വത്തിക്കാനിൽ ഉക്രൈൻ കുരുന്നിന് ജ്ഞാനസ്നാനം നൽകി ഫ്രാൻസിസ് പാപ്പാ

വത്തിക്കാനിലെ ഫ്രാൻസിസ് പാപ്പായുടെ വസതിയായ സാന്താ മാർത്ത ദൈവാലയത്തിൽവച്ച് ഉക്രൈൻകാരായ ദമ്പതികളുടെ മൂന്നുമാസം പ്രായംമാത്രമുള്ള കുഞ്ഞിന് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി. നവംബർ മാസം ആറാം തീയതിയാണ് തികച്ചും ലളിതമായ രീതിയിൽ കർമ്മങ്ങൾ നടത്തിയത്. വിത്താലി- വീത്ത ദമ്പതികളുടെ സഖറി എന്ന ആൺകുഞ്ഞാണ് പാപ്പായിൽനിന്നും ജ്ഞാനസ്നാനം സ്വീകരിച്ചത്.

ശരിക്കും ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിൽ വലിയ സന്തോഷത്തിന്റെ നിമിഷമാണ് ജ്ഞാനസ്നാനകർമ്മം തങ്ങൾക്കു സമ്മാനിച്ചതെന്ന് മാതാപിതാക്കൾ പങ്കുവച്ചു. പടിഞ്ഞാറൻ ഉക്രൈനിലെ കാമിയാനെറ്റ്സ് – പോഡിൽസ്കിയിലാണ് കുടുംബം താമസിക്കുന്നത്. യുദ്ധങ്ങൾക്കുനടുവിലും ദൈവം എപ്പോഴും ഞങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നു. അതിന് ദൈവത്തിന് ഞങ്ങൾ നന്ദിപറയുന്നുവെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

“പരിശുദ്ധ പിതാവിനോടൊപ്പമായിരിക്കാനും ഞങ്ങളുടെ മകനെ അദ്ദേഹം സ്നാനപ്പെടുത്തുമെന്നും സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല. എന്നാൽ ദൈവം നമ്മെക്കൊണ്ട് വളരെ മനോഹരമായ ഒരു ചരിത്രം സൃഷ്ടിക്കുന്നു. അത് ഞങ്ങൾക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല” – മാതാപിതാക്കൾ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.