
ഫെബ്രുവരി ആറിന്, പരന്ദിലെ നാസർ നവാർഡ് ഗോൾ-ടാപെ, ടെഹ്‌റാനിലെ ജോസഫ് ഷഹബാസിയാൻ എന്നീ രണ്ട് ക്രൈസ്തവരെ ഇറാനിയൻ അധികൃതർ അവരുടെ വീടുകളിൽനിന്ന് വീണ്ടും അറസ്റ്റ് ചെയ്ത് എവിൻ ജയിലിലേക്കു മാറ്റി. അറസ്റ്റിനുള്ള കാരണം അജ്ഞാതമായി തുടരുന്നതിനൊപ്പം കുറ്റപത്രവും ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 60 വയസ്സുള്ള രണ്ടുപേരും മുമ്പ് വീടുകളിലെ ക്രിസ്ത്യൻ ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുത്തതിന് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.
നിയമവിരുദ്ധ ഹൗസ് ചർച്ചുകൾ രൂപീകരിച്ചതിലൂടെ ദേശീയസുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചു എന്ന് ആരോപിച്ച് 2017 ൽ ഗോൾ-ടാപെയ്ക്ക് പത്തുവർഷത്തെ തടവുശിക്ഷ ലഭിക്കുകയും 2022 ൽ മാപ്പ് ലഭിക്കുകയും ചെയ്തു. അതേ വർഷം തന്നെ, ഒരു ക്രിസ്ത്യൻ ഹൗസ് ചർച്ചിൽ ഉൾപ്പെട്ടതിന് ഷഹബാസിയാന് രണ്ടുവർഷത്തെ തടവുക്ഷ ലഭിച്ചു. എന്നാൽ ഒരു വർഷത്തിലധികം ജയിൽവാസം അനുഭവിച്ചതിനുശേഷം 2023 ൽ മാപ്പ് ലഭിച്ചു .
ഇറാനിലെ മനുഷ്യാവകാശ കേന്ദ്രത്തിന്റെ (ICHRI) അഭിപ്രായത്തിൽ, രാജ്യത്തെ ക്രിസ്ത്യാനികൾ വീടുകൾക്കുള്ളിൽപോലും പീഡനത്തിൽ നിന്ന് സുരക്ഷിതരല്ല. “ഇറാനിലെ ക്രൈസ്തവർക്ക് പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് വിലക്കുണ്ട്. കൂടാതെ ‘ഹൗസ് ചർച്ചുകൾ’ എന്നറിയപ്പെടുന്ന അവരുടെ വീടുകളിൽ ഒത്തുകൂടാൻ അവർ പലപ്പോഴും നിർബന്ധിതരാകുന്നു. എന്നിരുന്നാലും, അവരുടെ വസതികളുടെ സ്വകാര്യതയിൽ പോലും അവർ അധികാരികളുടെ നോട്ടപ്പുള്ളികളായി തുടരുന്നു” – ICHRI പറഞ്ഞു.
ഇറാനിൽ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെ പേരിൽ തുടർച്ചയായി ക്രൂരമായ പീഡനങ്ങളും ലക്ഷ്യമിടലും തുടരുകയാണ്. 2023 മുതൽ, കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾക്കായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക ആശങ്കാകുല രാജ്യങ്ങളുടെ പട്ടികയിൽ ഈ രാജ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.