മരുഭൂമിയിലെ യേശു

ചിത്രകാരന്‍ : ഇവാന്‍ ക്രാമ്‌സ്‌കൊയ് (Ivan Kramskoi)
ചിത്രം          : മരുഭൂമിയിലെ യേശു
കാലം          : 1872
മാധ്യമം       : ഓയില്‍ പെയിന്റ് ക്യാന്‍വാസില്‍
സ്ഥലം          : ത്രെത്തിയാകൊവ് ഗാലറി, മോസ്‌കൊ

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റഷ്യന്‍ ചിത്രകാരന്മാരില്‍ പ്രധാനിയായിരുന്നു ഇവാന്‍ ക്രാമ്‌സ് കൊയ് (1837-1887). അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമാണ് മരുഭൂമിയിലെ യേശു (Christ in the Wildness or Christ in the Desert) യേശു ക്രിസ്തുവിന്റെ മാനുഷികമായ വശത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് വരയ്ക്കപ്പെട്ട ഒരു ചിത്രമാണിത്. ക്രിസ്തു ദൈവപുത്രനാണെന്നതിനപ്പുറം ”ഒരു മനുഷ്യന്‍” ആണെന്ന ചിന്തയാണ് ഈ ചിത്രത്തിനു പിന്നില്‍.

ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന യേശുവിന്റെ പരീക്ഷണ മുഹൂര്‍ത്തങ്ങളെ ശക്തമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു പെയിന്റിംങ് ആണിത്. ചിത്രശാല ഉടമയായ പാവെല്‍ ത്രെത്വാക്കോവിന്റെ ഏറ്റവും പ്രിയപ്പെട്ട പടങ്ങളില്‍ ഒന്നായിരുന്നു ഇവാന്റെ ”മരുഭൂമിയിലെ യേശു”. അത്രയ്ക്ക് പ്രിയമായതിനാല്‍ തന്നെയാണ് അയാൾ ചിത്രം പൂര്‍ത്തിയായ വര്‍ഷം തന്നെ അത് വിലയ്ക്ക് വാങ്ങി സ്വന്തമാക്കിയത്.

ചിത്രം രൂപപ്പെട്ട വഴികൾ

1860-കളുടെ ആരംഭത്തില്‍ തന്നെ ക്രിസ്തുവിന്റെ പ്രലോഭനങ്ങള്‍ എന്ന പ്രമേയം ഇവാനെ ആകര്‍ഷിച്ചിരുന്നു. അതിനുവേണ്ടി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും, ആദ്യ ശ്രമങ്ങളില്‍ ചിലത് പരാജയപ്പെട്ടു.

ആദ്യം ലംബമാനമായ (Vertical) രീതിയില്‍ ഈ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചെങ്കിലും, ഒടുവില്‍ അതുപേക്ഷിച്ച് തരിശ്ചീനമായ (horizontal) രീതി തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. യേശുവിനെ മുഖ്യ കഥാപാത്രമാക്കി മരുഭൂമിക്കു സമാനമായ പശ്ചാത്തലത്തിൽ വിളറിയ കല്ലുകള്‍ നിറഞ്ഞ ഒരു വിജനപ്രദേശം തന്നെ ഈ ചിത്രത്തില്‍ ചേർക്കപ്പെടുകയായിരുന്നു.

യേശുവിനെ പ്രമേയമാക്കിയിട്ടുള്ള ഇവാന്‍ ചിത്രങ്ങളില്‍ ഒന്നുമാത്രമാണ് ”മരുഭൂമിയിലെ യേശു” എന്ന ഈ ചിത്രം. മറ്റു ചിലവ റിജോയ്‌സ്, യൂദന്മാരുടെ രാജാവ് എന്നിവയാണ്. ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളെ പറ്റി പ്രതിപാദിക്കാതിരിക്കുക വയ്യ. പശ്ചാത്തലത്തിലെ പ്രകൃതി ദൃശ്യത്തിന് പ്രാഥമികമായും ‘തണുത്ത നിറങ്ങള്‍’ ആണ് നല്‍കിയിരിക്കുന്നത്. ഒപ്പം ചിന്താധീനനായി ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ വസ്ത്രത്തിന്റെ നിറവും ശ്രദ്ധേയം തന്നെ.

