കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കുഷ്ഠം ബാധിച്ച് മരണമടഞ്ഞ വിശുദ്ധന്റെ തിരുനാള്‍ ദിനം

കുഷ്ഠരോഗികളെ ശുശ്രൂഷിച്ച അനേകം വിശുദ്ധരുണ്ട്. ഇന്ന് പോളിക്രോമോ തെറാപ്പി ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയുന്ന ഒരു രോഗമാണ് കുഷ്ഠം. എന്നാൽ, മുൻപ് അങ്ങനെ ആയിരുന്നില്ല. കുഷ്ഠരോഗം ബാധിച്ചവരെ പരിചരിക്കുന്നതിനായി ജീവിതം സമർപ്പിച്ച്, കുഷ്ടം പിടിപെട്ട് മരണമടഞ്ഞ മൊളോക്കോയിലെ വി. ഡാമിയന്റെ തിരുനാൾ ദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം നമുക്ക് പരിചയപ്പെടാം.

1840 ജനുവരി മൂന്നിന് ബെൽജിയം എന്ന നഗരത്തിലാണ് വി. ഡാമിയന്റെ ജനനം. ഒരു മിഷനറി വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹം മിഷനറിയായി തന്നെ അമേരിക്കയിലെ ഹവായിയിലേക്ക് അയയ്ക്കപ്പെട്ടു. 1864 മെയ് 24-ന് ഹോണോലുലുവിൽ വച്ച് അദ്ദേഹം വൈദികനായി അഭിഷിക്തനായി.

കുഷ്ഠരോഗം പടർന്നുപിടിച്ച സമയത്ത്, രോഗികളെ മാത്രം മൊളോക്കോ എന്ന ഒരു ചെറുദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവരെ സഹായിക്കാനായി ഫാ. ഡാമിയൻ അധികാരികളോട് അനുവാദം വാങ്ങി. അങ്ങനെ നിരവധി കുഷ്ഠരോഗികളുമായി അദ്ദേഹം മൊളോക്കോയിലേക്കു വന്നു.

ഫാ. ഡാമിയന്റെ സാമിപ്യം കൊണ്ട് ഈ സ്ഥലം വിശുദ്ധീകരിക്കപ്പെട്ടു. ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റാനും രോഗികള്‍ക്ക് അവരുടെ വേദനയിൽ സമാധാനവും പ്രത്യാശയും നൽകാനും ഈ വൈദികൻ പരിശ്രമിച്ചു. 1885-ൽ അദ്ദേഹത്തിന് കുഷ്ഠരോഗം സ്ഥിരീകരിച്ചെങ്കിലും ചികിത്സക്കായി മൊളോക്കോ വിട്ടുപോകാൻ അദ്ദേഹം വിസമ്മതിച്ചു. വളരെയേറെ വേദനയുണ്ടായിട്ടും ആ ദ്വീപിൽ അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നുപോന്നു. അങ്ങനെ കുഷ്ഠരോഗം മൂർച്ഛിച്ച് 1889 ഏപ്രിൽ 15-ന് അദ്ദേഹം അന്തരിച്ചു.

1995-ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുകയും 2009 ഒക്ടോബർ 11-ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടുകയും ചെയ്തു. സഹോദരങ്ങൾക്കു വേണ്ടി ജീവൻ ത്യജിക്കാൻ പോലും തയ്യാറായ വി. ഡാമിയന്റെ മാതൃകയും മാദ്ധ്യസ്ഥവും നമുക്ക് തേടാം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.