ഞായർ പ്രസംഗം: കൈത്താക്കാലം ആറാം ഞായർ ആഗസ്റ്റ് 11, യോഹ. 6: 16-24 കൂടെനടക്കുന്ന ദൈവം

ബ്രദര്‍ ഡിയോണ്‍ പുളിക്കക്കുന്നേല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ ഒരു വള്ളത്തില്‍ക്കയറി ഗലീലിക്കടലിനക്കരെയുള്ള കഫര്‍ണാ മിലേക്കു പോവുകയാണ്. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടല്‍ ക്ഷോഭിച്ചു. ഇരുപത്തിയഞ്ചോ, മുപ്പതോ സ്താദിയോണ്‍ അതായത് ഏകദേശം അഞ്ച് കിലേമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ യേശു കടലിനു മീതെ നടന്നുവരുന്നതുകണ്ട് അവര്‍ ഭയപ്പെട്ടു. ‘ഞാനാണ്, ഭയപ്പെടേണ്ട’ എന്ന ഗുരുമൊഴിയാല്‍ യേശുവിനെ തിരിച്ചറിഞ്ഞ ശിഷ്യന്മാര്‍ ഉടനെതന്നെ അവര്‍ ലക്ഷ്യംവച്ചിരുന്ന കരയ്ക്കടുത്തു.

കൈത്താക്കാലത്തിന്റെ ആറാമത്തെ ഞായറാഴ്ചയിലേക്കു നാം പ്രവേശിക്കുമ്പോള്‍ കാവലും കരുതലുമായി എന്നും തന്റെ ജനത്തിന്റെകൂടെ, സഭയുടെ കൂടെനടക്കുന്ന ദൈവത്തെയാണ് വചനഭാഗങ്ങളില്‍ നാം ദര്‍ശിക്കുന്നത്. ഇന്നത്തെ ഒന്നാം വായനയില്‍ സഭയുടെ പ്രതീകമായ നോഹയുടെ പെട്ടകത്തെ ദൈവം സംരക്ഷിക്കുന്നതും രണ്ടാം വായനയില്‍ ദൈവവും തന്റെ മണവാട്ടിയായ ഇസ്രായേലും തമ്മിലുള്ള ബന്ധവും മൂന്നം വായനയില്‍ സ്വര്‍ഗത്തിലേക്കു നടന്നടുക്കുന്ന സഭയുടെ മഹിമയും നാം ധ്യാനിക്കുമ്പോള്‍ ആടിയുലയുന്ന നൗകയില്‍ ഭയപ്പെട്ടിരിക്കുന്ന ശിഷ്യര്‍ക്കരികെ ആശ്വാസമായി കടന്നുവരുന്ന മിശിഹായിലേയ്ക്കാണ് യോഹന്നാന്‍ സുവിശേഷം ആറാം അധ്യായം 16 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

വിശുദ്ധഗ്രന്ഥം ആദ്യന്തം പരിശോധിക്കുമ്പോള്‍ എന്നും മനുഷ്യന്റെ കൂടെനടക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവത്തെയാണ് നാം കണ്ടുമുട്ടുന്നത്. ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും കൂടെ ഏദന്‍തോട്ടത്തില്‍ നടക്കുന്ന, പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിത്തൂണായും ഇസ്രായേലിനെ പരിപാലിക്കുന്ന ദൈവത്തെ പഴയനിയമത്തില്‍ നാം കാണുന്നു.

പുതിയനിയമത്തില്‍ തന്റെ ജനത്തിന്റെകൂടെ അവരിലൊരുവനായി ജീവിച്ച് അവരോടൊത്തായിരുന്ന ദൈവത്തെയും നാം കണ്ടുമുട്ടുന്നു. യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്നുപറഞ്ഞ് പരിശുദ്ധ കുര്‍ബാനയായി നിരന്തരസാന്നിധ്യമായി ഇന്നും സഭയാകുന്ന നൗകയെ അവിടുന്ന് നയിക്കുന്നു.
ഇന്നത്തെ വചനഭാഗം നമ്മെ രണ്ടു കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒന്നാമതായി, സഭയെ നയിക്കുന്നത് ദൈവമാണ്. പിതാവിന്റെ ഹിതത്തിനായുള്ള മലമുകളിലെ നീണ്ട പ്രാര്‍ഥനയ്ക്കുശേഷമാണ് ഈശോ കടലിനുമീതെ നടന്ന് ശിഷ്യരെ സമീപിക്കുന്നത്. ഇവിടെ നമുക്കു മനസിലാക്കാന്‍ സാധിക്കുന്നത്, കാറ്റും കോളുമാകുന്ന പ്രതിസന്ധികള്‍ സഭയാകുന്ന നൗകയുടെ നേര്‍ക്കായാലും ദൈവമായ കര്‍ത്താവ് അതിനെ സംരക്ഷിക്കുമെന്നുള്ളതാണ്.

ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഇപ്പോള്‍ ലോകത്തിലുള്ള മൗതികസാന്നിധ്യമാണ് സഭയെന്നും ദൈവികശക്തികൊണ്ടാണ് അത് പ്രകടമായി വളരുന്നത്എന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. ക്രിസ്തുവാണ് സഭയുടെ ശിരസ്. അവിടുത്തെ സാന്നിധ്യമാണ് സഭയെ നിലനിര്‍ത്തുന്നത്. അവിടുന്ന് നമ്മുടെകൂടെയുണ്ട് എന്നതാണ് നമ്മുടെ ധൈര്യവും ശക്തിയും.

ലേകചരിത്രത്തിലെതന്നെ ഏറ്റവും വലിയ യോദ്ധാക്കളിലൊരുവനായ, ഫ്രഞ്ച് വിപ്ലവത്തിന്റെ അന്തകനായ നെപ്പോളിയന്‍ ക്രിസ്തുവിന്റെ സഭയെ ചിതറിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമാണ്: ഒരിക്കല്‍ വീഞ്ഞുസല്‍ക്കാരത്തിനിടയില്‍ കൈയിലിരുന്ന വീഞ്ഞുചഷകം താഴേക്കു വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: ”കത്തോലിക്കാ സഭയെയും ഞാന്‍ ഇതുപോലെ തച്ചുടയ്ക്കും.” താഴെ വീണുകിടക്കുന്ന ഗ്ലാസ് എടുത്തുകാട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ ഭൃത്യന്‍ പറഞ്ഞു: ”പ്രഭോ, ഇത് പൊട്ടിയിട്ടില്ല.” അസാധ്യം എന്നൊരു വാക്ക് എന്റെ നിഘണ്ടുവിലില്ല എന്നുപറഞ്ഞ നെപ്പോളിയന്‍ പിന്നീട് വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെട്ട് സെന്റ് ഹെലേന ദ്വീപിലേക്കു നാടുകടത്തപ്പെട്ടപ്പോള്‍ ഒടുവില്‍ അയാള്‍ വിളിച്ചുപറഞ്ഞു: ”ഒരു രാജ്യവും നിലനില്‍ക്കുന്നില്ല; നസ്രായന്റേതല്ലാതെ.”

അതെ, സഭയാകുന്ന നൗകയെ എല്ലാക്കാലത്തും ദൈവം സംരക്ഷിക്കും. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞുവയ്ക്കുന്നു: ”സഭയാകുന്ന നൗക കൊടുംങ്കാറ്റിലും വലിയ തിരമാലകളിലുംപെട്ട് ആടിയുലഞ്ഞേക്കാം. പക്ഷേ, ഒരിക്കലും മുങ്ങിപ്പോകില്ല. കാരണം, വഞ്ചിയുടെ അമരത്ത് ക്രിസ്തു മയങ്ങുന്നുണ്ട്.” ഇന്നും സഭ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്; അകത്തുനിന്നും പുറത്തുനിന്നും. സഭയുടെ ആരംഭംമുതല്‍ സഭ അനവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്; എന്നാല്‍ ഒരിക്കലും തകര്‍ന്നുപോയിട്ടില്ല.കാരണം, യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്നുപറഞ്ഞ് ദൈവം എല്ലാക്കാലത്തും സഭയെ സംരക്ഷിക്കുന്നു.