മേലങ്കിക്ക് കടുത്ത ചുവപ്പുനിറവും, പുതപ്പിന് കറുത്ത നിറവും ചിത്രകാരന്‍ നല്‍കിയിരിക്കുന്നതിനാൽ പതിവ്  യേശു ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വേറിട്ടതാക്കുന്നു. കൂടാതെ ആ നിറങ്ങൾ വിഷയത്തിനും സാഹചര്യത്തിനും ചേർന്നതാണെന്ന ചിന്തയുമുണ്ടാക്കുന്നു.

ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി യേശുമാത്രമെ ഉള്ളുവെങ്കിലും ചിത്രത്തിന്റെ മദ്ധ്യഭാഗത്തായല്ല യേശുവിന്റെ സ്ഥാനം എന്നതും അല്‍പം വലതുവശത്തേയ്ക്ക് മാറ്റിയാണ് വരച്ചു ചേര്‍ത്തിരിക്കുന്നത് എന്നതും ഏതൊരു കാഴ്ചക്കാരനും ശ്രദ്ധിക്കുന്ന വേറൊരു ഘടകമാണ്.

‘ഇത് ക്രിസ്തു അല്ല എന്നും, ഇങ്ങനെയായിരുന്നു ക്രിസ്തു എന്ന് എങ്ങനെ പറയാന്‍ പറ്റും?” എന്ന വിമര്‍ശകരുടെ ചോദ്യത്തിന് കലാകാരന്‍ തന്നെ പറയുന്ന മറുപടി ‘യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ക്രിസ്തുവിനെപ്പോലും തിരിച്ചറിഞ്ഞിരുന്നില്ല’ എന്നാണ്. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. കണ്ടു ശീലിച്ചിട്ടുള്ള യേശു ചിത്രങ്ങളില്‍ നിന്നും ഈ ചിത്രം തികച്ചും വേറിട്ടുനില്‍ക്കുന്നുണ്ട്.

ജീവിതവിചിന്തനത്തിനുള്ള ചിത്രം

ലൂക്കാ 4:1-13 ല്‍ വിവരിക്കുന്ന മരുഭൂമിയിലെ പരീക്ഷയാണ് ഈ ചിത്രത്തിന് ആധാരമെങ്കിലും ഇവാന്‍ ക്രാമ്‌സെകൊയ്ക്ക് ജീവിതത്തെപ്പറ്റിയുള്ള ഒരു വിചിന്തനം തന്നെയാണ് ഈ ചിത്രം. യേശുവിനുണ്ടാകുന്ന വിവിധ പരീക്ഷണങ്ങളില്‍ കലാകാരന്‍ കാണുന്നത് ഓരോ മനുഷ്യനിലും സംഭവിക്കുന്ന ഒരു പൊതുസ്വഭാവത്തെ തന്നെയാണ്. അതായത് ഓരോരുത്തരും നേരിടേണ്ടി വരുന്ന ജീവിതത്തിലെ ക്ലേശകരമായ ഒരു തിരഞ്ഞെടുപ്പാണത്. ഈ ചിത്രം ഊന്നല്‍ കൊടുത്തിരിക്കുന്നത് ക്രിസ്തുവിന്റെ മാനുഷിക വശങ്ങള്‍ക്കാണ്. അവന്റെ മനസ്സില്‍ ഉത്ഭവിക്കുന്ന വൈഷമ്യങ്ങള്‍ക്കും, മാനസിക പിരിമുറുക്കങ്ങള്‍ക്കും തന്നെയാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഒരു പ്രവര്‍ത്തിക്കല്ല.

ക്രിസ്തു – കേന്ദ്രകഥാപാത്രം

ക്രിസ്തു എന്ന കഥാപാത്രമാണ് ചിത്രത്തില്‍ മേല്‍ക്കോയ്മ നേടി നില്‍ക്കുന്ന് എന്നതില്‍ സംശയമില്ല. ശേഷിക്കുന്ന ബാക്കി ഭാഗം മരുഭൂമിയുടെ വിജനതയും ആകാശത്തിന്റെ വിശാലതയും കൊണ്ട് നിറച്ചിരിക്കുകയാണ്.

