സഹായം മരവിപ്പിച്ചതറിയാതെ അഭയാർഥികളായ കുട്ടികൾ ചികിത്സ ലഭിക്കാതെ പ്രതിസന്ധിയിൽ

ട്രംപ് ഭരണകൂടം 90 ദിവസത്തേക്ക് അന്താരാഷ്ട്ര സഹായം മരവിപ്പിച്ചത് ബാധിച്ചിരിക്കുന്നത് ലോകമെമ്പാടുമാണ്. വടക്കൻ തായ്‌ലൻഡിൽ കുട്ടികളുൾപ്പെടെ ആയിരക്കണക്കിന് അഭയാർഥികൾക്ക് വൈദ്യസഹായം ലഭ്യമല്ലാത്ത അവസ്ഥയിലാണ്.

വടക്കൻ തായ്‌ലൻഡിലെ സഹായപ്രവർത്തകർ, അവിടെയുള്ള അഭയാർഥികൾക്ക് ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കാൻ ബുദ്ധിമുട്ടുകയാണ്. ഇത് അഭയാർഥികൾക്കിടയിൽ വ്യാപകമായ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. വാക്സിൻ പ്രോഗ്രാമുകൾ, ഗാർഹികപീഡന അഭയകേന്ദ്രങ്ങൾ, മനുഷ്യക്കടത്തുവിരുദ്ധ സംരംഭങ്ങൾ എന്നിവയുൾപ്പെടെ സുപ്രധാന സേവനങ്ങൾ നൽകുന്ന മറ്റ് സ്ഥാപനങ്ങളെയും മരവിപ്പിക്കൽ ബാധിച്ചു.

യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജീവൻ രക്ഷിക്കുന്ന മാനുഷികസഹായം നൽകുന്നത് യു എസ് തുടരുകയാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഏറ്റവും താഴേത്തട്ടിലുള്ള സഹായപ്രവർത്തകർ പറയുന്നത് മിക്കവാറും എല്ലാ മാനുഷികസഹായ പരിപാടികളും നിർത്തിവച്ചിരിക്കുകയാണെന്നാണ്.

ഭക്ഷണം, മരുന്ന്, മെഡിക്കൽ ഓക്‌സിജൻ എന്നിവയുടെ ക്ഷാമം നേരിടുന്ന അഭയാർഥികളുടെ സ്ഥിതിഗതികൾ ഭയാനകമാണ്. തായ്‌ലാൻഡാണ് അതിനൊരു ഉദാഹരണം. ഒൻപതു വയസ്സുള്ള അഭയാർഥി റോസെല്ലയും ദുരിതബാധിതരിൽ ഒരാളാണ്. അവൾക്ക് സ്ഥിരമായ ഓക്സിജൻ ആവശ്യമാണ്. എന്നാൽ ഓക്സിജൻ എത്രകാലം ലഭ്യമാകും എന്നത് അവളുടെ കുടുംബത്തിന് ഉറപ്പില്ല. റോസല്ലയുടെ അമ്മ റെബേക്ക അഞ്ച് മാസം ഗർഭിണിയാണ്. കൂടാതെ അവരുടെ പ്രസവത്തിനുമുമ്പുള്ള പരിചരണത്തെക്കുറിച്ചും ആശങ്കയുണ്ട്. സഹായം മരവിപ്പിച്ചതിനാൽ ഇത് തടസ്സപ്പെട്ടു.

റോസെല്ലയും കുടുംബവും താമസിക്കുന്ന മേ ലാ അഭയാർഥി ക്യാമ്പിൽ 37,000 ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. കൂടുതലും വംശീയ കാരെൻ ന്യൂനപക്ഷത്തിൽ നിന്നുള്ളവരാണ്. ക്യാമ്പിന്റെ യു എസ് ധനസഹായത്തോടെയുള്ള ആശുപത്രിയാണ് സമൂഹത്തിന്റെ ആരോഗ്യപരിരക്ഷയുടെ ഏക ഉറവിടം. എന്നാൽ ഇപ്പോൾ സഹായം മരവിപ്പിച്ചതിനാൽ ആശുപത്രി അടച്ചുപൂട്ടാൻ നിർബന്ധിതമായിരിക്കുകയാണ്.

സഹായം മരവിപ്പിക്കൽ തുടരുമ്പോൾ, റൊസെല്ലയെപ്പോലെയുള്ള കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് അഭയാർഥികളുടെ ജീവിതം തുലാസിലാണ്. യു എസിന്റെ തീരുമാനം പുനഃപരിശോധിക്കാനും ദുർബലരായ ഈ സമൂഹങ്ങൾക്കുള്ള സഹായം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നുണ്ടെങ്കിലും ട്രംപിന്റെ ശക്തമായ തീരുമാനങ്ങൾക്കു മുൻപിൽ മാറ്റങ്ങൾ വരാൻ സാധ്യത കുറവാണെന്നുവേണം അനുമാനിക്കാൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.