തിരുസഭയുടെ സ്വവർഗ്ഗ വിവാഹ നിലപാട്: വിശദീകരണവുമായി സിബിസിഐ

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പ ‘ഫ്രാൻചെസ്‌കോ’ എന്ന ഡോക്യൂമെന്ററിയിൽ സ്വവർഗ്ഗാനുരാഗികളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ വിശദീകരണവുമായി ഭാരതത്തിലെ ദേശീയ മെത്രാൻ സമിതി. സ്വവർഗ്ഗാനുരാഗികളുടെ വിവാഹം കത്തോലിക്ക സഭ അംഗീകരിക്കുന്നില്ലെന്നും അതു സംബന്ധിച്ച വിശ്വാസ പാരമ്പര്യത്തിൽ വെള്ളം ചേർക്കാൻ കഴിയില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.

സ്വവർഗ്ഗാനുരാഗികളെ സംബന്ധിച്ച സഭാ പ്രബോധനങ്ങളോടുള്ള പൂർണ്ണ ഐക്യത്തോടു കൂടിതന്നെയാണ് പാപ്പ ഈ പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്നാണ് സർക്കുലർ പറയുന്നത്.

ദുർബ്ബല വിഭാഗങ്ങളോട് സഹാനുഭൂതി കാണിക്കണമെന്നും, അവരെ സംരക്ഷിക്കണമെന്നും പാപ്പ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. പരിശുദ്ധ പിതാവ് ശരിക്കും എന്താണ് ഉദ്ദേശിച്ചത് ? സ്വവർഗ്ഗാനുരാഗികൾക്ക് തങ്ങൾ ജന്മം കൊണ്ട കുടുംബത്തിൽ ജീവിക്കുവാനുള്ള അവകാശം ഉണ്ടെന്നാണ് പാപ്പ പറഞ്ഞതെന്ന് സ്പാനിഷ് ഭാഷയിൽ നിന്നുള്ള ശരിയായ തർജ്ജമയെ ഉദ്ധരിച്ചുകൊണ്ട് കർദ്ദിനാൾ വിശദീകരിച്ചു. സ്വവർഗ്ഗാനുരാഗികളെ ഒരിക്കലും കുടുംബത്തിൽ പുറംതള്ളരുതെന്നാണ് പാപ്പ ഉദ്ദേശിച്ചതെന്നും പിന്നീട് പാപ്പ നടത്തിയ പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

സ്വവർഗ്ഗാനുരാഗികളുടെ ‘പൊതു കൂട്ടായ്മ’യെ കുറിച്ച് പരാമർശിക്കുക വഴി അവരുടെ വിവാഹത്തിന് അംഗീകാരം നൽകണമെന്നല്ല, മറിച്ച് കൂട്ടായ്മയിൽ ജീവിക്കുന്നവർക്കുള്ള പൊതു സംരക്ഷണം അവർക്കു നൽകണമെന്നാണ് പാപ്പ ഉദ്ദേശിച്ചതെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളിൽ നിന്നും പാരമ്പര്യത്തിൽ നിന്നുമാണ് സഭാ പ്രബോധനം ഉരുത്തിരിഞ്ഞതെന്നും അതിൽ വെള്ളം ചേർക്കാൻ കഴിയില്ലെന്നും സ്വവർഗ്ഗാനുരാഗികൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തന്റെ ആശങ്കയാണ് പാപ്പ പ്രകടിപ്പിച്ചതെന്നും, ഇൻഷൂറൻസ്, സാമൂഹിക സുരക്ഷപോലെയുള്ള പരിരക്ഷകൾ അവർക്ക് നൽകണമെന്നുമാണ് പരിശുദ്ധ പിതാവ് ഉദ്ദേശിച്ചതെന്നും സർക്കുലറിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.