ഇവിടെ ചിത്രീകരിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പിന്നിലായി എടുത്തു പറയത്തക്കവിധം പശ്ചാത്തല ചിത്രങ്ങളൊന്നും തന്നെയില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്.

ചിത്രപൂര്‍ത്തീകരണത്തിന് ചില യാത്രകള്‍

പറയപ്പെടുന്ന രസകരമായ ഒരു കാര്യം, ഇവാന്‍ ഏകദേശം വരച്ചു പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍, പശ്ചാത്തലത്തില്‍ ശൂന്യമായിടം കിടക്കുന്നതിനാല്‍ സംതൃപ്തനാകാതിരുന്ന കലാകാരന്‍ വീണ്ടും പല മാറ്റങ്ങള്‍ വരുത്തി വരച്ചു എന്നാണ്. അതിനായി അയാള്‍ പ്രത്യേകമായ ചില യാത്രകളും നടത്തി. യഥാര്‍ത്ഥമായ ഒരു മരുഭൂമി അനുഭവം ഉണ്ടാകുന്നതിനും, തന്റെ ചിത്രത്തില്‍ അവ ഉള്‍ക്കൊള്ളിരുന്നതിനുമായി (Crimea) ക്രിമേയായിലേക്കും കൂടാതെ, പ്രചോദനം ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ ചിത്രശാലകള്‍ (Gallery) പലതും സന്ദര്‍ശിക്കുകയും ചെയ്തു.

യേശു – ‘പച്ചമനുഷ്യന്‍’

ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും – പതിവു ചിത്രങ്ങളില്‍ നിന്നും കുറച്ചൊക്കെ വേറിട്ടു നില്‍ക്കുന്നതാണ് ഇതിലെ യേശുമുഖം തന്നെ. കണ്ട് ശീലിച്ച യേശു മുഖങ്ങളിലും, ഭാവങ്ങളിലും ദൈവീകതയുടെ എന്തെങ്കിലുമൊക്കെ ഘടകങ്ങള്‍ ചിത്രകാരന്മാര്‍ വരച്ചു ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇവിടെ തികച്ചും മാനുഷികതയുടെ ഭാവങ്ങള്‍ മാത്രമെ കാണാന്‍ കഴിയൂ. തീര്‍ത്തും ഒരു പച്ചമനുഷ്യന്‍. നിസ്സഹായത നിഴലിക്കുന്ന മുഖഭാവം, ശക്തിയെല്ലാം ചോര്‍ന്നുപോയി എന്നു തോന്നുമാറുള്ള ശരീരഭാഷ. ക്രിസ്തു അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളെ അതിന്റെ കാഠിന്യം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ വരച്ചു വെയ്ക്കാന്‍ ചിത്രകാരന് കഴിഞ്ഞു എന്നത് ഒരു വലിയ വിജയമാണ്. ഒരു സാധാരണ മനുഷ്യനില്‍ പ്രകടമാകാന്‍ സാധ്യതയുള്ള എല്ലാ വികാരങ്ങളും ഇവിടെ ക്രിസ്തു മുഖത്തില്‍ പ്രകടമാണ്. ക്ഷീണവും വിശപ്പും, തളര്‍ച്ചയും, സഹനവും, ഒക്കെത്തന്നെ ചുളിവ് വീണ ആ മുഖത്തുനിന്നും ഏതൊരു കാഴ്ചക്കാരനും വായിച്ചെടുക്കാം.

ക്രാമ്‌സ്‌കൊയ്‌യുടെ ക്രിസ്തു, മനുഷ്യ സാധ്യതകളുടെ പരിധിയില്‍ നില്‍ക്കുന്ന വെറും പച്ചമനുഷ്യനാണ്. കാരണം പരീക്ഷണങ്ങളേയും പ്രലോഭനങ്ങളെയും ചെറുത്തു നിന്നതിലൂടെ ശേഷിക്കുന്ന അവസാന തരി ശക്തിപോലും ചോര്‍ന്നുപോയ നിസ്സഹായന്‍. മുറുകെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കരങ്ങള്‍ തന്നെ അവശത കാര്‍ന്ന ദൈന്യത വെളിവാക്കുന്നുമുണ്ട്. ആ നിമിഷത്തെ മാത്രം നിരീക്ഷിച്ചാല്‍ ഏതൊരാള്‍ക്കും തോന്നിപ്പോയേക്കാം യേശു ദൈവമല്ല, മറിച്ച് വെറും ഒരു മനുഷ്യനാണെന്ന്, ബാക്കി എല്ലാവരെയും പോലെ.

