പുടിന്റെ ചിത്രകാരൻ നികാസ് സഫ്രാനോവ് പാപ്പയെ സന്ദർശിച്ചു

റഷ്യൻ ചിത്രകാരൻ നികാസ് സഫ്രാനോവിനെ കാസാ സാന്റാ മാർത്തയിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ. അദ്ദേഹത്തിന്റെ മകൻ റഷ്യൻ പിയാനിസ്റ്റായ ലൂക്ക സഫ്രാനോവും ഒപ്പമുണ്ടായിരുന്നു.

ബോനെസ് ഐറസിലെ സാൻ ജോസെ ദ ഫ്ലോറസ് ബസിലിക്കയുടെ ഒരു പെയിന്റിംഗ് സഫ്രാനോവ് പാപ്പായ്ക്ക് സമ്മാനിച്ചു. ഫ്രാൻസിസ് പാപ്പയ്ക്ക് വളരെ പ്രിയപ്പെട്ട ഈ ദൈവാലയത്തിൽവച്ചായിരുന്നു അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിഞ്ഞതും ജീവിതം സമർപ്പിക്കാൻ തീരുമാനമെടുത്തതും.

കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ വത്തിക്കാൻ പ്രസ്സ് ഓഫീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2025 ഫെബ്രുവരി 16 മുതൽ 18 വരെ നടക്കുന്ന കലാകാരൻമാരുടെ ജൂബിലിയിൽ പങ്കെടുക്കാൻ റോമിലെത്തിയതാണ് സഫ്രാനോവ്.

വ്ലാഡിമിർ പുടിന്റേതായി നൂറുകണക്കിന് ചിത്രങ്ങളാണ് സഫ്രാനോവ് വരച്ചിട്ടുള്ളത്. ഏറ്റവും ആദ്യമായി പുടിന്റെ പോർട്രെയിറ്റ് വരച്ചത് നികാസ് സഫ്രാനോവ് ആയിരുന്നു. നെപ്പോളിയനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ കുതിരപ്പുറത്തിരിക്കുന്ന രീതിയിലും 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചക്രവർത്തി ഫ്രാൻസിസ് ഒന്നാമനെ അനുസ്മരിപ്പിക്കുന്ന രീതിയിലുമുള്ള, പുടിന്റേതായി സഫ്രാനോവ് വരച്ച ചിത്രങ്ങൾ ശ്രദ്ധേയമാണ്.

നിരവധി ദേശീയപുരസ്കാരങ്ങൾ നേടിയ അദ്ദേഹം അന്തർദേശീയതലത്തിലും ശ്രദ്ധേയനാണ്. 2006 മുതൽ റോയൽ ഇന്റർനാഷണൽ അക്കാദമി ഓഫ് കൾച്ചർ, എഡുക്കേഷൻ ആൻറ് ആർട്സ് ഓഫ് യു എൻ അംഗമാണ് അദ്ദേഹം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.