നമ്മെത്തന്നെ ഉറ്റുനോക്കുന്ന സി.സി.ക്യാമറ !

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഞങ്ങളുടെ ആശ്രമ ദൈവാലയത്തിൽ കളളൻ കയറി. മൂന്നു വർഷം മുമ്പ്. സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. അന്വേഷണത്തിനായ് വന്ന പോലീസുകാർ ആദ്യം ചോദിച്ചത് സി.സി.ക്യാമറ ഉണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ എത്രയും പെട്ടന്ന് ക്യാമറ സ്ഥാപിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

അതേ തുടർന്ന് മേലധികാരികളോട് പറഞ്ഞ് ഞങ്ങൾ ക്യാമറകൾ സ്ഥാപിച്ചു. എന്തായാലും അതിനു ശേഷം ഇതുവരെയും കള്ളന്മാരുടെ ശല്യം ഉണ്ടായിട്ടില്ല. ഇന്ന് പൊതുസ്ഥലങ്ങളിലും റോഡുകളിലും ഷോപ്പിങ്ങ് സെൻ്ററുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും എന്നുവേണ്ട സെമിത്തേരികളിൽ വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അടുത്ത നാളിൽ സോഷ്യൽ മീഡിയയിൽ വൈറലായൊരു ചെറിയ വീഡിയോ ഉണ്ട്.

സംഭവം ഇങ്ങനെയാണ്: വഴിവക്കിൽ നിന്ന് ബൈക്ക് നന്നാക്കുകയാണ് ഒരു ചെറുപ്പക്കാരൻ. അയാളുടെ പിന്നിലെത്തിയ മറ്റൊരാൾ തന്ത്രപൂർവ്വം പോക്കറ്റടിച്ച് പേഴ്സ് കരസ്ഥമാക്കുന്നു. അപ്പോഴാണ് മുകളിൽ അയാളെ തന്നെ ഉറ്റുനോക്കുന്ന സി.സി. ക്യാമറ കണ്ണിൽപ്പെടുന്നത്. തത്ക്ഷണം വിയർത്ത് ഉരുകിയൊലിച്ച അയാൾ പേഴ്സ് താഴേക്കിട്ട്, അതിൻ്റെ ഉടമയോട് ‘നിങ്ങളുടെ പേഴ്സ് സൂക്ഷിക്കണം’ എന്നുപദേശിക്കുന്നു. പേഴ്സ് ലഭിച്ച ചെറുപ്പക്കാരൻ നന്ദി പറയാൻ വാക്കുകളില്ലാതെ വിതുമ്പുന്നു. അതേസമയം ക്യാമറയെ നോക്കി കരങ്ങൾകൂപ്പുന്ന കള്ളനെ കാണുമ്പോൾ ആരാണ് ഒന്ന് ചിരിക്കാത്തത്?

ക്യാമറയുള്ള ഇടങ്ങളിൽ കടന്നു ചെല്ലുന്നവർ തങ്ങളുടെ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. അതിനർത്ഥം ആരെങ്കിലുമൊക്കെ നമ്മെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ പ്രവൃത്തികൾ മാന്യമായിരിക്കും എന്നല്ലെ? അങ്ങനെയെങ്കിൽ നാം പല തെറ്റുകളും ചെയ്യാനുള്ള കാരണം ആരും നമ്മെ കാണുന്നില്ല എന്നുറപ്പുള്ളതിനാലല്ലെ? ഉദാഹരണത്തിന് പരിക്ഷയ്ക്ക് കോപ്പിയടിക്കുക, മോഷ്ടിക്കുക, ചീത്ത വീഡിയോകൾ കാണുക എന്നീ പ്രവൃത്തികൾ പലതും രഹസ്യത്തിൽ ചെയ്യുന്നവയാണല്ലോ?

ഒന്നു മനസിലാക്കുക; ഒരു സി.സി.ക്യാമറ പോലെ ദൈവം നമ്മെ സദാ നിരീക്ഷിക്കുന്നുണ്ട്. “കർത്താവിന്റെ കണ്ണുകൾ സൂര്യനെക്കാൾ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന്‌ അവൻ അറിയുന്നില്ല; അവിടുന്ന്‌ മനുഷ്യന്റെ എല്ലാ മാർഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്‌ഥലങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്നു” (പ്രഭാഷകൻ 23 :19). നഥാനിയേൽ ക്രിസ്തുവിനെ സമീപിക്കുമ്പോൾ “…നീ അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെക്കണ്ടു”*(യോഹ 1 :48) എന്നാണ് ക്രിസ്തു പറഞ്ഞത്.

അങ്ങനെയെങ്കിൽക്രിസ്തു നമ്മെയും നിരന്തരം കാണുന്നുണ്ടെന്ന് മറക്കാതിരിക്കാം. അവിടുത്തെ നിരീക്ഷണത്തിലാണ് നമ്മൾ എന്ന് തിരിച്ചറിയുമ്പോൾ പിന്നെ എങ്ങിനെയൊണ് നമുക്ക് പാപം ചെയ്യാൻ കഴിയുക?

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.