WYD 2023-ലെ തീർഥാടകരെയും യുവജനങ്ങളെയും പരിശുദ്ധ കന്യാമറിയത്തിന് ഭരമേല്പിച്ച് മാർപാപ്പ

പോർച്ചുഗലിലെ ലിസ്ബണിൽ ആഗസ്റ്റ് ഒന്നു മുതൽ ആറു വരെ നടക്കുന്ന ലോക യുവജനദിനാഘോഷവും (WYD) അതിലേക്കായി ലോകമെമ്പാടു നിന്നും എത്തിച്ചേരുന്ന തീർഥാടകരെയും യുവജനങ്ങളെയും പരിശുദ്ധ കന്യാമറിയത്തിന് ഭരമേല്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ ഞായറാഴ്ച്ച ശുശ്രൂഷകൾക്കിടെയായിരുന്നു പാപ്പയുടെ സമർപ്പണം.

അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന പോർച്ചുഗലിലേക്കുള്ള മാർപാപ്പയുടെ 42-ാമത് അന്താരാഷ്‌ട്ര യാത്രയിൽ പ്രാർഥനയിലൂടെ തന്നെ അനുഗമിക്കാൻ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം യുവജനങ്ങളോട് ആത്മീയതയിൽ തുടരണമെന്നും യാന്ത്രികമായി ചെയ്യുന്ന ദിനചര്യപോലെ ആത്മീയതയെ കാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ പല ഭാഗത്തായി അരങ്ങേറുന്ന വിവിധ കലാപങ്ങളും യുദ്ധങ്ങളും അവസാനിക്കുന്നതിനുവേണ്ടിയും മാതാവിനോട് പ്രാർഥിക്കണമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ബ്രസീൽ (2013), ക്രാക്കോവ് (2016), പനാമ (2019) എന്നീ രാജ്യങ്ങൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ നടക്കുന്ന നാലാമത്തെ ലോക യുവജനദിനമാണ് ലിസ്ബണിലെ WYD. 2022-ൽ നടക്കേണ്ടിയിരുന്ന പരിപാടി കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.