സംഘർഷവും കാലാവസ്ഥാ വ്യതിയാനവും മൂലം ആഗോള തലത്തിൽ പട്ടിണി വർധിക്കുന്നുവെന്ന് യു എൻ

തുടർച്ചയായ ആറാം വർഷവും, രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയും കുട്ടികളുടെ പോഷകാഹാരക്കുറവും വർധിച്ച വർഷമായിരുന്നു 2024. ഇത് 53 രാജ്യങ്ങളിലും ലോകത്തിലെ വിവിധ പ്രദേശങ്ങളിലുമായി 295 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചുവെന്ന് യു എൻ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, 2023 നെക്കാൾ അഞ്ചു ശതമാനം വർധനവാണ് 2024 ലുള്ളത്. ദുരിതബാധിത പ്രദേശങ്ങളിലെ ജനസംഖ്യയുടെ 22.6% പേർ ഇപ്പോഴും പ്രതിസന്ധിഘട്ടത്തിലോ, അതിലും മോശമായോ പട്ടിണി അനുഭവിക്കുന്നു. ഭാവിയിലേക്കു നോക്കുമ്പോൾ, ഈ വർഷം സ്ഥിതി കൂടുതൽ വഷളായേക്കുമെന്ന് – മാനുഷിക ഭക്ഷ്യ ധനസഹായത്തിൽ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ ഇടിവ് (10% മുതൽ 45% വരെ) ഉണ്ടാകുമെന്ന് – യു എൻ മുന്നറിയിപ്പ് നൽകുന്നു.

ലോകത്തിലെ ദരിദ്രർക്കു സഹായം നൽകുന്ന യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അടച്ചുപൂട്ടാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതിനെത്തുടർന്ന് പല ലോകരാജ്യങ്ങളും സംഘടനകളും വലിയ പ്രതിസന്ധിയിലാണ്. “പട്ടിണി അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഞങ്ങൾ നൽകുന്ന നിർണ്ണായകമായ ജീവിതമാർഗം നഷ്ടപ്പെട്ടു; അല്ലെങ്കിൽ ഉടൻതന്നെ നഷ്ടപ്പെടും” – റോം ആസ്ഥാനമായുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ തലവൻ സിൻഡി മക്കെയ്ൻ പറഞ്ഞു.

2024 ൽ ഗാസ, ദക്ഷിണ സുഡാൻ, ഹെയ്തി, മാലി എന്നിവിടങ്ങളിൽ വലിയ അളവിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന പ്രദേശങ്ങൾ ഉൾപ്പെടെ 20 രാജ്യങ്ങളിലായി ഏകദേശം 140 ദശലക്ഷം ആളുകളെ പട്ടിണി ബാധിക്കാനുണ്ടായ പ്രധാന കാരണം സംഘർഷമായിരുന്നു; സുഡാനിലും ക്ഷാമം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, പണപ്പെരുപ്പം, കറൻസിയുടെ മൂല്യത്തകർച്ച തുടങ്ങിയ സാമ്പത്തിക ആഘാതങ്ങൾ 15 രാജ്യങ്ങളിലായി 59.4 ദശലക്ഷം ആളുകളെയാണ് ഭക്ഷ്യപ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. എൽ നിനോ മൂലമുണ്ടായ വരൾച്ചയും വെള്ളപ്പൊക്കവും പോലുള്ള അതിതീവ്ര കാലാവസ്ഥയും ഏകദേശം 18 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.

അതേസമയം, കുട്ടികളിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ തലത്തിലെത്തിയതായി റിപ്പോർട്ട് പറയുന്നു. സുഡാൻ, യെമൻ, മാലി, ഗാസ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളിൽ പോഷകാഹാരക്കുറവ്‌ മൂലം അഞ്ചുവയസ്സിനു താഴെയുള്ള ഏകദേശം 38 ദശലക്ഷം കുട്ടികൾ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നു. അതോടൊപ്പം നിർബന്ധിത നാടുകടത്തലും പട്ടിണി വർധിക്കാൻ കാരണമായി. അഭയാർഥികളും ആന്തരികമായി കുടിയിറക്കപ്പെട്ടവരും ഉൾപ്പെടെ ഏകദേശം 95 ദശലക്ഷം നിർബന്ധിത നാടുകടത്തലിനു വിധേയരായ ആളുകൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കൊളംബിയ തുടങ്ങിയ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ താമസിച്ചിരുന്നവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.