ക്രിസ്തുമസിന്റെ ചൈതന്യം നിലനിര്‍ത്താം, പ്രഭാത പ്രാര്‍ത്ഥനകളിലൂടെ 

ഡിസംബര്‍ 25-ാം തീയതി കഴിഞ്ഞാല്‍ എല്ലാവരും ക്രിസ്തുമസ് എന്ന ചിന്തയും അതിന്റെ പുണ്യങ്ങളും നന്മയുമെല്ലാം മറക്കും. എന്നാല്‍ നോമ്പ് നോറ്റും സുകൃതജപം ചൊല്ലിയുമെല്ലാം നാം കാത്തുസൂക്ഷിച്ചിരുന്ന ആ വിശുദ്ധി ക്രിസ്തുമസിന് ശേഷവും പിന്തുടരാന്‍ സഹായിക്കുന്ന ചില പ്രാര്‍ത്ഥനകളുണ്ട്.

ലിറ്റര്‍ജിക്കല്‍ ഇയര്‍ എന്ന തന്റെ പുസ്തകത്തില്‍ ഡോം ഗുറേഞ്ചര്‍ ഇത്തരം പ്രാര്‍ത്ഥനകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പ്രഭാതത്തില്‍ ചൊല്ലേണ്ട ചില പ്രാര്‍ത്ഥനകളാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. സ്വര്‍ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, വിശ്വാസപ്രമാണം എന്നീ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചൊല്ലേണ്ടത് ഇങ്ങനെയാണെന്ന് അദ്ദേഹം പറയുന്നു.

പരിശുദ്ധ ത്രീയേക ദൈവമേ, മനുഷ്യകുലത്തിന്റെ സ്രഷ്ടാവേ, വചനം മാംസമായി, കന്യകയില്‍ നിന്ന് ഭൂജാതനായി അങ്ങ് ഞങ്ങളില്‍ ദൈവികത വര്‍ഷിച്ചു. കന്യകയില്‍ നിന്ന് അങ്ങ് ജനിച്ചപ്പോള്‍ സകല തിരുവെഴുത്തുകളും പൂര്‍ത്തിയായല്ലോ. മനുഷ്യരെ രക്ഷിക്കാനായി അങ്ങ് ഭൂമിയിലെത്തി. ഓ, കര്‍ത്താവേ ഞങ്ങളങ്ങയെ സ്തുതിക്കുന്നു.

പരിശുദ്ധ അമ്മയിലൂടെ ഞങ്ങള്‍ക്ക് രക്ഷകനായി അവതരിച്ച ഈശോയെ, അങ്ങയെ കണ്ടാണല്ലോ, വിശുദ്ധ സ്‌നാപകയോഹന്നാന്‍ ഇങ്ങനെ പറഞ്ഞത്, ‘ഇതാ ലോകത്തിന്റെ പാപം നീക്കാന്‍ വന്ന ലോകത്തിന്റെ കുഞ്ഞാട്’ എന്ന്.

ഓ, ദൈവമേ, വചനം മാംസമായി അവതരിച്ച യേശുവിനെ ഓരോ പ്രവൃത്തിയിലും അനുകരിക്കാനും പിന്തുടരാനും അങ്ങനെ വിശ്വാസത്തിന് സാക്ഷ്യം നല്‍കാനും ഞങ്ങള്‍ക്ക് ശക്തി നല്‍കണമേ. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. ഹല്ലേലൂയാ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.