ഈ ചിത്രത്തെപ്പറ്റി ലെയോ ടോള്‍സ്റ്റോയി പറയുന്നത്. ‘ഞാന്‍ അറിയുന്ന മികച്ച ക്രിസ്തു ഇതാണ്’ എന്നാണ്.  ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ മറ്റൊരു ഘടകം ചാരനിറത്തിലുള്ള സ്വാഭാവികത തുളുമ്പുന്ന കല്ലുകളും, കല്‍ച്ചീളുകളുമാണ്. അവ ഒരു മനുഷ്യന്റെ ധാര്‍മ്മിക തിരഞ്ഞെടുപ്പുകളുടെ വൈപരീത്യം തന്നെ വെളിവാക്കുന്നുണ്ട്. കാരണം അവിടെ ആരുമില്ല എന്നതും, മറ്റൊന്നുമില്ല എന്നതും ഈ തിരഞ്ഞെടുപ്പിനോട് കൂട്ടി വായിക്കണം നമ്മള്‍. ഇങ്ങനെ പിന്നിടേണ്ടി വന്ന തിരഞ്ഞെടുപ്പിന്റെ നാടകീയത യേശുവിന് മാത്രമുള്ളതല്ലെന്നും ഓരോ മനുഷ്യനേയും ഇങ്ങനെ ഒരനുഭവം തൊടാതെ പോകില്ല എന്നും പറഞ്ഞു വെയ്ക്കുകയാണ് ഈ ചിത്രം.

ഒരേസമയം നിരൂപകന്‍ ഏറെ പുകഴ്ത്തുകയും എന്നാൽ കാഴ്ചക്കാര്‍ അത്രകണ്ട് ആസ്വദിക്കുകയും ചെയ്യാന്‍ ശ്രമിക്കാത്ത ഒരു ചിത്രമാണിത്. ഈ ചിത്രപൂര്‍ത്തീകരണത്തിനു ശേഷം ഇവാന്‍ തന്നെ പറയുന്നത് ഇപ്രകാരമാണ്. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ ശരി തെറ്റുകളുടെ തിരഞ്ഞെടുപ്പിനു മുന്നില്‍ നിസ്സഹായരായിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്.

അത് ദൈവത്തിന്റെ പക്ഷം ചേരണോ? അതോ തിന്മയിലേക്കുള്ള കാല്‍വെയ്‌പ്പ് നടത്തണോ? എന്നതാണ്. ശരിതെറ്റുകളുടെ തിരഞ്ഞെടുപ്പിലെ ധാര്‍മ്മികതയുടെ ഒരു മാനമാണത്.

ഈ ചിത്രത്തിനൊപ്പം ചിത്രകാരന്‍ കുറിച്ചിടുന്നത് ”ഒരു മനുഷ്യനപ്പുറം ഒന്നുമല്ല” എന്നാണ്. മാനുഷികമായ നിസ്സഹായതയിലേക്കുള്ള വിരല്‍ ചൂണ്ടലാണ് ഈ ചിത്രം. ദൈവപുത്രനായ യേശുവിനുപോലും പ്രലോഭനങ്ങളുടെ ഒഴിവാക്കപ്പെടാനാവാത്ത നാഴികകളിലൂടെ കടന്നുപോകേണ്ടി വന്നുവെങ്കില്‍ തീര്‍ച്ചയായും ജീവിതത്തില്‍ അനുദിനം നേരിടേണ്ടി വരുന്ന ശരിതെറ്റുകളുടെ തിരഞ്ഞെടുപ്പുകളില്‍ ഒരു പക്ഷെ നമുക്കും വീഴ്ച വന്നേക്കാം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. ഈ ചിത്രം കാണുന്ന ഏതൊരു മനുഷ്യനെയും ഇത് അല്‍പ്പമൊന്നു ചിന്തിപ്പിക്കും. കൂടാതെ

ചിത്രത്തിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ചു നേക്കാന്‍  പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ ചിത്രത്തിലെവിടെയോ ഒളിഞ്ഞു കിടപ്പുണ്ട് തീർച്ച.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.