സിറിയയിലെ സമീപകാല അക്രമങ്ങളിൽ നിരവധി കുടുംബങ്ങൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

സിറിയയുടെ തീരദേശ മേഖലയിൽ അടുത്തിടെ ഉണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുഴുവൻ കുടുംബാം​ഗങ്ങളും കൊല്ലപ്പെട്ടതായി യു എൻ മനുഷ്യാവകാശ ഓഫീസ്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ 111 പേർ കൊല്ലപ്പെട്ടതായി യു എൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണത്തിന്റെ യഥാർഥ നിരക്ക് അതിലും കൂടുതലാണെന്നാണ് പറയുന്നത്. പല കൊലകളും വധശിക്ഷകളായിരുന്നു. മാത്രമല്ല അലവൈറ്റ് പ്രദേശങ്ങളെ ലക്ഷ്യം വച്ചായിരുന്നു കൊലപാതകങ്ങളെന്നും പറയുന്നു.

അലവൈറ്റ് വംശജനായ പ്രസിഡന്റ് ബഷർ അൽ -അസദിന്റെ വിശ്വസ്തർ സുരക്ഷാ പട്രോളിംഗിന് നേരെ ആക്രമണം നടത്തിയിരുന്നു. തുടർന്ന് സുന്നി ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നവർ പ്രതികാര കൊലപാതങ്ങൾ നടത്തുകയായിരുന്നു. ലതാകിയ, ടാറ്റൂസ്, ഹമാ, ഹോംസ് പ്രവശ്യകളിൽ ആണ് അക്രമികൾ കൊലപാതകങ്ങൾ നടത്തിയത്. ഈ ഇടങ്ങളിൽ 1,200ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് ചില നിരീക്ഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ പ്രദേശം എല്ലാം അലവൈറ്റുകൾ കൂടുതലായുള്ള പ്രദേശം ആയിരുന്നു. അതിനാൽ തന്നെ അലവൈറ്റുകളെ തിരഞ്ഞ് പിടിച്ച് കൊലനടത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. അലവൈറ്റ് വിഭാഗത്തിൽ പെടാത്തവരെ അക്രമികൾ ഒഴിവാക്കിവിട്ടതായും ചില അനുഭവസ്ഥർ പറയുന്നുണ്ട്. അക്രമത്തിൽ നിന്നും രക്ഷപ്പെട്ടവർ തങ്ങളുടെ അയൽക്കാർ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾ കണ്ട ഞെട്ടലിൽ ആണ്.

ഈ സംഭവത്തിൽ സ്വതന്ത്ര അന്വേഷണസമിതി രൂപീകരിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും ഇടക്കാല പ്രസിഡ‍ന്റ് അഹമ്മദ് അൽ-ഷറ വാഗ്ദാനം ചെയ്തു. ഷറയുടെ ഈ വാക്കുകളെ ഐക്യരാഷ്ട്രസഭ സ്വാ​ഗതം ചെയ്തിട്ടുണ്ട്. സിറിയയുടെ വടക്കു പടിഞ്ഞാറൻ തീരം അലവൈറ്റ് വിഭാ​ഗത്തിന്റെ ഹൃദയഭൂമിയാണ്. മുൻ ഭരണാധികാരി അസദിന്റെ ഭരണകൂടത്തിലെ പല സൈനിക ഉന്നതരും രാഷ്ട്രീയപ്രമുഖരും എല്ലാം അലവൈറ്റ് വിഭാ​ഗത്തിൽ പെടുന്നവരാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.