നൈജീരിയയിൽ ഒരു വൈദികനെയും വൈദികാർഥിയെയും തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ അക്രമികൾ തട്ടികൊണ്ടുപോയ വൈദികനും വൈദികാർഥിക്കുംവേണ്ടി പ്രാർഥന യാചിച്ച് നൈജീരിയൻ നഗരമായ മിന്നയിലെ ബിഷപ്പ് മാർട്ടിൻസ് ഇഗ്വെ ഉസൗക്കു. ആഗസ്റ്റ് മൂന്നിന് രാവിലെ നൈജർ നഗരത്തിലെ ഗ്യേദ്‌നയിലെ വൈദികവസതിയിൽ നിന്നാണ് കൊള്ളക്കാർ ഫാ. പോൾ സനോഗോയെയും വൈദികാർഥിയായ മെൽചിയോറിനെയും തട്ടിക്കൊണ്ടുപോയത്.

ബുർക്കിന ഫാസോയിൽ നിന്നുള്ള ഫാ. സനോഗോ, വൈറ്റ് ഫാദേഴ്സ് എന്നറിയപ്പെടുന്ന സന്യാസ സമൂഹത്തിലെ അംഗമാണ്. മെൽക്കിയോർ ഡൊമിനിക് മഹിനിനി ടാൻസാനിയയിൽ നിന്നുള്ള വൈദികാർഥിയാണ്. ദൈവശാസ്ത്രപഠനത്തിനു മുൻപായി മിഷൻപ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു മെൽക്കിയോർ.

“കർത്താവ് ഞങ്ങളുടെ പ്രാർഥന കേൾക്കുകയും സമാധാനത്തോടെ അവരെ തിരികെനൽകുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർഥിക്കുന്നു” – ബിഷപ്പ് മാർട്ടിൻസ് പറഞ്ഞു. മുസ്ലീം തീവ്രാദസംഘടനായ ബൊക്കൊ ഹാറാമിന്റെ ആക്രമണം ശക്തമായ ഉത്തര നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകൾ പതിവായിരിക്കുകയാണ്. 2022-ൽ ഇരുപതിലേറെ വൈദികർ ബന്ദികളാക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.