിച്ചവൻ.പരിശുദ്ധത്മാവിനാൽ നിറഞ്ഞുകൊണ്ട് അനേകായിരം ആത്മാക്കളെ പാപചേറ്റിൽ നിന്നും വീണ്ടെടുത്തവൻ.

സ്നാപക യോഹന്നാൻ നമ്മെ ഓർമിപ്പിക്കുന്നു:

1. ആരുടെ മുഖത്തു നോക്കിയും സത്യം വിളിച്ചുപറയുക.

2. ദൈവവചനത്തിനായി വഴിയൊരുക്കുക.

3. അപരനെ വളർത്തുക; സ്വയം താഴ്ത്തുക.

4. ദൈവ വചനം കലർപ്പില്ലാതെ പ്രസംഗിക്കുക.

5. തിന്മയിൽ കഴിയുന്നവരെ അനുതാപത്തിലേക്ക് നയിക്കുക.

6. കൂരിരുട്ട് നിറഞ്ഞ ലോകത്തിൽ ഒരു ചെറു മെഴുകുതിരിയായി പ്രകാശിക്കുക.

7. നമ്മുടെ വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം.

സാജനച്ചൻ, തക്കല രൂപത