മതപീഡനത്തിനായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു: ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് അമേരിക്ക

മതപീഡനത്തിനായിചൈന സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. ‘2020 മിനിസ്റ്റീരിയൽ ടു അഡ്വാൻസ് ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ്’ വിർച്വൽ കോൺഫറൻസുമായി ബന്ധപ്പെട്ട് നവംബർ 17ന് നടത്തിയ പത്രസമ്മേളനത്തിലാണ് യുഎസ് ഇന്റർനാഷ്ണൽ റിലീജിയസ് ഫ്രീഡം അംബാസിഡർ സാം ബ്രൌൺബാക്ക് ചൈനയ്ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്.

മതവിശ്വാസങ്ങളെ അടിച്ചമർത്തുന്നതിനായി ചൈന സാങ്കേതിക വിദ്യയുടെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷിക്കുമെന്നും ബ്രൌൺബാക്ക് പറഞ്ഞു. ന്യൂനപക്ഷങ്ങളായ ഉയിഗുർ മുസ്ലീങ്ങൾ അടക്കമുള്ളവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും മുൻകൂട്ടി അറിയുന്നതിനും ചൈന ഒരു ‘വിർച്വൽ പോലീസ് സ്റ്റേറ്റ്’ തന്നെ നിർമ്മിച്ചിരിക്കുകയാണെന്നു ബ്രൌൺബാക്ക് പറയുന്നു. ഭരണമാറ്റം അമേരിക്കയുടെ മതസ്വാതന്ത്യ നയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം എന്നത് നിഷ്പക്ഷമായ കാര്യമാണെന്നും അതിനാൽ ഇതിൽ മാറ്റം വരില്ലെന്ന ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നായിരുന്നു ബ്രൌൺബാക്കിന്റെ മറുപടി.

ബ്രൌൺബാക്കിനു പുറമേ, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് വത്തിക്കാനിലെ അമേരിക്കൻ അംബാസഡർ കാല്ലിസ്റ്റ ജിൻഗ്രിച്ച് രംഗത്ത് വന്നിരുന്നു. മതസ്വാതന്ത്ര്യം എന്നത് വെറുമൊരു ധാർമ്മിക ആവശ്യം മാത്രമല്ലെന്നും, രാഷ്ട്രത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നുമായിരുന്നു ഇക്കഴിഞ്ഞ നവംബർ 16ന് ജിൻഗ്രിച്ച് പറഞ്ഞത്. ഇന്റർനാഷ്ണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ് അലയൻസിൽ 32 രാഷ്ട്രങ്ങളാണുള്ളത്. നവംബർ 16-17 തീയതികളിലായി പോളണ്ട് സംഘടിപ്പിച്ച വിർച്വൽ കോൺഫറൻസ് അലയൻസിന്റെ മൂന്നാമത്തെ വാർഷിക കോൺഫറൻസായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.