വിശുദ്ധഗ്രന്ഥം ഭക്തിപൂർവം വായിക്കാൻ വിശുദ്ധ ജോൺ ക്രിസോസ്‌തോം പഠിപ്പിക്കുന്ന പ്രാർഥന

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭക്തിപൂർവവും ആദരവോടെയും സമീപിക്കേണ്ട ഒന്നാണ് വിശുദ്ധ ഗ്രന്ഥം. കാരണം, അത് ദൈവത്തിന്റെ വചനമാണ്. അനുദിന ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും താങ്ങാകാൻ സ്നേഹംതന്നെയായ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനു നൽകുന്ന നിർദേശങ്ങളും ഉപദേശങ്ങളുമാണ് വിശുദ്ധ ഗ്രന്ഥം. അത് ദൈവനിവേശിതമാണ്.

എന്നാൽ, പലപ്പോഴും നാം വിശുദ്ധ ഗ്രന്ഥത്തെ വെറുമൊരു പുസ്തകം എന്ന ലാഘവത്തോടെ സമീപിക്കാറുണ്ട്. ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ ഫലപ്രദമായി വളരാൻതക്കവിധം നാം നമ്മുടെ ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്. അതിനായി വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനുമുൻപ് പ്രാർഥിച്ചൊരുങ്ങേണ്ടതുണ്ട്. ഇതിനായി വി. ജോൺ ക്രിസോസ്‌തോം പഠിപ്പിക്കുന്ന വളരെ ചെറുതും, എന്നാല്‍ മനോഹരവുമായ ഒരു പ്രാർഥനയുണ്ട്. നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും ഒരുക്കുന്ന ആ പ്രാർഥന ഇതാ…

“കർത്താവായ ഈശോയേ, അവിടുത്തെ തിരുവചനം ശ്രവിക്കാൻ എന്റെ ഹൃദയത്തിന്റെ ഉൾക്കണ്ണുകളെ തുറക്കണമേ. ഈ ഭൂമിയിൽ ഞാൻ പരദേശിയാണെന്ന് അങ്ങ് അറിയുന്നുവല്ലോ. ആയതിനാൽ അങ്ങയുടെ ഹിതം മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പ്രമാണങ്ങൾ എന്റെ മുന്നിൽനിന്നു മറയ്ക്കരുതേ. അവയെ എപ്പോഴും തുറവിയുള്ള കണ്ണുകളോടെ കാണാനും അവയെക്കുറിച്ചുള്ള അത്ഭുതം എപ്പോഴും മനസ്സിൽ സൂക്ഷിക്കാനും എന്നെ സഹായിക്കണമേ.

അങ്ങയുടെ ജ്ഞാനം എന്നിലേക്കു പകരണമേ. എന്റെ ദൈവമേ, നിന്റെ അറിവിന്റെ വെളിച്ചത്താൽ എന്റെ മനസ്സിനെയും വിവേകത്തെയും പ്രബുദ്ധമാക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അങ്ങ് വചനത്തിലൂടെ എഴുതിവച്ച കാര്യങ്ങൾ എന്നിലേക്ക് ചൊരിയണമേ. അവയെ പാലിക്കാനും അനുസരിക്കാനുമുള്ള കൃപാവരത്തൽ എന്നെ നിറയ്ക്കുകയും ചെയ്യേണമേ. അന്ധകാരത്തെ ഇല്ലായ്മ ചെയ്യുന്ന സർവപ്രകാശത്തിന്റെയും ഉറവിടമായ ദൈവമേ, ഞങ്ങൾക്കൊപ്പം ആയിരിക്കണമേ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.