മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം: മലയാളി ഉൾപ്പെടെ മൂന്ന് സന്യാസിനിമാർക്ക് അവാർഡ്

മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾക്ക് മൂന്ന് സന്യാസിനിമാർക്ക് അവാർഡ് ലഭിച്ചു. സി. സെലി തോമസ് എന്ന മലയാളി സന്യാസിനിയും അതിൽ ഉൾപ്പെടുന്നു. തായ്‌ലൻഡിൽ നിന്നുള്ള സി. ഫ്രാങ്കോയിസ് ജിറനോണ്ട, നൈജീരിയയിൽ നിന്നുള്ള സി. പട്രീഷ്യ എബെഗ്ബുലെം എന്നിവരാണ് അവാർഡ് ലഭിച്ച മറ്റുള്ളവർ. ഒക്ടോബർ അവസാനം ലണ്ടനിൽ നടന്ന ചടങ്ങിൽ സിസ്റ്റേഴ്‌സ് ആന്റി ട്രാഫിക്കിംഗ് അവാർഡ് സന്യാസിനിമാർക്കു കൈമാറി. മനുഷ്യക്കടത്ത് വിരുദ്ധ പ്രസ്ഥാനത്തിന് കത്തോലിക്കാ സന്യാസിനിമാരുടെ സംഭാവനകളെ പ്രകീർത്തിച്ചാണ് അവാർഡ് ദാനച്ചടങ്ങ് നടന്നത്.

“മനുഷ്യക്കടത്തിന് ഇരയാകുന്ന, എല്ലാ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതൊരു പ്രതീക്ഷയുടെ പ്രതീകമാണ്” – കോമൺ ഗുഡ് അവാർഡിനെക്കുറിച്ചു സംസാരിച്ച സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ സന്യാസിനി സി. സെലി തോമസ് പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ, കത്തോലിക്കാ സന്യാസിനിമാർ നൽകിയ സംഭാവനകളെ ഉയർത്തിക്കാട്ടുന്ന ഒരു പുരസ്കാരമാണിത്.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലാണ് സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹം പ്രവർത്തിക്കുന്നത്. യുവതികളെ ചൂഷണംചെയ്യുന്ന വ്യക്തികളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും സംരക്ഷിക്കാൻ ഇവർ ശ്രമിക്കുന്നു.

സുരക്ഷിതമായ കുടിയേറ്റത്തെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും സ്ത്രീകളെയും സമൂഹത്തെയും അറിയിക്കുന്നതിനായി സൗജന്യ നിയമസഹായം നൽകുകയും ബോധവൽക്കരണ ശിൽപശാലകൾ നടത്തുകയും ചെയ്യുന്നത് ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. കൃഷ്‌ണനഗറിലെ വേശ്യാലയങ്ങളിൽ കഴിയുന്നവരുടെ മക്കൾക്കുവേണ്ടിയും ഇവർ പ്രവർത്തിക്കുന്നു.

“സിസ്റ്റർ, ഇത്രയുംവർഷം നിങ്ങൾ എവിടെയായിരുന്നു? ഞാൻ നിങ്ങളെ മുമ്പ് കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഒരു ലൈംഗികത്തൊഴിലാളി ആകുമായിരുന്നില്ല. 12 വയസുമുതൽ ഞാൻ മനുഷ്യക്കടത്തിന്റെ ഭാഗമാണ്” – 30 വയസുള്ള ഒരു സ്ത്രീ കരഞ്ഞുകൊണ്ട് സി. സെലിയോട് പറഞ്ഞ വാക്കുകളാണിത്. “എനിക്ക് ലോകത്തെ മുഴുവൻ മാറ്റാൻ കഴിയില്ലെന്ന് നന്നായി അറിയാം. ഒരു ജീവനെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല കാര്യമാണ്. കഴിഞ്ഞ 12 വർഷങ്ങളായി ഞാൻ ചെയ്യുന്നതും അതാണ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇത് തുടരും” – അവർ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ചൂഷണത്തിനെതിരെ പോരാടുന്ന എറൈസ് എന്ന എൻ.ജി.ഒ ആണ് സിസ്റ്റേഴ്‌സ് ആന്റി ട്രാഫിക്കിംഗ് അവാർഡുകൾ സ്പോൺസർ ചെയ്തത്.

യു.എൻ ഡാറ്റ അനുസരിച്ച്, 2020 -ൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ കണ്ടെത്തൽ നിരക്ക് 11% കുറയുകയും ശിക്ഷാവിധികൾ 27% കുറയുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിലെ പൊതുവായ മാന്ദ്യത്തെ എടുത്തുകാണിക്കുന്നു. ചില വികസ്വര രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്.

സി. ഫ്രാങ്കോയിസ് ഇപ്പോൾ തലസ്ഥാനമായ ബാങ്കോക്കിൽ ജോലിചെയ്യുന്നു. അവിടെ തായ് യുവതികളെ സംരക്ഷിക്കുന്നതിനായി രണ്ട് സ്‌കൂളുകൾ തുറന്നിട്ടുണ്ട്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളെ പിന്തുണയ്ക്കുന്നു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സൗജന്യ തൊഴിൽപരിശീലനം നൽകുന്നു.

പെൺവാണിഭത്തിൽനിന്ന് രക്ഷപെടുത്തിയ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനായി പ്രവർത്തിച്ച വി. ജോസഫിൻ ബഖിതയായി എന്ന സുഡാനീസ് അടിമയുടെ പേരിലാണ് സി. എബെഗ്ബുലെം ‘ബഖിത വില്ല’ സ്ഥാപിച്ചത്. അപകടസാധ്യതയുള്ള ഗ്രാമീണമേഖലകളിലും സ്കൂളുകളിലും ബോധവൽക്കരണ പരിപാടികൾ സി. എബെഗ്ബുലെം നടത്തുന്നു. യുവതികളെ മനുഷ്യക്കടത്തിൽനിന്നും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസവും ജോലിയും നല്കാനുള്ള ശ്രമങ്ങളും ഈ സന്യാസിനി നടത്തിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.