പ്രസംഗം: ക്രിസ്ത്മസ് തീര്‍ത്ഥാടനങ്ങള്‍

നിഖ്യാ വിശ്വാസപ്രമാണം ഈശോയുടെ തിരുപ്പിറവിയെ പ്രഘോഷിക്കുന്നത് ഇപ്രകാരമാണ്. ‘മനുഷ്യരായ നമുക്ക് വേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി; പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയത്തില്‍ നിന്ന് ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു’. ബനഡിക്ട് 16-ാമന്‍ പാപ്പ മനുഷ്യാവതാരത്തെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘ദൈവത്തിന്റെ വിജ്ഞാനം മനുഷ്യനായി അവതരിച്ചതാണ് ഈശോ. അനാദികാലം മുതലേയുള്ള ദൈവവചനം മരണമുള്ള മനുഷ്യനായിത്തീര്‍ന്നതാണ് അവിടുന്ന്’. വി. ഇരണേവൂസ് ഈശോയുടെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്. ‘ദൈവവുമായി ഐക്യപ്പെടുന്നതിലൂടെയും അങ്ങനെ ദൈവപുത്രസ്ഥാനം സ്വീകരിക്കുന്നതിലൂടെയും നാം ദൈവമക്കളായി തീരുന്നതിന് വേണ്ടിയാണ് വചനം മാംസമായി ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചത്’. 2000 വര്‍ഷങ്ങള്‍ക്കപ്പുറം ബെത്‌ലഹേമിലെ ഒരു പുല്‍ക്കൂട്ടില്‍, നമ്മുടെ കുര്‍ബാനക്രമത്തിലെ, അദ്ദായി മാറി അനാഫൊറയിലെ 3-ാം ഗ്ഹാന്തയില്‍ പറയുന്നത് പോലെ, ‘ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ അവിടുന്ന് തന്നെത്തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടും കൂടി പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍ നിന്ന് ജാതനായത് നമുക്ക് വേണ്ടിയായിരുന്നു, നമ്മുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു, നമ്മെ ദൈവമക്കളാക്കി തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു’.

ഈശോയുടെ തിരുപ്പിറവിയോടനുബന്ധിച്ചുള്ള ദൈവവചന വായനകളിലൂടെ ഈ മംഗളവാര്‍ത്താക്കാലം നാം ചിലവഴിച്ചപ്പോള്‍ ഈശോയുടെ വരവിനെ പ്രതീക്ഷിച്ച്, അവിടുന്നിലൂടെ കൈവരുന്ന രക്ഷയെ പ്രതീക്ഷിച്ച് കാത്തിരുന്നവരെയും, അവിടുത്തെ മനുഷ്യാവതാരം പ്രത്യക്ഷമായ ദൈവിക വെളിപ്പെടുത്തലുകളിലൂടെ കടന്നുവന്നപ്പോള്‍ അത് തിരിച്ചറിഞ്ഞ് ദൈവദൂതിന് സമ്മതം പറഞ്ഞവരെയും, അതില്‍ ആനന്ദിച്ച് പാട്ട് പാടുന്നവരെയും, അങ്ങനെ ഈശോയുടെ ജനന അറിയിപ്പിനെ ഏറ്റവും വലിയ സന്തോഷ അവസരമാക്കി തീര്‍ത്ത രക്ഷകന്റെ അമ്മയാകുവാന്‍ ഭാഗ്യം ലഭിച്ച മറിയത്തെയും, അവളുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന യൗസേപ്പിനെയും, അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെയും അവളുടെ ഭര്‍ത്താവ് സഖറിയായെയും അവരുടെ മകനായി ഈശോയുടെ മുന്നോടിയായി വന്ന സ്‌നാപകനെയും കണ്ടുമുട്ടി. ഈശോയുടെ ജനനം എപ്രകാരം ആഘോഷിക്കണം എന്നുള്ളതിനുള്ള ഉത്തരമാണ് മംഗളവാര്‍ത്ത ശ്രവിച്ചതിന് ശേഷമുള്ള ഇവരുടെ ജീവിതം. കാരണം, ഇവരെയെല്ലാം സംബന്ധിച്ച് മറിയത്തിന്റെ ഉദരത്തില്‍ ഈശോ ജന്മമെടുത്തതോടെ രക്ഷകന്‍ ഭൂമിയില്‍ അവതരിച്ചു കഴിഞ്ഞു. പിന്നീടുള്ള ഇവരുടെ യാത്രകളെല്ലാം തീര്‍ത്ഥാടനങ്ങളാണ്. ഈശോയെ വഹിച്ചുകൊണ്ട് അല്ലെങ്കില്‍ ഈശോയെ ലക്ഷ്യമാക്കി നടത്തിയ തീര്‍ത്ഥാടനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് നമുക്ക് ഈ ക്രിസ്തുമസ് ആഘോഷിക്കാം.

