പ്രളയക്കെടുതിയിൽ അകപ്പെട്ട ബ്രസീലുകാർക്ക് സഹായം അയച്ച് ഫ്രാൻസിസ് പാപ്പ

പ്രളയ ദുരന്തത്തിൽ നിന്നും കരകയറാതെ വിഷമിക്കുന്ന ബ്രസീലിലെ ജനങ്ങൾക്ക് സഹായം അയച്ച് ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് മാർപാപ്പ 5,00,000 റിയാസിന് തുല്യമായ 1,00,000 യൂറോ സഹായം ആണ് ദുരിത ബാധിതർക്കായി നൽകിയത്. ഈ തുക ബ്രസീലിലെ നാഷണൽ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ സൗത്ത് റീജിയനിലേക്ക്, സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിനായി കൈമാറും എന്ന് തലസ്ഥാനമായ പോർട്ടോ അലെഗ്രെ ആർച്ച് ബിഷപ്പ് ജെയിം സ്പെംഗ്ലർ വ്യക്തമാക്കി.

പാപ്പായുടെ സഹായം ദുരന്തം മൂലം വീടുകൾ നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട അനേകം ആളുകൾക്ക് സഹായമായി മാറും എന്ന് ബ്രസീലിലെ അപ്പോസ്‌തോലിക് നൂൺഷിയേച്ചർ വിശദീകരിച്ചു. മെയ് മാസം ആദ്യം മുതൽ ബ്രസീലിൽ തകർത്ത് പെയ്യുന്ന മഴയെ തുടർന്ന് പ്രളയ ദുരിതത്തിൽ നിന്നും കരകയാതെ വലയുകയാണ് ബ്രസീലിലെ ജനങ്ങൾ.

300 മുനിസിപ്പാലിറ്റികളിലാണ് വെള്ളപ്പൊക്കം നാശനഷ്ടം വരുത്തിയത്. 57 പേർ മരിക്കുകയും 70 പേരെ കാണാതാവുകയും 17,000 പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയിലെ പ്രാർഥനയ്ക്കിടെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളോട് മാർപാപ്പ തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.