ബംഗളൂരുവില്‍ ക്രിസ്തു രൂപവും കുരിശുകളും പൊളിച്ചുമാറ്റി: വേദനയോടെ വിശ്വാസികൾ

തീവ്രഹിന്ദുത്വ വാദികളുടെ സമ്മർദ്ദത്തെ തുടർന്ന് ബംഗളൂരുവില്‍ ക്രിസ്തു രൂപവും കുരിശുകളും പൊളിച്ചുമാറ്റി. ബംഗളൂരു നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ദേവനഹള്ളി താലൂക്കില്‍പെട്ട ദൊഡ്ഡസാഗരഹള്ളി വില്ലേജിലെ മഹിമ ബെട്ടയില്‍ ആണ് സംഭവം. 20 വര്‍ഷം പഴക്കമുള്ള 12 അടി ഉയരമുള്ള യേശുവിന്റെ രൂപവും കല്‍ക്കുരിശുകളുമാണ് അധികാരികള്‍ മുന്നറിയിപ്പില്ലാതെ എത്തി തകര്‍ത്തത്.

തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു.

ക്രൈസ്തവവിശ്വാസികള്‍ക്ക് ആരാധനയ്ക്കും സെമിത്തേരിക്കുമായി കര്‍ണാടക സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയ നാലരയേക്കര്‍ സ്ഥലത്താണ് സെന്റ് ജോസഫ് ദേവാലയം നിലകൊള്ളുന്നത്. ബംഗളൂരു അതിരൂപതയിലെ കത്തോലിക്ക വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ നോമ്പുകാലത്ത് കുരിശിന്റെ വഴി തുടങ്ങിയ പ്രാര്‍ത്ഥനകളും ഇവിടെ നടത്തിയിരുന്നു. എന്നാൽ ഇതിൽ ഹിന്ദുത്വ വാദികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രദേശവാസികളെ വൈദികര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഗ്രാമത്തിലെ ക്രൈസ്തവര്‍ക്കെതിരേ തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദളിന്റെയും ഹിന്ദുരക്ഷാ വേദിക്കിന്റെയും പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തു.

നിയമവിരുദ്ധമായാണ് ആരാധനാലയം നിര്‍മ്മിച്ചിരിക്കുന്നതെന്നും യേശുവിന്റെ രൂപം പൊളിച്ചുമാറ്റണമെന്നുമുള്ള ഇവരുടെ ആവശ്യത്തെ തുടർന്നാണ് അധികാരികൾ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നു ക്രിസ്തു രൂപം തകർത്തത്. രൂപവും കുരിശുകളും പൊളിച്ചുമാറ്റുമ്പോള്‍ വിശ്വാസികളെ അവിടേക്ക് പോവാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വർഷങ്ങളായി തങ്ങൾ പടുത്തുയർത്തിയതെല്ലാം നഷ്ടമായിപ്പോയ സങ്കടത്തിലാണ് ഗ്രാമവാസികളായ ക്രൈസ്തവർ.