നൈജീരിയയിൽ മോചനദ്രവ്യം ലക്ഷ്യംവച്ച് തീവ്രവാദികൾ; ഇരകളായി ക്രൈസ്തവർ

2023 -ൽ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം ആയിരത്തിലധികമാണെന്ന് റിപ്പോർട്ട്. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ബോക്കോ ഹറാമും ഫുലാനി തീവ്രവാദികളും മറ്റ് തീവ്രവാദഗ്രൂപ്പുകളും ആവശ്യപ്പെട്ട മോചനദ്രവ്യം നൽകാത്തതിനാൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണമാണ് ഇത്.

നൈജീരിയയിൽ ഈ വർഷം മാംഗു, ബാർകിൻ ലാഡി, റിയോം എന്നിവിടങ്ങളിൽ ഫുലാനി തീവ്രവാദികളാൽ കൊല്ലപ്പെട്ടത് 400-ലധികം ക്രിസ്ത്യാനികളാണ്. ഇതുകൂടാതെ, തീവ്രവാദികൾ ക്രൈസ്തവരുടെ ഉപജീവനമാർഗമായ കൃഷി നശിപ്പിക്കുകയും വിളകൾ മോഷ്ടിക്കുകയും ചെയ്യുന്നു.

വടക്കൻ നൈജീരിയയിൽ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി ഫുലാനി തീവ്രവാദികൾ ഏഴ് ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയി. ഈ ഭീകരർ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി 2,600 അമേരിക്കൻ ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. എന്നാൽ ഉപജീവനമാർഗംപോലും നഷ്ടപ്പെട്ട ക്രൈസ്തവർക്ക് ഇത്തരത്തിലുള്ള ഭീമമായ തുക താങ്ങാവുന്നതിലുമപ്പുറമായിരുന്നു. തട്ടിക്കൊണ്ടുപോയവരിൽ അഞ്ചുപേരെ ആഗസ്റ്റ് 23 -ന് മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മോചനദ്രവ്യം നൽകാത്തതിന്റെ പേരിൽ തീവ്രവാദികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു.

കൂടാതെ, നിരന്തരമായ ആക്രമണഭീഷണിമൂലം ഭക്ഷണത്തിനായി പുറത്തിറങ്ങുന്നതുപോലും അപകടകരമായി മാറിയിരിക്കുകയാണ്. പ്രദേശത്തെ പല ക്രിസ്ത്യൻഗ്രാമങ്ങളും ഈ ഫുലാനി ഭീകരരുടെ നിയന്ത്രണത്തിൻകീഴിലാണ്. താമസക്കാർക്ക് അവരുടെ അഭയകേന്ദ്രങ്ങളിൽപോലും സുരക്ഷിതത്വം കണ്ടെത്താൻ കഴിയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.