
ലോകം അനുകമ്പയിൽ വളരാൻ പ്രാർഥിക്കണമെന്ന്, ലെയോ പതിനാലാമൻ മാർപാപ്പ ജൂൺ മാസത്തിലെ തന്റെ ആദ്യ പ്രാർഥനാ നിയോഗ വീഡിയോയിൽ വിശ്വാസികളോട് ആവശ്യപ്പെട്ടു. “നമുക്ക് ഓരോരുത്തർക്കും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ ആശ്വാസം കണ്ടെത്താനും, ലോകത്തോട് കരുണ കാണിക്കാൻ അവിടുത്തെ ഹൃദയത്തിൽ നിന്ന് പഠിക്കാനും കഴിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം” – ജൂൺ മൂന്നിന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
“യേശുവുമായുള്ള വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കുന്നതിലൂടെ, നമ്മുടെ ഹൃദയങ്ങൾ ദൈവത്തോട് കൂടുതൽ അനുരൂപപ്പെടുന്നു. നാം സ്നേഹത്തിലും കാരുണ്യത്തിലും വളരുന്നു, കരുണ എന്താണെന്ന് നമുക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നു. യേശു എല്ലാവരോടും പ്രത്യേകിച്ച് ദരിദ്രരോടും രോഗികളോടും കഷ്ടപ്പെടുന്നവരോടും നിരുപാധികമായ സ്നേഹം പ്രകടിപ്പിച്ചു.”
ആവശ്യമുള്ളവരുടെ നേരെ കരങ്ങൾ നീട്ടിക്കൊണ്ട് ഈ കാരുണ്യ സ്നേഹം അനുകരിക്കാൻ പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു.