തട്ടിക്കൊണ്ടുപോയ വൈദികനെ സുരക്ഷിതമായി മോചിപ്പിക്കാൻ ആവശ്യപ്പെട്ട് നൈജീരിയൻ രൂപത

നൈജീരിയയിൽ നിന്ന് 2024 മെയ് 21-ന് തട്ടിക്കൊണ്ടുപോയ ഫാ. ഒലിവർ ബൂബയെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കണമെന്ന് യോല രൂപത ആവശ്യപ്പെട്ടു. നൈജീരിയൻ കത്തോലിക്കാ രൂപതയുടെ ലോക്കൽ ഓർഡിനറി ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ നൽകിയ പ്രസ്താവനയിലാണ് ഈ അഭ്യർഥന മുന്നോട്ടുവച്ചത്.

“ഞങ്ങളുടെ സഹോദരനായ ബഹു. ഫാ. ഒലിവർ ബൂബയെ തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിൽ മോചിപ്പിക്കുന്നതിനായി പുരോഹിതരുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശക്തമായ മധ്യസ്ഥതയിൽ നമുക്ക് പ്രാർഥിക്കാം” തന്റെ അജപാലന ശുശ്രൂഷാധികാരത്തിന്റെ കീഴിലുള്ള വൈദികരെയും സ്ത്രീ പുരുഷന്മാരായ വിശ്വാസികളെയും അല്മായരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസ്താവനയിൽ ബിഷപ്പ് മംസ പങ്കുവച്ചു. മെയ് 15- ന് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫാ. ബേസിൽ ഗ്ബുസുവോയെയും അദ്ദേഹം അനുസ്മരിച്ചിരുന്നു.

വിവേചനരഹിതമായ ആക്രമണങ്ങളും മോചനദ്രവ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങൾ നടത്തുന്ന സംഘങ്ങളും നൈജീരിയയിൽ പതിവായിരിക്കുകയാണ്. ആഫ്രിക്കയിലെ ജനസാന്ദ്രമായ ഈ രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന അജണ്ടകളും ഇത്തരത്തിലുള്ള തട്ടിക്കൊണ്ട് പോകലുകൾക്കു പിന്നിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.