എളിയവരും ദരിദ്രരും യേശുവിന്റെ ജനനത്തിന് സാക്ഷ്യം വഹിക്കുന്നു: മാർപാപ്പ

എളിയവരും ദരിദ്രരും യേശുവിന്റെ ജനനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് അനുസ്‌മരിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.”നമ്മുടെ പ്രത്യാശയായ യേശു” എന്ന വിഷയത്തെക്കുറിച്ച് ആഴ്‌ചതോറുമുള്ള മതബോധന പരമ്പരയിൽ കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനത്തെപരാമർശിച്ചുകൊണ്ട് നൽകിയ പങ്കുവയ്ക്കലിലാണ് മാർപാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

പ്രത്യേക സമയത്തും സ്ഥലത്തും ഏറ്റവും എളിയ സാഹചര്യങ്ങളിലും ജനിക്കാൻ തിരുമനസ്സായ യേശുവിന്റെ എളിമയെ എടുത്തുകാണിച്ചുകൊണ്ട് അവിടുത്തെ ബെത്‌ലഹേമിലെ ജനനത്തിലേക്ക് മാർപാപ്പ എല്ലാവരുടെയും ശ്രദ്ധ തിരിച്ചു. “തന്റെ ജനനത്തിനു മുമ്പുതന്നെ, യേശു നമ്മുടെ യാത്രയിലെ കൂട്ടാളിയായി. എലിസബത്തിനെ സന്ദർശിക്കാൻ തന്റെ അമ്മയായ മറിയത്തിന്റെ ഗർഭപാത്രത്തിൽ അവിടുന്ന് സഞ്ചരിച്ചു. പിന്നീട്, മറിയത്തോടും ജോസഫിനോടുമൊപ്പം, പേരെഴുതിക്കാൻ ബെത്‌ലഹേമിലേക്ക് യാത്ര ചെയ്തു” – മാർപാപ്പ വിശദമാക്കി.

മിശിഹായുടെ ജനനത്തിന്റെ ആദ്യ സാക്ഷികൾ പാർശ്വവത്‌കരിക്കപ്പെട്ടവരും എളിയ സംസ്കാരത്തിനുടമകളും ആടുമാടുകളുടെ മണമുള്ളവരുമായിരുന്ന ഇടയഗണത്തിനായിരുന്നു എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് മനുഷ്യാവതാരത്തിന്റെ ആദ്യ സ്വീകർത്താക്കളായി ഇടയന്മാരെ തിരഞ്ഞെടുക്കുന്ന ദൈവത്തെക്കുറിച്ച് മാർപാപ്പ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.