നെതര്‍ലാന്റിലെ ക്രിസ്തുമസ് ആഘോഷം

നമ്മുടെ നാട്ടില്‍ ക്രിസ്തുമസ് ഡിസംബര്‍ 25-നാണ് ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഉണ്ണീശോയുടെ ജനനം അനുസ്മരിക്കുന്നു. എന്നാല്‍ നെതര്‍ലാന്റില്‍ ഈ ആഘോഷം തികച്ചും വ്യത്യസ്തമാണ്. ഈ ആഘോഷങ്ങളില്‍ ക്രിസ്തുമസിന്റേതായ എല്ലാവിധ സവിശേഷതകളുണ്ടെങ്കിലും ഇതൊരു ക്രിസ്തുമസ് ആയിട്ടല്ല ആഘോഷിക്കപ്പെടുന്നത്. സാന്താക്ലോസ് ആണ് ഈ രാജ്യത്തിന്റെ ആഘോഷങ്ങളുടെ കേന്ദ്രബിന്ദു. അതുകൊണ്ട് ഒരു സാന്താക്ലോസ് ആഘോഷമായിട്ടാണ് അല്ലെങ്കില്‍ സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ ജന്മദിനത്തിന്റെ ആഘോഷമായിട്ടാണ് ഇതു നടത്തിവരുന്നത്. ഇതിനെ ഡിസംബര്‍ ആഘോഷമെന്നും പറയപ്പെട്ടുവരുന്നു. ഇത് തികച്ചും കുട്ടികള്‍ക്കുള്ള ഒരു ആഘോഷം തന്നെയാണ്, കാരണം ഈ പ്രത്യേക ദിനത്തില്‍ കുട്ടികള്‍ക്ക് കൈനിറയെ സമ്മാനങ്ങളും മറ്റും ലഭിക്കുന്നു.

ഈ ആഘോഷം ആരംഭിക്കുന്നത് നവംബര്‍ മാസത്തിലെ പതിനൊന്നാം തീയതി കഴിഞ്ഞുവരുന്ന ശനിയാഴ്ച മുതലാണ്. ഈ സമയത്താണ് സാന്തായുടെ യാത്ര ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും സാന്താ ഹോളണ്ടിലെ ഓരോ തുറമുഖം തിരഞ്ഞെടുക്കുന്നു. ഈ കാരണം കൊണ്ട് ഈ രാജ്യങ്ങളിലെ എല്ലാ കുട്ടികള്‍ക്കും തന്നെ ഒരു തവണയെങ്കിലും സാന്താക്ലോസിനെ കാണാന്‍ അവസരം കിട്ടും.

സാന്തായുടെ ഈ യാത്രയില്‍ ‘ബ്ലാക്ക് പീറ്റേഴ്‌സ്’ എന്നറിയപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ സഹായത്തിനായി ചേരും. ബ്ലാക്ക് പീറ്റേഴ്‌സ് എന്നറിയപ്പെടുന്നവര്‍ ചിലപ്പോള്‍ സാന്തായുടെ സഹായത്തിനായി ഓരോ പട്ടണങ്ങളിലും കാണും. സമ്മാനങ്ങളും മറ്റും വിതരണം ചെയ്യാന്‍ സാന്തായെ സഹായിക്കുക എന്ന കര്‍ത്തവ്യമാണ് ഇവരുടേത്. അതോടൊപ്പം ഇവര്‍ അന്ന് നടക്കുന്ന കാര്യങ്ങള്‍ അതേപടി ഒരു വലിയ ബുക്കില്‍ കുറിച്ചിടും എന്ന ഒരു വിശ്വാസവും കുട്ടികളുടെ ഇടയില്‍ ഉണ്ട്. ഈ യാത്രയില്‍ നല്ല കുട്ടികള്‍ക്ക് മാത്രമേ സമ്മാനങ്ങള്‍ കിട്ടുകയുള്ളൂവെന്നും അല്ലാത്ത കുട്ടികളെ സാന്തായുടെ സഹായികള്‍ ചാക്കിലാക്കി സാന്തായുടെ രാജ്യമായ സ്‌പെയിനിലേക്കു കൊണ്ടുപോയി അവരെ നല്ല കുട്ടികളാക്കി തിരികെ കൊണ്ടുവരുമെന്നുള്ള വിശ്വാസവും ഇവരുടെ ഇടയിലുണ്ട്. അതുകൊണ്ട് ഈ ആഘോഷത്തിന്റെ ഒരുക്കമായി എല്ലാ കുട്ടികളും നല്ലകുട്ടികളായിരിക്കാന്‍ ശ്രദ്ധിക്കും.