രണ്ടാമതായി, തങ്ങളുടെ പക്കലേക്ക് ജലത്തിനു മീതെ നടന്നുവരുന്ന ഈശോയെക്കണ്ട ശിഷ്യര്‍ ആദ്യം ഒന്നു ഭയന്നെങ്കിലും അത് യേശുവാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു. ഈ വചനഭാഗം നമ്മുടെ വ്യക്തി ജീവിതത്തിലേക്ക് ഒന്ന് ചേര്‍ത്തുവയ്ക്കാം. എന്റെ കൂടെ നടക്കാന്‍ ആഗ്രഹിക്കുന്ന ദൈവത്തെ ഞാന്‍ എത്രമാത്രം ചേര്‍ത്തുപിടിക്കുന്നുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍, സഹനങ്ങളും നൊമ്പരങ്ങളുമുണ്ടാകുമ്പോള്‍, ദുരിതങ്ങളുണ്ടാകുമ്പോള്‍ നമ്മുടെ മനോഭാവം എന്താണെന്ന് ഒന്ന് ചിന്തിച്ചുനോക്കാം. കൂടെയുള്ള ദൈവത്തെ മറന്നുപോകുന്നു എന്നതാണ് നമ്മുടെ പരാജയം. ജീവിതമാകുന്ന കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ കൂടെയുള്ള ദൈവത്തെ മറന്ന് കാറ്റും കോളുമാകുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലേ നമ്മുടെ ഭയപ്പാടിനു കാരണം. ഓരോ ദിനവും ദിവ്യകാരുണ്യമായി നമ്മുടെ ഉള്ളിലേക്ക് എഴുന്നള്ളിവരുന്ന ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ”നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട, ഞാന്‍ നിന്നെ സഹായിക്കും.”

അനേകം വര്‍ഷങ്ങള്‍ വിയറ്റ്‌നാം തടവറയില്‍ക്കഴിഞ്ഞിരുന്ന ആര്‍ച്ചുബിഷപ്പ് വാന്‍ത്വാന്‍ എല്ലാ ദിവസവും ഉള്ളംകൈയില്‍ മൂന്നുതുള്ളി വീഞ്ഞും ഒരുതുള്ളി ജലവുമെടുത്ത് ബലിയര്‍പ്പിച്ചിരുന്നു. രാത്രി 9.30-ന് വിളക്കണച്ചുകഴിയുമ്പോള്‍ കുനിഞ്ഞിരുന്ന് കുര്‍ബാനചൊല്ലി കത്തോലിക്കരായ സഹതടവുകാര്‍ക്ക് വിശുദ്ധ കുര്‍ബാന നീട്ടിക്കൊടുത്തിരുന്നു. വാഴ്ത്തപ്പെട്ട ഒരു കൊച്ചു തിരുവോസ്തിക്കഷണം ആരുംകാണാതെ സൂക്ഷിച്ച് ആരാധന നടത്തിയിരുന്നു. തടവറയിലെ ദുരിതങ്ങള്‍ക്കിടയില്‍ ഈശോ കൂടെയുണ്ടെന്ന ബോധ്യം സകലതും അതിജീവിക്കാന്‍ അവര്‍ക്ക് ശക്തി നല്‍കി.

‘Something beautiful for God’ എന്ന പുസ്തകം രചിച്ച മാല്‍ക്കം മഗറിഡ്ജ് ഒരിക്കല്‍ മദര്‍ തെരേസയോടു ചോദിച്ചു: ”ഇപ്രകാരമുള്ള പ്രവൃത്തികള്‍ചെയ്യാന്‍ എവിടെനിന്നാണ് ശക്തിയും ഉത്തേജനവും ലഭിക്കുന്നത്?” മദറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”സ്വര്‍ഗത്തില്‍നിന്ന്. അനുദിനം ഞങ്ങള്‍ സ്വീകരിക്കുന്ന തിരുവോസ്തിയില്‍നിന്ന്, ജീവനുള്ള ക്രിസ്തുവില്‍ നിന്ന്.”

മദര്‍ തെരേസയുടെ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളും അവര്‍ നേരിട്ടത് ദിവ്യകാരുണ്യത്തില്‍ നിന്നു സ്വീകരിച്ച ശക്തിയോടെയാണ്. ദിവ്യകാരുണ്യമാണ് നമ്മുടെ ശക്തികേന്ദ്രം. ദിവ്യകാരുണ്യമാണ് സഭയെ നിലനിര്‍ത്തുന്നത്. കൂടെ ആയിരിക്കാന്‍ കുര്‍ബാന ആയവന്‍ ഓരോ ദിനവും നമ്മുടെ ഉള്ളിലേക്ക് എഴുന്നള്ളിവരുമ്പോള്‍ അവിടുത്തെക്കാളും അമൂല്യമായി മറ്റൊന്നുമില്ല എന്ന ബോധ്യം എപ്പോഴും നമുക്കുണ്ടാകട്ടെ.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ദിവ്യകാരുണ്യനാഥന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ബ്രദര്‍ ഡിയോണ്‍ പുളിക്കക്കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.