
ജൂൺ മൂന്നിന് രാവിലെ, ഉഗാണ്ടയിലെ മുൻയോണിയോയിലെ രക്തസാക്ഷികളുടെ ബസിലിക്കയ്ക്ക് സമീപം ആസൂത്രണം ചെയ്ത ആക്രമണം തടഞ്ഞു. ആക്രമണം തടയാനുള്ള ഓപ്പറേഷനിടയിൽ രണ്ട് ചാവേറുകൾ കൊല്ലപ്പെട്ടു. ജൂൺ മൂന്നിന് ഉഗാണ്ടയിലെ വിശുദ്ധ രക്തസാക്ഷികളുടെ തിരുനാളാണ്. ബസലിക്കയിൽ നിരവധി തീർഥാടകർ എത്തുന്ന ദിവസമാണ് ആക്രമണം നടത്താൻ ഉദ്ദേശിച്ചത്.
“മുൻയോണിയോയിൽ ഒരു യു പി ഡി എഫ് തീവ്രവാദ വിരുദ്ധ യൂണിറ്റ് രണ്ട് സായുധ തീവ്രവാദികളെ നിർവീര്യമാക്കി. ഇന്റലിജൻസ് നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനായിരുന്നു ഇത്, രക്തസാക്ഷി ദിനാഘോഷങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ സേവനങ്ങൾ ജാഗ്രത പാലിച്ചിട്ടുണ്ട്” – സൈനിക വക്താവ് പറഞ്ഞു.
ജൂൺ മൂന്നിന് ഉഗാണ്ടയിലെ വിശുദ്ധ രക്തസാക്ഷികളുടെ തിരുനാളാണ്: ഇപ്പോൾ ഉഗാണ്ടയുടെ ഭാഗമായ ബുഗാണ്ട രാജ്യത്തിലെ 22 കത്തോലിക്കരും 23 ആംഗ്ലിക്കൻ വിശ്വാസികളും ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. 1885 ജനുവരി 31 നും 1887 ജനുവരി 27 നും ഇടയിൽ ഇവരെ വധിച്ചു.
ഈ ദിവസങ്ങളിൽ, 2019 ൽ ഒരു മൈനർ ബസിലിക്കയായി സ്ഥാപിക്കപ്പെട്ട മുൻയോന്യോ ദൈവാലയം – ഉഗാണ്ടയിൽ നിന്ന് മാത്രമല്ല, അയൽ രാജ്യങ്ങളിൽ നിന്നും ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള ഏകദേശം രണ്ടര ദശലക്ഷം തീർഥാടകരെ സ്വാഗതം ചെയ്യുന്നു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, സ്ഫോടകവസ്തുക്കൾ ധരിച്ച് ബസിലിക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് അക്രമികളെ ഒരു ആന്റി-ടെററിസ്റ്റ് യൂണിറ്റ് തടഞ്ഞു. സ്ഫോടനത്തിൽ തകർന്ന ഒരു മോട്ടോർ സൈക്കിളിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഭീകരരുടെ ഛിന്നഭിന്നമായ മൃതദേഹങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. മറ്റ് സ്ഫോടകവസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും ഫോറൻസിക് അന്വേഷണ സംഘങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനുമായി സൈനിക ബോംബ് നിർമാർജന യൂണിറ്റുകൾ പ്രദേശം വളഞ്ഞിട്ടുണ്ട്.