
മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നിക്കരാഗ്വയുടെ നടപടികളിൽ പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. സ്ഥിതിഗതികൾ വത്തിക്കാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മതസ്വാതന്ത്ര്യത്തെ നേരിട്ടുബാധിക്കുന്ന തരത്തിൽ സഭാ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരായ നടപടികളിൽ ആശങ്കയുണ്ടെന്നും കർദിനാൾ ഊന്നിപ്പറഞ്ഞു.
മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും വേണ്ടത്ര സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ ക്രൈസ്തവസഭകളെ പുറത്താക്കുക, കത്തോലിക്കാസ്ഥാപനങ്ങൾ അടച്ചുപൂട്ടുക, നിരവധി വൈദികരെ അറസ്റ്റ് ചെയ്യുക തുടങ്ങി, നിക്കരാഗ്വൻ ഗവൺമെന്റിന്റെ 2018 മുതലുള്ള നടപടികളിലാണ് വത്തിക്കാൻ ആശങ്കകൾ അറിയിച്ചിരിക്കുന്നത്. 2024 ജൂലൈ വരെ നിക്കരാഗ്വൻ വൈദികരിൽ ഏതാണ്ട് നാലിലൊന്ന് അതായത് 143 വൈദികരെ പുറത്താക്കിയതായി നിക്കരാഗ്വയിലെ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മോളിനയുടെ ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പല ബിഷപ്പുമാരും രാജ്യം വിടുന്നതിനോ, നാടുകടത്തിലിനോ നിർബന്ധിതരായിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ 26 വർഷം തടവിനു ശിക്ഷിക്കപ്പെടുകയും നിക്കരാഗ്വൻ പൗരത്വം നീക്കംചെയ്യുകയും ചെയ്ത ബിഷപ്പ് റൊളാൻഡോ അൽവാരെസിന്റേതാണ് ശ്രദ്ധേയമായ ഒരു കേസ്. 2024 ജനുവരിയിൽ ബിഷപ്പ് അൽവാരസിനെ 15 വൈദികർ, 2 സെമിനാരിക്കാർ, ബിഷപ്പ് ഇസിഡോറോ മോറ എന്നിവരോടൊപ്പം വത്തിക്കാനിലേക്കു നാടുകടത്തി. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനും നിക്കരാഗ്വൻ അധികാരികളുമായി മാന്യമായ സംഭാഷണത്തിന് പരിശുദ്ധ സിംഹാസനം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.