
103 വയസ്സുള്ള ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗൂൻ ഡി ലാ പാര, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പാണ് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ നിയമിച്ചതും ഇപ്പോൾ ജീവിച്ചിരിക്കുന്നതുമായ അവസാനത്തെ ബിഷപ്പ്.
ഒരു പുരോഹിതനായി 79 വർഷവും മെത്രാനായി 64 വർഷവും ജീവിച്ച വ്യക്തിയാണ് ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗൂൻ ഡി ലാ പാര. തെക്കൻ മെക്സിക്കോയിലെ മൈക്കോവാക്കനിലെ തുറമുഖ നഗരമായ സിയുഡാഡ് ലാസറോ കാർഡെനാസിന്റെ ബിഷപ്പായിരുന്നു ഇദ്ദേഹം. ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പ് കൂടിയാണ് ബിഷപ്പ് ജോസ് ഡി ജെസൂസ്. 1946 ൽ പുരോഹിതനായി നിയമിതനായ ഇദ്ദേഹത്തെ പിന്നീട് തുല രൂപതയുടെ ബിഷപ്പായി നിയമിച്ചത് വി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാണ്.
1962 നും 1965 നുമിടയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എല്ലാ സെഷനുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. കൗൺസിലിൽ പങ്കെടുത്ത ഏകദേശം 2,500 ബിഷപ്പുമാരിൽ നാലുപേർ മാത്രമാണ് ഇന്നും ജീവിച്ചിരിപ്പുള്ളത്. അതിൽ ബിഷപ്പ് സഹഗുൻ ഡി ലാ പാരയെ കൂടാതെ ആർച്ച്ബിഷപ്പ് വിക്ടോറിനസ് യൂൻ കോങ്-ഹി, കർദിനാൾ ഫ്രാൻസിസ് അരിൻസെ, ബിഷപ്പ് ഡാനിയേൽ അൽഫോൺസ് ഒമർ വെർസ്ട്രേറ്റ് (എല്ലാവരും എമെരിറ്റസ്) എന്നിവരും ഉൾപ്പെടുന്നു.
വിശുദ്ധ കുർബാനയാണ് തന്നെ ശക്തനും സന്തോഷവാനുമാക്കി നിലനിർത്തുന്നതെന്ന് ബിഷപ്പ് സഹഗൂൻ ഡി ലാ പാര വെളിപ്പെടുത്തുന്നു. പുതുതായി രൂപംകൊണ്ട തുല രൂപതയിൽ വിശ്വാസികൾ കുറവായിരുന്ന സമയത്ത് അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. ഈ രൂപതയുടെ വികസനത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ നിർണ്ണായകമാണ്.
ദരിദ്രരായവർക്ക് മാന്യമായ സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിയുന്ന തരത്തിൽ ചെറിയ വീടുകളുടെ നിർമ്മാണത്തിന് എല്ലാവിധ പിന്തുണയും ധനസഹായവും അദ്ദേഹം നൽകിയിട്ടുണ്ട്. പ്രായാധിക്യം വകവയ്ക്കാതെ ഇപ്പോഴും എല്ലാ ദിവസവും അദ്ദേഹം താൻ താമസിക്കുന്ന നഴ്‌സിംഗ് ഹോമിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു.