
ലിയോ പതിനാലാമൻ മാർപാപ്പയുടെ ലോകത്തോടുള്ള ആദ്യസന്ദേശം സമാധാനത്തിനും സംവാദത്തിനുമുള്ള ഒരു ആഹ്വാനമാണെന്നു വിശേഷിപ്പിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി. ആധുനികയുഗത്തിൽ സഭയുടെ സാമൂഹിക പ്രബോധനത്തിലേക്കുള്ള വ്യക്തമായ പരാമർശമായി പാപ്പയുടെ പേരിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാണിക്കുന്നു.
പുതിയ മാർപാപ്പയെ പ്രഖ്യാപിച്ചതിനുശേഷം പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമവിഭാഗം ഡയറക്ടർ മത്തേയോ ബ്രൂണി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു. ആദ്യ പൊതുകൂടിക്കാഴ്ചയിൽ പുതിയ മാർപാപ്പ, ഏതാനം ദിവസങ്ങൾക്കു മുൻപ് ഈസ്റ്റർ ഞായറാഴ്ച ഫ്രാൻസിസ് പാപ്പയുടെ സന്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ദൈവം നമ്മെയെല്ലാം കരുതുന്നു, അവൻ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു, തിന്മ വിജയിക്കില്ല” എന്നതായിരുന്നു അതിന്റെ സാരാംശം.
തിരഞ്ഞെടുത്ത പേരിലേക്ക് പുതിയ പാപ്പ തിരിയുമ്പോൾ, 1891 ലെ ചാക്രികലേഖനമായ ‘റെരും നൊവാര’ത്തിന്റെ രചയിതാവായ ലിയോ പതിമൂന്നാമൻ പോപ്പിനെക്കുറിച്ചുള്ള വ്യക്തവും ആലോചനാപൂർവവുമായ പരാമർശമാണെന്ന് ബ്രൂണി സ്ഥിരീകരിച്ചു. ആ രേഖ സഭയുടെ ആധുനിക സാമൂഹിക സിദ്ധാന്തത്തിന് തുടക്കം കുറിച്ചു.
“ഈ സാഹചര്യത്തിൽ, നിർമ്മിതബുദ്ധി അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽപോലും, പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിതത്തെയും അവരുടെ ജോലിയെയും കുറിച്ചുള്ള വ്യക്തമായ പരാമർശമാണിത്” – ബ്രൂണി പറഞ്ഞു.
പുതിയ മാർപാപ്പയുടെ വരാനിരിക്കുന്ന പൊതുപരിപാടികൾ
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സിസ്റ്റൈൻ ചാപ്പലിൽ കർദിനാൾ കോളേജിനൊപ്പം പുതിയ മാർപാപ്പ ദിവ്യബലി അർപ്പിക്കും. ആരാധനക്രമം തത്സമയം സംപ്രേഷണം ചെയ്യും.
ഞായറാഴ്ച, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സെൻട്രൽ ലോഗ്ഗിയയിൽ നിന്ന് 12 മണിക്ക് അദ്ദേഹം റെജീന കൊയ്‌ലി പ്രാർഥനയ്ക്ക് നേതൃത്വം നൽകും.
തുടർന്ന്, മെയ് 12 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പോൾ ആറാമൻ ഹാളിൽ ലെയോ പതിനാലാമൻ മാർപാപ്പ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.