നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഇരകൾ: മൂന്ന് വൈദികർ ഉൾപ്പെടെ ഏഴു പേർക്കെതിരെ വ്യാജ ഗൂഢാലോചനാക്കുറ്റം ചുമത്തി

നിക്കരാഗ്വയിൽ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണത്തെ തുടർന്ന് കത്തോലിക്കാ സഭയിലെ മൂന്ന് വൈദികർക്കും ഒരു ഡീക്കനും രണ്ട് വൈദികാർത്ഥികൾക്കും ഒരു അത്മായനും ഉൾപ്പെടെ ഏഴു പേർക്കെതിരെ വ്യാജ ഗൂഢാലോചനാക്കുറ്റം ചുമത്തി. ഗൂഢാലോചന, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവരുടെമേൽ ചുമത്തിയിരിക്കുന്നത്. മതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസിനൊപ്പമാണ് ഇവരെയും അറസ്റ്റ് ചെയ്തിരുന്നത്.

പ്രാദേശിക മാധ്യമമായ മൊസൈക്കോ പറയുന്നതനുസരിച്ച്, ഇവർക്കെതിരെയുള്ള വിചാരണ നാലു ദിവസം നീണ്ടുനിന്നു. വിചാരണയുടെ അവസാനത്തിൽ, അസിസ്റ്റന്റ് പ്രോസിക്യൂട്ടർ മാനുവൽ ഡി ജെസസ് റുഗാമ പെന ഏഴു പ്രതികൾക്കും പത്തു ദിവസത്തെ തടവും 800 ദിവസം പിഴയും ചുമത്തി. അടുത്ത വാദം കേൾക്കുന്നത് ഫെബ്രുവരി മൂന്നിനാണ്.

കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത് ഇവരെയാണ്: ജോൺ പോൾ II യൂണിവേഴ്‌സിറ്റിയുടെ റെക്ടർ ഫാ. റാമിറോ റെയ്‌നാൽഡോ ടിജെറിനോ ഷാവേസ് (50), ഫാ. സാഡിയൽ അന്റോണിയോ യൂഗാരിയോസ് കാനോ (35), ഫാ. ജോസ് ലൂയിസ് ഡയസ് ക്രൂസ് (33), ഡീക്കൻ റൗൾ അന്റോണിയോ വേഗ ഗോൺസാലസ് (27), സെമിനാരിക്കാരായ ഡാർവിൻ സ്റ്റെയ്‌ലിൻ ലെയ്‌വ മെൻഡോസ (19), മെൽകിൻ അന്റോണിയോ സെന്റിനോ സെക്വീറ (23), ഫോട്ടോഗ്രാഫറായ സെർജിയോ ജോസ് കർദനാസ് ഫ്ലോറസ് (32).

ഈ ഏഴു പേരും ബിഷപ്പ് റൊളാൻഡോ അൽവാരസുമായി അടുപ്പമുള്ളവരാണ്. ബിഷപ്പിന്റെ വിചാരണ നടത്തുന്നതും നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തോട് അടുപ്പമുള്ള ജഡ്ജി ടാർഡെൻസില്ല തന്നെയാണ്. ഈ ഏഴു പേരും കോടതിയിൽ തങ്ങളുടെ നിരപരാധിത്വം ആവർത്തിച്ചുവെന്ന് ‘മൊസൈക്കോ’ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.