ഈ ആഘോഷത്തിന്റെ ഭാഗമായി കുട്ടികളില്‍ മറ്റുപല ആചാരങ്ങളും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ഉടലെടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ടികള്‍ അവരുടെ വീട്ടിലെ തീ കായാനിരിക്കുന്ന സ്ഥലത്തും അല്ലെങ്കില്‍ ജനാല അരികിലും ഷൂവില്‍ പച്ചക്കറികള്‍ സാന്തായുടെ കുതിരകള്‍ക്കായി വയ്ക്കുന്നത് ഈ പച്ചക്കറികള്‍ക്ക് പകരമായി മധുരപലഹാരങ്ങള്‍ വച്ചിട്ട് സാന്താ പോകുമെന്നും കരുതപ്പെടുന്നു. ഈ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് കിട്ടുന്നത് ഡിസംബര്‍ 5-ാം തീയതി വൈകുന്നേരങ്ങളിലാണ്.

സാന്താക്ലോസിന്റെ വരവ് ഒരു ആഘോഷം തന്നെയാണ്. സാന്താ പട്ടണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ പട്ടണത്തിലെ ദേവാലയങ്ങളില്‍ മണികള്‍ മുഴക്കുകയും അങ്ങനെ സാന്തായുടെ വരവ് എല്ലാവരെയും അറിയിക്കുകയും ചെയ്യുന്നു. ഈ യാത്രയ്ക്കായി സാന്തയ്ക്ക് പ്രത്യേക വേഷവും കുതിരകളും മറ്റും ഉണ്ട്. എല്ലാം കൊണ്ടും സാന്തായുടെ വരവ് എല്ലാവരും പ്രത്യേകിച്ച് കുട്ടികള്‍ ഗംഭീരമാക്കും.

ഈ ഡിസംബര്‍ ആഘോഷത്തെ മറ്റൊരു സവിശേഷ പ്രത്യേകതയാണ് പലതരത്തിലുള്ള കളികളും മറ്റും നടത്തുന്നത്. ഇന്നേ ദിനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദമാണ് നിധി കണ്ടെത്തല്‍. ഈ കളിക്ക് ചില നിയമങ്ങള്‍ ഉണ്ട്. ചില സഹായങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ അവര്‍ നിധി കണ്ടെത്തും. ഈ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ ഒരുപാട് മധുരം കഴിക്കുന്നതും ഇവിടെ കാണാന്‍ സാധിക്കും. അതിനായി പലതരത്തിലുള്ള മധുരപലഹാരങ്ങള്‍ ഒരുക്കിവയ്ക്കും. ഡിസംബര്‍ 5-ന്റെ എല്ലാ ആഘോഷങ്ങള്‍ക്കും ശേഷം വിശുദ്ധ നിക്കോളാസിന്റെ ജന്മദിനത്തിലേക്ക് പ്രവേശിക്കുന്നു. അന്ന് എല്ലാവരും കൈനിറയെ സമ്മാനങ്ങളുമായി വന്ന് നറുക്കിട്ട് തെരഞ്ഞെടുക്കപ്പെടുന്ന സുഹൃത്തുക്കള്‍ക്ക് കൈമാറും. അങ്ങനെ സാന്താക്ലോസ് തന്റെ ജന്മനാടായ സ്‌പെയിനിലേക്ക് പോകുന്നതോടെ എല്ലാ ആഘോഷങ്ങളും അവസാനിക്കും.  അങ്ങനെ ഓരോ കുട്ടിയും അടുത്ത ഡിസംബര്‍ ആഘോഷത്തിനായി ഒരുങ്ങിത്തുടങ്ങും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.