മറിയത്തിന്റെ വിമലഹൃദയം: ഈശോ രാജാവായി വസിച്ച ഹൃദയം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിയിരുപത്തിയൊൻപതാം ദിനം, സെപ്റ്റംബർ 12, 2022 

ദൈവരാജ്യം ഭൂമിയിൽ പരിപൂർണ്ണമായി സ്ഥാപിക്കപ്പെടുക എന്നതായിരുന്നു പിതാവായ ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്ക് അയച്ചതിന്റെ ഉദ്ദേശ്യം. സ്നേഹരാജനായ ഈശോയുടെ ഏറ്റവും വലിയ ആഗ്രഹവും ഇതു തന്നെയായിരുന്നു.

ദൈവരാജ്യം ഈ ഭൂമിയിൽ പ്രഥമവും പ്രധാനവുമായും സ്ഥാപിക്കപ്പെടേണ്ടത് ഓരോ മനുഷ്യന്റെയും ഹൃദയത്തിലാകുന്നു. നമ്മുടെ ഹൃദയങ്ങൾ ദൈവകൽപനകളെയും ആഗ്രഹങ്ങളെയും മുഴുവനായി സ്നേഹിക്കുകയും അവയെ പ്രവർത്തിരൂപത്തിൽ വരുത്തുകയും ചെയ്യുമ്പോഴേ ദൈവരാജ്യം ഭൂമിയിൽ സംജാതമാകുകയുള്ളൂ.

പരിശുദ്ധ കന്യകാമറിയം ദൈവകൽപനകളെ ഹൃദയത്തോടു കൂടി സ്നേഹിക്കുകയും ദൈവഹിതം സർവ്വശക്തിയോടും കൂടി പ്രാവർത്തികമാക്കുകയും ചെയ്തു. സുന്ദരസ്നേഹത്തിന്റെ മാതാവായ അവളുടെ വിമലഹൃദയം ലൗകീകവും പ്രാപഞ്ചികവുമായ യാതൊന്നിനോടും ഒട്ടിച്ചേരാതെ ജലത്തിലെ താമരപ്പൂ പോലെ സർവ്വസ്വതന്ത്രയായി അവയുടെ ഉപരിതലത്തിൽ വികസിച്ചിരുന്നു.

മറിയത്തിന്റെ നിർമ്മലഹൃദയം എളിമ, അടക്കം മുതലായ സന്മാർഗ്ഗീക പുണ്യങ്ങളുടെ വിളനിലമായി വിശ്വാസം, ശരണം എന്നീ ദൈവീകപുണ്യങ്ങളാൽ സമാലംകൃതയായി ദൈവസ്നേഹജ്വാലയാൽ പ്രശോഭിതമായി മാലാഖമാർക്ക് അതിശയവും പുണ്യവാന്മാർക്ക് കണ്ണാടിയുമായി സുന്ദരമനോഹരിയായി പ്രകാശിച്ചിരുന്നു. അതിനാൽ മറിയത്തിന്റെ വിമലഹൃദയം ഈശോയ്ക്ക് ഏറ്റവും അനുയോജ്യവും പ്രസാദകരവുമായ ഒരു സിംഹാസനമായിത്തീർന്നിരുന്നു.

പരിശുദ്ധ അമ്മയെപ്പോലെ നമ്മളെയും നമ്മുടെ ഹൃദയങ്ങളെയും ഈശോയ്ക്ക് പ്രിയങ്കരങ്ങളായ ആലയങ്ങളും രാജ്യങ്ങളുമാക്കിത്തീർക്കാനാണ് സദാ ശ്രമിക്കേണ്ടത്. ഈശോ നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യവും ഇതുതന്നെ. “മകനേ, നിന്റെ ഹൃദയം എനിക്ക് തരിക.” മറിയത്തിന്റെ ഏറ്റവും വലിയ ഉത്കണ്ഠയും, തിരക്കുമാരൻ സകലഹൃദയങ്ങളിലും നാഥനും രാജാവുമായി ആരാധിക്കപ്പെടണമെന്നല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ ഹൃദയങ്ങളെ, സൃഷ്ടിച്ച വസ്തുക്കൾക്ക് നാം പങ്കുവയ്ക്കുകയും അവയെ ഏറെക്കുറെ സ്നേഹിച്ചുകൊണ്ട് നമ്മുടെ ഹൃദയസിംഹാസനങ്ങളിൽ അവയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിനേക്കാൾ ഈശോയ്ക്കും തന്റെ പ്രിയമാതാവിനും അപമാനകരമായും അസഹനീയമായും വേറൊന്നുമില്ല.

ഈശോയുടെ പരിശുദ്ധ ഹൃദയമേ, ഞങ്ങടെ ഹൃദയങ്ങളിൽ നീ രാജാവായി വാഴണമേ എന്ന് നമുക്ക് ഈ ദിവസം പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.