
ഏറെക്കാലം ബ്രസീല്‍ ഭരിച്ച പോര്‍ച്ചുഗലിന്റെ പാരമ്പര്യങ്ങളില്‍ നിന്നാണ് ബ്രസീലില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉടലെടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കാം. അവിടുത്തെ ദേവാലയങ്ങളും ഭവനങ്ങളും ഡിസംബര്‍ മാസം മുഴുവന്‍ പ്രത്യേകമാംവിധം അലങ്കരിക്കും. ക്രിസതുവിന്റെ ജനനദൃശ്യങ്ങള് ആവിഷ്കരിക്കുന്ന ‘പ്രസ്പ്രിയോ’ എന്ന അലങ്കാരമാണ് ഇതില്‍ ഏറെ പ്രചാരമുള്ളത്.
ക്രിസ്തുമസ് നാടകങ്ങള്‍ക്കും ഇവിടെ വലിയ പ്രചാരമുണ്ട്. ‘OS Pastores’ അല്ലെങ്കില്‍ ‘ഇടയന്മാര്’ എന്നറിയപ്പെടുന്ന നാടകം ഇതിനുദാഹരണമാണ്. ഇവയും മെക്സിക്കന്‍ നാടകങ്ങള്‍ പോലെ തന്നെ പ്രസിദ്ധമാണ്. ബ്രസീലിയന്‍ നാടകങ്ങളിലെ വലിയ പ്രത്യേകതയാണ് ഇടയസ്ത്രീകള്. ഉണ്ണീശോയെ മോഷ്ടിക്കുന്ന ഒരു ഇടയസ്ത്രീ ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ്.
കത്തോലിക്കര്‍ മിക്കവാറും പാതിരാ കുര്‍ബാനയ്ക്കാണ് പോകാറുള്ളത്. ഏകദേശം ഒരു മണിയോടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും. ചിലപ്പോള്‍ ക്രിസ്തുമസ് ദിവസം ഉച്ചയ്ക്കും ആളുകള്‍ പള്ളിയില്‍ വരാറുണ്ട്. കുര്‍ബാന കഴിഞ്ഞ് മടങ്ങുമ്പോള്‍ നഗരങ്ങളിലെ മരങ്ങളിലും മറ്റും വിവിധ വര്‍ണ്ണങ്ങളില്‍ കോര്‍ത്തിട്ടിരിക്കുന്ന അലങ്കാര വെളിച്ചങ്ങള്‍ ഒരു വലിയ കാഴ്ചയാണ്. അതുപോലെ പടക്കങ്ങളും പൂത്തിരികളും കരിമരുന്ന് കലാപ്രകടനങ്ങളും ഈ രാത്രിയില്‍ കണ്ണുകളെയും കാതുകളെയും അമ്പരിപ്പിക്കുന്നു.
ബ്രസീലിലെ സാന്താക്ലോസിനെ വൃദ്ധനായ നല്ല മനുഷ്യനെന്നാണ് ആളുകള്‍ വിളിക്കുന്നത്. ഇവിടുത്തെ പല ആചാരങ്ങളും യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളോട് സാമ്യമുള്ളതാണ്. പക്ഷേ, ഏറെ ചൂടുള്ള സമയമാണ്ക്രിസ്തുമസ്. അതുകൊണ്ടു തന്നെ ആളുകള്‍ ക്രിസ്തുമസ് ആഘോഷത്തിന് കടല്‍ത്തീരങ്ങള്‍ തേടിപ്പോകും.
‘സൈലന്‍ഡ് നൈറ്റ്’ ആണ് ഏറ്റവും പ്രസിദ്ധമായ ക്രിസ്തുമസ് ഗാനം.ഡിസംബറിലെ അവസാന ആഴ്ച ഒരു ‘പതിമൂന്നാം ശമ്പള’ ചടങ്ങുണ്ട്. ഇത് ഏറെ പ്രത്യേകത നിറഞ്ഞ കാര്യമാണ്. ക്രിസ്തുമസ് വ്യാപാരങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ഇതിന്റെ ലക്ഷ്യം. ദശാബ്ദങ്ങളായി തുടരുന്ന ഈ ചടങ്ങിനെ ആരും ചോദ്യം ചെയ്യാറില്ല.
പന്നിയിറച്ചിയും ടര്‍ക്കിയിറച്ചിയും സലാഡുകളും ഉണക്കമുന്തിരിയുമെല്ലാം ക്രിസ്തുമസിന്റെ പ്രധാന വിഭവങ്ങളാണ്. അരിഭക്ഷണത്തോടൊപ്പമാണ് ഇതെല്ലാം വിളമ്പുന്നത്. അതിനോടൊപ്പം തന്നെ ഐസ്ക്രീമും ക്രിസ്തുമസിന്റെ മാധുര്യം വര്‍ദ്ധിപ്പിക്കുന്ന ഒരു വിഭവമാണ്.
പല സംസ്കാരങ്ങളുടെ കൂടിച്ചേരലാണ് ബ്രസീലിയന്‍ സംസ്കാരം. ഇവിടുത്തെ ജനങ്ങള്‍ തന്നെ പല രാജ്യക്കാരാണ്. അതുകൊണ്ടു തന്നെ ഓരോ സ്ഥലത്തെയും ജനങ്ങളുടെ ആവശ്യമനുസരിച്ച് വ്യത്യസ്ത വിഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്നു. രാത്രി പത്തു മണിക്കാണ് ആളുകള്‍ ക്രിസ്തുമസ് ഭക്ഷണം ആസ്വദിക്കാനായി വിവിധ സ്ഥലങ്ങളിലെത്തുന്നത്. അര്‍ദ്ധരാത്രിയില്‍ എല്ലാവരും പരസ്പരം ക്രിസ്തുമസ് ആശംസകള്‍ നേരുകയും തുടര്‍ന്ന് ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. ഒരു ഗ്ലാസ് വൈന്‍ ഇതിനിടയിലെ ആഘോഷങ്ങളുടെ ഭാഗമാണ്. ക്രിസ്തുമസിന്റെ ഭാഗമായി ഉച്ചയ്ക്കുള്ള ഭക്ഷണമാണ് ഏറ്റവും വലിയ സ്പെഷ്യല്‍. അതിനുശേഷം എല്ലാവരും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കും.
ദനഹായുടെ ഓര്‍മ്മയില്‍ ഉണ്ണീശോയെ സന്ദര്‍ശിക്കുന്ന ജ്ഞാനികളുടെ സ്മരണയും ബ്രസീലില്‍ ആഘോഷിക്കപ്പെടുന്നു.