ഗാസയിൽ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പാ

ഗാസയിൽ ഭീകരസംഘടനയായ ഹമാസിന്റെ കൈവശമുള്ള ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ.  ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർഥനാമധ്യേയാണ് പാപ്പാ ഇക്കാര്യം വീണ്ടും അഭ്യർഥിച്ചത്.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒരുമാസം പിന്നിട്ടതിനുശേഷം, പരിശുദ്ധ പിതാവ് വെടിനിർത്തലിനുള്ള തന്റെ ആഹ്വാനം പുതുക്കിയിരുന്നു. “ദൈവത്തിന്റെ നാമത്തിൽ വെടിനിർത്താൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: വെടിനിർത്തുക! എന്ത് വിലകൊടുത്തും സംഘർഷം വഷളാകാതിരിക്കാനും മുറിവേറ്റവരെ സഹായിക്കാനും മാനുഷികസാഹചര്യം വളരെ ഗുരുതരമായ ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനും എല്ലാ വഴികളും തേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” പാപ്പാ പറഞ്ഞു.

പിന്നീട്, മുൻ അവസരങ്ങളിലേതുപോലെ, ഗാസയിലെ ബന്ദികളെ ഉടൻമോചിപ്പിക്കാൻ അദ്ദേഹം ആഹ്വാനംചെയ്യുകയും ‘അവരിൽ ധാരാളം കുട്ടികളുണ്ട്’ എന്നതിൽ ഖേദിക്കുകയും അവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ പ്രേരിപ്പിക്കുകയും ചെയ്തു.

“അതെ, ഉക്രൈനിലും മറ്റ് സംഘട്ടനങ്ങളിലും ഈ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കുട്ടികളെയുംകുറിച്ച് നമുക്ക് ചിന്തിക്കാം. ഇത് അവരുടെ ഭാവിയെ കൊല്ലുകയാണ്. ‘മതി’ എന്നുപറയാനുള്ള ശക്തി ലഭിക്കാൻ നമുക്ക് പ്രാർഥിക്കാം” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.