ക്രിസ്തുമസ്‌ ഒരുക്കം: 23. ആനന്ദം

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

കണ്ടുമുട്ടുന്നവർക്കും തേടിവരുന്നവർക്കും തമ്പുരാനെ കൊടുക്കാൻ സാധിക്കുമ്പോളാണ് സന്ദർശനങ്ങൾ ആനന്ദദായകമാകുന്നത്. ശരിയായ ആനന്ദമെന്നു പറയുന്നത് ഈശോയെ തിരിച്ചറിയുന്നിടത്താണ്. പരിശുദ്ധ അമ്മയുടെ ഉദരത്തിലെ ദൈവിക സാന്നിധ്യം തിരിച്ചറിഞ്ഞ എലിസബത്ത്. പരിശുദ്ധാത്മാവിനാൽ നിറയുന്നു എന്ന് വചനം പറയുന്നു (ലുക്കാ 1:41). പിന്നീട് എലിസബത്ത് മറിയത്തെ വിശേഷിപ്പിക്കുന്നത് ഭാഗ്യവതി എന്നാണ്. കാരണം ദൈവം അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് മറിയം വിശ്വസിച്ചു.

കൂടെയുള്ള, ഉള്ളിലുള്ള ദൈവിക സാന്നിധ്യം മനസിലാക്കുക, പരിശുദ്ധാത്മ നിറവിനായി പ്രാർത്ഥിക്കുക. ദൈവിക സാന്നിധ്യം എന്റെയുള്ളിൽ ഉള്ളപ്പോൾ പരിശുദ്ധാത്മാവ് എന്നെ മറ്റ് വ്യക്തികളിലേക്കും സ്ഥലങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും നയിക്കും, ഉള്ളിലുള്ള ദൈവിക സാന്നിധ്യം പങ്കുവെച്ചു കൊടുക്കുവാനും അങ്ങനെ ഭാഗ്യമുള്ളവർ ആകുവാനും. അങ്ങനെ ദൈവം ആഗ്രഹിക്കുന്നവ ചെയ്യുമ്പോൾ നമുക്ക് ആത്‌മാവിൽ ആനന്ദിക്കാൻ സാധിക്കും.

നിയോഗം

അബോർഷൻ എന്ന വലിയ തിന്മയ്ക്ക് ബോധപൂർവം കൂട്ട് നിൽക്കുന്ന എല്ലാവരുടെയും മനസാന്തരത്തിനായി.

പ്രാർത്ഥന

ഉണ്ണീശോയെ, ആനന്ദദായകമായ ജീവിതം നയിക്കുവാൻ എന്നെ സഹായിക്കണമേ. നിന്റെ സാന്നിധ്യം അനേകർക്ക് പകർന്നു കൊടുക്കുവാൻ എനിക്ക് ശക്തി തരണമേ.  സ്വജീവിതത്തിലെ നന്മകൾ,കഴിവുകൾ ഒക്കെ അപരന്റെ നന്മയ്ക്കും വളർച്ചയ്ക്കും ഉപയോഗപ്പെടുത്തുവാൻ എന്നെ അനുഗ്രഹിക്കണമെ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളും സഫലമാക്കണമേ. ആമ്മേൻ.

സുകൃതജപം 

കുളിരാൽ വിറക്കുന്ന കുഞ്ഞുണ്ണീശോയെ, നിന്നെ ഞാൻ സ്നേഹിക്കുന്നു.

വചനം

മറിയം പറഞ്ഞു: എന്‍െറ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍െറ ചിത്തം എന്‍െറ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. (ലൂക്കാ 1: 46-47)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.