ക്രിസ്തുമസ് വിചിന്തനം 12: ഇന്ന്

നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ‘ഇന്ന്’ ജനിച്ചിരിക്കുന്നു എന്നാണ് മാലാഖമാര്‍ പറഞ്ഞത്. ഇന്ന് എന്നപദം വളരെയേറെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. ‘ഇന്ന്’ നിനക്കായി ക്രിസ്തു ജനിച്ചിട്ടുണ്ടോ?  ഇന്നത്തെ എന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഏത് വിധത്തില്‍ ഉള്ളതാണ് എന്നൊക്കെ വിചിന്തനം നടത്തേണ്ട സമയമാണിത്.

ക്രിസ്മസ് എന്നു പറയുന്നത് ദൈവം ഭൂമിയോളം താഴ്ന്നതിന്റെയും മനുഷ്യന്റെ മഹത്വത്തിന്റെയും തിരുനാളാണ്. അത് അന്നും ഇന്നും എന്നും ഒരുപോലെയാണ്. പണ്ടത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആത്മീയ ഭാവങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വീട്ടുകാര്‍ മുഴുവനും ഒന്നിച്ചുകൂടി പുല്‍ക്കൂടും ട്രീയും ഒക്കെ ഉണ്ടാക്കുന്നു. അതിനുശേഷം ഉണ്ണിശോയെ ഹൃദയത്തില്‍ വരവേല്‍ക്കാനായി പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും കൂട്ടിപോകുന്നു. ഇപ്പോഴത്തെ ക്രിസ്മസ് ആകട്ടെ മദ്യത്തിന്റെയും ബഹളത്തിന്റെയും ഇടയില്‍ താണു പോകുന്നു. ഇപ്പോള്‍ കടയില്‍ നിന്ന് മേടിക്കാന്‍ കിട്ടുന്ന പുല്‍ക്കൂട് വീട്ടില്‍ വയ്ക്കുന്നു. പള്ളിയില്‍ പോയാലായി,പോയില്ലെങ്കിലായി. കുട്ടികള്‍ ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും മുമ്പില്‍ ചിലവഴിച്ച്‌കൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നു.

പുറത്തുനിന്നുള്ള ഒരു രക്ഷകനു വേണ്ടി കാത്തിരിക്കുകയല്ല മറിച്ച് ഉള്ളിലെ രക്ഷകനെ തിരിച്ചറിയുന്നതുകൂടിയാണ് യഥാര്‍ത്ഥ ക്രിസ്മസ്. മറ്റുള്ളവരെ സഹായിക്കാനും അവരുടെ കണ്ണുനീരൊപ്പാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്കിടാനും ഉള്ളതാണ് ക്രിസ്മസ്. എന്നാല്‍ ഈ കാലഘട്ടത്തില്‍ അതൊക്കെ മാഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകുന്നു.

മനുഷ്യര്‍ക്കെല്ലാം രക്ഷ നല്‍കാനായി അവിടുന്ന് കാലിത്തൊഴുത്തില്‍ ജന്മമെടുത്തു. രാജാക്കന്മാര്‍ സ്വര്‍ണ്ണവും മീറയും കുന്തുരുക്കവും കാഴ്ചയര്‍പ്പിക്കുന്നു. പണ്ടത്തെ ആള്‍ക്കാര്‍ ക്രിസ്തുവിനെ തേടി പൂല്‍ക്കൂട്ടിലേക്കുള്ള യാത്രയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്ഷകനിലേക്കല്ല ബാറുകളിലേക്കോ സ്വര്‍ണ്ണകടകളിലേക്കോ വസ്ത്രശാലകളിലേക്കോ പോകാനുള്ള തിരക്കിലാണ് എല്ലാവരും.

ഒരു ക്രിസ്മസ് ദിനത്തില്‍ അടുത്തുള്ള വീട്ടില്‍ നിന്ന് ഒരു ബഹളം. ആ ബഹളത്തിന് കാരണം ആ വീട്ടിലെ കുടുംബനാഥനാണ്. അദ്ദേഹം കള്ളുകുടിച്ച് ബഹളമുണ്ടാക്കുന്നതാണ്. ഞങ്ങളുടെ എല്ലാ ആഘോഷങ്ങളും ഇങ്ങനെയാണല്ലോ എന്നു പറഞ്ഞ് കരയുന്ന അമ്മയെയും മക്കളെയും കാണാം. എന്ത് ആഘോഷം വന്നാലും കണ്ണീര് കലര്‍ന്ന ആഘോഷം. അങ്ങനെയുള്ള എത്രയോ കുടുംബങ്ങളെ ഇപ്പോള്‍ കാണാന്‍ സാധിക്കും.