ഒന്നാം തീര്‍ത്ഥാടനം

ഈശോയുടെ അമ്മയാകുവാനുള്ള ദൈവികദൂത് ലഭിച്ച മറിയം, ഈശോയുടെ മുന്നോടിയായ സ്‌നാപകന്റെ അമ്മയാകുവാന്‍ ഭാഗ്യം ലഭിച്ച എലിസബത്തിന്റെ അടുക്കലേയ്ക്ക് ശുശ്രൂഷാമനോഭാവത്തോടെ നടത്തുന്ന തീര്‍ത്ഥാടനം. ഈ തീര്‍ത്ഥാടനത്തിന് മറിയത്തിന് കൂട്ട് മറ്റാരുമല്ല, തന്റെ ഉദരത്തില്‍ ജന്മമെടുത്ത ലോകരക്ഷകനായ ഈശോ തന്നെ. ഈശോയെ ഉദരത്തില്‍ വഹിച്ചുകൊണ്ടു പോകുന്ന ഈ യാത്രയ്ക്ക് ഒരു ദൈവികമാനം ലഭിക്കുന്നത്, സഹായം ആവശ്യമുള്ള എലിസബത്ത് എന്ന സ്ത്രീയില്‍ എത്തിച്ചേര്‍ന്നു എന്നുള്ളതാണ്. ഈശോ തന്റെ പരസ്യജീവിതകാലത്ത് പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അപരകേന്ദ്രീകൃത ആദ്ധ്യാത്മികതയാണ് ആദ്യതീര്‍ത്ഥാടന ഉദ്ദേശം.

രണ്ടാം തീര്‍ത്ഥാടനം

യൗസേപ്പിതാവും പരിശുദ്ധ മറിയവും ദൈവപുത്രന് പിറക്കാനുള്ള ഇടം തേടി അപ്പത്തിന്റെ ഭവനമായ ബെത്‌ലഹേമിലേക്ക് നടത്തിയ തീര്‍ത്ഥാടനം. ഈ യാത്രയില്‍ അവരുടെ കരുത്തും ബലവും എന്ന് പറയുന്നത് മറ്റാരുമല്ല, മാതാവിന്റെ ഉദരത്തില്‍ ഭൂജാതനായ ഈശോ തന്നെയാണ്. കുടുംബമൊന്നാകെ (അപ്പനും, അമ്മയും, മകനും) ദൈവേഷ്ടപ്രകാരം തങ്ങള്‍ക്കുള്ള സുരക്ഷിതഭവനം ഉപേക്ഷിച്ച് സുരക്ഷിതത്വമില്ലായ്മയിലേക്ക് യാത്ര ചെയ്യുന്നു. അവിടെ മാലാഖമാരുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആകാശനക്ഷത്രങ്ങളുടെയും സാന്നിധ്യത്തില്‍ അവയിലൂടെ പ്രപഞ്ചം ഒന്നിച്ച് നല്‍കുന്ന സുരക്ഷിതത്വത്തില്‍ ദൈവേഷ്ടപ്രകാരം ഈശോയ്ക്ക് ജന്മം കൊടുക്കുമ്പോള്‍ രണ്ടാം തീര്‍ത്ഥാടനവും അതിന്റെ ലക്ഷ്യം കൈവരിക്കുന്നു.

മൂന്നാം തീര്‍ത്ഥാടനം

ആട്ടിടയന്മാര്‍ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോയെ കണ്ട് ആരാധിക്കുവാന്‍ നടത്തുന്ന തീര്‍ത്ഥാടനം. ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി’ എന്ന മാലാഖമാരുടെ മംഗളഗീതത്തിന്റെ അകമ്പടി സേവിച്ചാണ് ആട്ടിടയന്മാര്‍ തങ്ങളുടെ തീര്‍ത്ഥാടനം നടത്തുന്നത്.

നാലാം തീര്‍ത്ഥാടനം

പൗരസ്ത്യദേശത്ത് നിന്നുള്ള മൂന്ന് ജ്ഞാനികള്‍ ഈശോയുടെ ജനന അറിയിപ്പുമായി ഉദിച്ച നക്ഷത്രത്തെ പിന്തുടര്‍ന്ന് ആരാധിക്കുവാനും പൊന്നും മീറയും കുന്തിരിക്കവും കാഴ്ചകളായി ദിവ്യപൈതലിന്റെ സമക്ഷം സമര്‍പ്പിക്കുവാനും നടത്തുന്ന തീര്‍ത്ഥാടനം. ഈ തീര്‍ത്ഥാടന വഴിയില്‍ ഹേറോദോസിന്റെ ഇടപെടല്‍ വഴിയായി തെറ്റിപ്പോകാവുന്ന യാത്ര. എന്നാല്‍ ദൈവികനിര്‍ദ്ദേശം സ്വീകരിക്കുമ്പോള്‍ ശരിയായ വഴിയിലൂടെയുള്ള യാത്ര ഈശോയെ ശത്രുകരങ്ങളില്‍ ഏല്‍പ്പിക്കാതിരിക്കാനുള്ള തീര്‍ത്ഥാടനമായി തീരുന്നു.

