
2023 ൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഗർഭസ്ഥശിശുക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രോ-ലൈഫ് നിയമങ്ങൾ സ്വീകരിച്ചതിനെത്തുടർന്ന്, 22,000 ഓളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതായി പഠനറിപ്പോർട്ട്. ഫെബ്രുവരി 13-ന് ജമാ (JAMA) നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം, അമേരിക്കയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ജനനങ്ങൾ ഉണ്ടെന്ന് കണ്ടെത്തി.
2012 മുതൽ 2023 വരെയുള്ള സംസ്ഥാനതല ഫെർട്ടിലിറ്റി വിവരങ്ങൾ പരിശോധിച്ച് സമീപകാല പ്രോ-ലൈഫ് നിയമങ്ങളുടെ സ്വാധീനം വിശകലനം ചെയ്തു. 2023-ൽ ഫെർട്ടിലിറ്റി നിരക്ക് വർധിച്ചതായി പഠനം കണ്ടെത്തി. ഷാർലറ്റ് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ അസോസിയേറ്റ് പ്രൊഫസറും അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ബുഷ് സ്കൂൾ ഓഫ് ബിസിനസിലെ അസിസ്റ്റന്റ് പ്രൊഫസറുമായ മൈക്കൽ ന്യൂയുടെ അഭിപ്രായത്തിൽ, പ്രോ-ലൈഫ് നിയമങ്ങളുടെ സ്വാധീനത്തിന്റെ ശക്തമായ സൂചനയാണ് ഈ കണക്കുകൾ കാണിക്കുന്നത്.
അമേരിക്കയിലെ ഏകദേശം 3,000 പ്രോ-ലൈഫ് പ്രെഗ്നൻസി റിസോഴ്‌സ് സെന്ററുകൾ, 2022-ൽ ക്ലയന്റുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഏകദേശം 367.9 മില്യൺ ഡോളർ വിലമതിക്കുന്ന ഗർഭധാരണ സേവനങ്ങളും മെറ്റീരിയലുകളും നൽകിയതായി 2024 ലെ റിപ്പോർട്ട് കണ്ടെത്തി.