കലാകാരന്മാരുടെ ജൂബിലിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് മാർപാപ്പ

കലാകാരന്മാരുടെ ജൂബിലിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലാകാരന്മാരുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഡികാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷന്റെ പ്രിഫെക്റ്റ് കർദിനാൾ ജോസ് ടോലെന്റിനോ ഡി മെൻഡോൻസാ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.

“സൗന്ദര്യം പരത്തുന്നതും ജനങ്ങളെ ഒന്നിപ്പിക്കുന്നതുമായ ഒരു സാർവത്രിക ഭാഷയെന്ന നിലയിൽ കലയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ പരിപാടി സംഘടിപ്പിച്ചതിന് സാംസ്കാരികകാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡികാസ്റ്ററിക്ക് ഞാൻ നന്ദി പറയുന്നു. ലോകത്തിൽ ഐക്യം സൃഷ്ടിക്കാനും യുദ്ധത്തിന്റെ എല്ലാ നിലവിളികളും നിശബ്ദമാക്കാനും കലാകാരൻമാർ നമ്മെ സഹായിക്കുന്നു,” കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ കാരണം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഫ്രാൻസിസ് മാർപാപ്പ ഖേദം പ്രകടിപ്പിച്ചു. “ഞാൻ അവിടെ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങൾക്കറിയാവുന്നതുപോലെ, എനിക്ക് ഇപ്പോഴും ചികിത്സ ആവശ്യമുള്ളതിനാൽ ഞാൻ ഇവിടെ ജെമെല്ലി ഹോസ്പിറ്റലിലാണ്,” പാപ്പ അറിയിച്ചു.

2025-ലെ പ്രത്യാശയുടെ ജൂബിലിയാചരണത്തിൽ സാമൂഹ്യ-സഭാജീവിതത്തിലെ വിവിധവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൻറെ ഭാഗമായിട്ടാണ് നാലു ദിവസത്തെ ജൂബിലി ആചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 18 ന് കലാകാരന്മാരുടെ ജൂബിലി ആചരണം സമാപിക്കും. ചികിത്സയിൽ കഴിയുന്നതിനാൽ ഫ്രാൻസിസ് പാപ്പാ ഈ ജൂബിലിയാചരണവുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പങ്കെടുക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.