
ലോകമെമ്പാടും അറിയപ്പെടുന്ന കാലാതീതമായ കലാകാരനാണ് പാബ്ലോ പിക്കാസോ. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും കലാപരമായ കഴിവുകൾക്കും ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. പക്ഷേ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധനായ നിരീശ്വരവാദികളിൽ ഒരാളായിരുന്നു അദ്ദേഹം. എങ്കിലും ഈശോയുടെ കുരിശുമരണത്തിന്റെ 50 ഓളം രംഗങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത് 20,000-ത്തിലധികം രചനകൾ വരച്ച ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒന്നായിരുന്നില്ല. ക്രൂശിത രൂപത്തിനപ്പുറം മറ്റ് വിശ്വാസപരമായ വിഷയങ്ങളൊന്നും അദ്ദേഹം ആദ്യകാലങ്ങളിൽ വരച്ചിരുന്നില്ല.
1932-ലെ ഒരു കലാസൃഷ്ടിയാണ് പിക്കാസോയുടെ വിശ്വാസ ഉണർവിന് കാരണമായത്. 1932-ൽ അദ്ദേഹം സ്വിറ്റ്‌സർലൻഡ് സന്ദർശിക്കുകയും ഫ്രാൻസിലെ ഇസെൻഹൈം അൾത്താരപീഠം കാണാൻ പോകുകയും ചെയ്‌തു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത്തിയാസ് ഗ്രുനെവാൾഡിന്റെ ഒരു പെയിൻ്റിംഗ് അവിടെ ഉണ്ടായിരുന്നു. കുരിശുമരണം ചിത്രീകരിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു അത്. താൻ എപ്പോഴും അന്വേഷിക്കുന്ന എല്ലാ മനുഷ്യ ക്രൂരതയും അതിൽ അദ്ദേഹം കണ്ടെത്തി.
പിന്നീട് അദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു. മുമ്പുണ്ടായിരുന്നതെല്ലാം വളരെ വർണ്ണാഭമായിരുന്നു. എന്നാൽ ഈ ചിത്രം കണ്ടതിനു ശേഷം അദ്ദേഹം വളരെ പ്രശസ്തമായ ഗ്വെർണിക്ക വരച്ചു. ചിത്രത്തിൽ തന്റെ പേര് സൂചിപ്പിച്ചത് ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരമായ ചെറിയ ‘പി’ ഉപയോഗിക്കാൻ തുടങ്ങി. അത് അദ്ദേഹത്തിന്റെ ജോലിയിലെ ആത്മീയതയും എളിമയുമായി കണക്കാക്കപ്പെടുന്നു.
പിക്കാസോ ഒരിക്കൽക്കൂടി കത്തോലിക്കനായി അംഗീകരിക്കപ്പെടാൻ ആഗ്രഹിച്ചതിന്റെ മറ്റൊരു സൂചന, വർഷങ്ങൾക്കുശേഷം ഒരു പുരോഹിതന്റെ സാക്ഷ്യമാണ്. 77-ആം വയസ്സിൽ, പിക്കാസോ, പുരോഹിതനോട് തന്റെ വിവാഹം ഒരു ദൈവാലയത്തിൽ വച്ച് ആശീർവദിക്കണമെന്നും മലാഗ കത്തീഡ്രലിൽ അടക്കം ചെയ്യണമെന്നും പറഞ്ഞു. എന്നാൽ ഇതു രണ്ടും സംഭവിച്ചില്ല. എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ പരിവർത്തനം സംഭവിക്കാൻ ഇടയാക്കിയത് ഫ്രാൻസിലെ ഇസെൻഹൈം ബലിപീഠത്തിലെ കുരിശുമരണത്തിന്റെ ചിത്രമായിരുന്നു എന്നാണു പരക്കെ വിശ്വസിക്കുന്നത്.