അഞ്ചാം തീര്‍ത്ഥാടനം

ഉണ്ണിയായി പിറന്ന ദൈവപൈതലിനെ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കുവാനായി കര്‍ത്താവിന്റെ ദൂതന്റെ നിര്‍ദ്ദേശപ്രകാരം യൗസേപ്പിതാവ്, മാതാവിനെയും ഉണ്ണീശോയെയും കൂട്ടി ഈജിപ്തിലേക്ക് നടത്തുന്ന തീര്‍ത്ഥാടനം.

ഈ അഞ്ച് തീര്‍ത്ഥാടനങ്ങളും മറ്റുള്ളവരെ സഹായിക്കുവാനും ഉണ്ണീശോയെ ആരാധിക്കുവാനും കാഴ്ചകള്‍ സമര്‍പ്പിക്കുവാനും ഉണ്ണീശോയുടെ ജീവന്‍ രക്ഷിക്കുവാനുമുള്ളതായിരുന്നെങ്കില്‍ ഇതിനിടയില്‍ നാം കണ്ടുമുട്ടുന്ന ഒരു അന്വേഷണയാത്ര തീര്‍ത്ഥാടനമല്ലായിരുന്നു. മറിച്ച്, നാശത്തിന്റെ അകമ്പടി സേവിച്ചതായിരുന്നു. അത് മറ്റാരുമല്ല. ഹേറോദോസിന്റെ, ഉണ്ണീശോയെ അന്വേഷിച്ചുള്ള യാത്രയായിരുന്നു. തുടക്കത്തില്‍, ഈശോയുടെ ജനനം തനിക്ക് ഭീഷണിയാകുമെന്ന് കരുതുന്ന ഹേറോദോസ്, ഈശോയെ കാണണം-ആരാധിക്കണം എന്നുള്ള മുഖംമൂടി അണിഞ്ഞ് ഉള്ളിന്റെയുള്ളില്‍ അവനെ കൊല്ലുവാനുള്ള വഴികള്‍ തയ്യാറാക്കിയതിന്റെ ബാക്കിപത്രമാണ് അന്ന് ആ പരിസരങ്ങളില്‍ കൊല്ലപ്പെട്ട അനേകം കുഞ്ഞുങ്ങളുടെ നിലവിളികള്‍.

നമുക്കും ജീവിതത്തില്‍ തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നവരായിത്തീരാം. തീര്‍ത്ഥാടനലക്ഷ്യം ഒന്ന് മാത്രമായിരിക്കണം; ഈശോയെ കാണുക, ആരാധിക്കുക, കാഴ്ചകള്‍ സമര്‍പ്പിക്കുക, അതുവഴിയായി മറ്റുള്ളവരിലേക്ക് ആ സ്‌നേഹത്തെ-കരുതലിനെ പകര്‍ന്നു കൊടുക്കുക. ഇന്ന് ഈശോയെ കണ്ടുമുട്ടുവാനും ആരാധിക്കുവാനും കാഴ്ചകള്‍ സമര്‍പ്പിക്കുവാനും നാം തീര്‍ത്ഥാടനം നടത്തേണ്ടത് നമ്മുടെ ദൈവാലയങ്ങളിലേയ്ക്കാണ്. അവിടെ ബെത്‌ലഹേമില്‍ 2000 വര്‍ഷങ്ങള്‍ക്കപ്പുറം ഈശോ പിറന്നുവീണതു പോലെ ബലിപീഠമാകുന്ന പുല്‍ക്കൂട്ടില്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ കുര്‍ബാനയായി പിറന്നുവീഴുന്ന ഈശോയെ നമുക്ക് കണ്ടുമുട്ടാന്‍ സാധിക്കും. അങ്ങനെ കണ്ടുമുട്ടുന്ന കുര്‍ബാനയായ ഈശോയ്ക്ക് ആരാധനയും സ്തുതികളും കാഴ്ചകളും സമര്‍പ്പിക്കുമ്പോള്‍ അവന്‍ നമുക്ക് നല്‍കുന്ന സ്‌നേഹസമ്മാനമാണ് അപ്പത്തിന്റെ രൂപത്തില്‍ നമ്മുടെ ഉള്ളില്‍ വസിക്കുവാന്‍ തയ്യാറാവുന്നത്. അവനെ ഉള്ളില്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ദൈവാലയപടികള്‍ ചവിട്ടി നാം പുറത്തേയ്ക്കിറങ്ങുന്നത്, മറിയം എലിസബത്തിനെ ശുശ്രൂഷിക്കാന്‍ തീര്‍ത്ഥാടനം നടത്തിയത് പോലെ മറ്റുള്ളവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ സ്‌നേഹമായി, സാന്ത്വനമായി, കരുതലായി തീരുവാന്‍ വേണ്ടിയായിരിക്കും.

അവസാനമായി ഉണ്ണീശോയുടെ ഈ പിറവിത്തിരുന്നാള്‍ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം നടത്തുന്ന സഭയിലെ തീര്‍ത്ഥാടകരായ നമ്മുടെ ജീവിതയാത്രയെ നേര്‍വഴിക്ക് നയിക്കുന്നതായി തീരട്ടെ. എല്ലാവര്‍ക്കും ഉണ്ണീശോയുടെ തിരുപ്പിറവിയുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും…

റവ. ഫാ. തോമസ് കൊട്ടുപ്പള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.