ക്രിസ്മസ് വരുമ്പോള്‍ കുടുംബങ്ങളില്‍ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ചില വീടുകളിലെങ്കിലും ക്രിസ്മസ് ശോകമൂകമായിരിക്കും. മദ്യപാനം മൂലം സമാധാനമില്ലാത്ത അവസ്ഥ എത്രയോ വീടുകളിലാണ് ഉണ്ടാകുന്നത്. ആഘോഷങ്ങളും ആരവങ്ങളും മാത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് രക്ഷകനെ തിരിച്ചറിയാന്‍ പറ്റാതെ അതിന്റെ ബഹളങ്ങളില്‍ മുങ്ങിപ്പോകുന്നു. ആഘോഷങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ പേടിച്ചു വിറയ്ക്കുന്ന കുടുംബങ്ങള്‍. ക്രിസ്മസ് ആഘോഷങ്ങളുടെ നടുവിലും മദ്യം ആണ് മുന്നിട്ട് നില്ക്കുന്നത്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിനൊക്കെ മുന്‍പന്തിയിലാണ്. ഇവിടെ വിഷമിക്കുന്നത് വീട്ടിലെ സ്ത്രീകളാണ്. ക്രിസ്മസ് എന്നു പറയുന്നത് മാനവകുലത്തിന്റെ മുഴുവന്‍ തിരുനാളാണ്. പക്ഷേ നമ്മള്‍ അതിനെ തിരുനാളായി കാണാതെ ആഘോഷവശം മാത്രമാണ് പ്രകടിപ്പിക്കുന്നത്. മാനവകുലത്തിന് മുഴുവന്‍ രക്ഷനല്‍കുന്ന തിരുനാളാണ് ക്രിസ്മസ്. ദൈവത്തിന്റെ സ്വന്തം ജനമായി ഒരുക്കപ്പെടുന്നവര്‍ക്ക് മാത്രമല്ല ആര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു പുല്‍ക്കൂട്ടിലാണ് യേശു പിറന്നത്. ആ പുല്‍ക്കൂടിന് വാതിലുകളില്ല.

പണ്ടൊക്കെ ക്രിസ്മസ് കരോള്‍ എന്നു പറഞ്ഞാല്‍ ഭക്തി നിര്‍ഭരമായിരുന്നു. ഇപ്പോള്‍ ക്രിസ്മസ് കരോള്‍ എന്നു പറഞ്ഞാല്‍ വെറുതെ ബഹളം മാത്രമേയുള്ളൂ. പണം സംഘടിപ്പിക്കാനുള്ള മാര്‍ഗ്ഗമായാണ് പലരും കരോള്‍ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ക്രിസ്തുവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ കരുതിയ പൊന്നും മീറയും കുന്തുരിക്കവും ഹേറോദേസിന്റെ കൊട്ടാരത്തിലും സത്രത്തിലും സൂപ്പര്‍മാര്‍ക്കറ്റിലും ബീവറേജിലും ചോര്‍ന്നുപോയതുകൊണ്ട് പുല്‍ക്കൂട് യാത്രയുടെ ഹരം നഷ്ടപ്പെട്ടവര്‍ ഈ കാലത്ത് ഏറെയുണ്ട്. ഇന്ന് എല്ലാവരുടെയും ഹൃദയത്തില്‍ ഉണ്ണീശോ പിറക്കുന്നതിനു പകരം ഉണ്ണീശോയെ പലരും പലരീതിയില്‍ കൊല്ലുകയാണ് ചെയ്യുന്നത്. എന്ന് പറയേണ്ടിവരും.

ആവശ്യത്തിന് പണമില്ലെങ്കിലും മദ്യം മേടിക്കാനും മറ്റുപല അനാവശ്യ സാധനങ്ങളും മേടിക്കാനും എങ്ങനെയും പണം കണ്ടെത്തുന്ന മനുഷ്യരാണ് ഈ കാലത്തുള്ളത്. ഈ കാലം ആഡംബരങ്ങളുടെ കൊടുമുടിയിലാണ് എല്ലാ ആഘോഷങ്ങളും. ആഡംബരങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. പണം ധൂര്‍ത്തടിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്തവര്‍. യുവതലമുറപോലും ഈ കാര്യത്തിന് മുമ്പന്തിയിലാണ്. ചില അനുഭവം ഉണ്ടായാല്‍ പോലും മാറ്റം വരുത്താത്ത അനേകം പേരെ കാണാന്‍ സാധിക്കും.

ഇന്നലെ നീ ആരായിരുന്നു, എന്തായിരുന്നു എന്നതല്ല പ്രധാനപ്പെട്ട കാര്യം. ഇന്ന് നീ ആരാണ്, എന്താണ് എന്നതാണ്. നിന്റെ ‘ഇന്നി’ല്‍ നീ ക്രിസ്തുവിന് വേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍ ജീവിതം ധന്യമായി. മറിച്ച് ‘ഇന്ന്’ ക്രിസ്തുവിനെ കൂടാതെ ആനന്ദിച്ചേക്കാം എന്ന ചിന്തയിലാണെങ്കില്‍ സുഹൃത്തേ, ജീവിതം പരാജയപ്പെടുകയേ ഉള്ളൂ. ഇന്നിന്റെ ആഘോഷങ്ങള്‍ക്കും ആനന്ദത്തിനും അപ്പുറം ഒരു നിത്യാനന്ദം ഉണ്ടെന്ന് എന്ന ബോധ്യത്തില്‍ ഓരോദിനവും ജീവിക്കാന്‍ ഓരോ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.