
പടിഞ്ഞാറൻ ഉഗാണ്ടയിലെ കമ്പാലയിൽ മുസ്ലീം തീവ്രവാദികൾ ഒരു സുവിശേഷപ്രഘോഷകനെ ആക്രമിച്ചു. തെരുവിൽ സുവിശേഷപ്രഘോഷണം നടത്തി രാത്രി ഏഴുമണിയോടെ വീട്ടിലേക്കു മടങ്ങിയ 27 -കാരനായ റോബർട്ട് സെറ്റിംബ എന്ന യുവാവിനെയാണ് മുസ്ലിം തീവ്രവാദികൾ ആക്രമിച്ച് ബോധരഹിതനാക്കിയത്.
കമ്പാലയിലെ കവാല എന്ന പ്രദേശത്ത് ആറ് മുസ്ലീം തീവ്രവാദികൾ ‘അവിശ്വാസി’ എന്നാരോപിച്ചാണ് സുവിശേഷപ്രഘോഷകനെ ആക്രമിച്ചത്. “ഞാൻ നിസ്സഹായനായി നോക്കിനിൽക്കെ, കുറച്ചുപേർ വടികൊണ്ട് അവനെ അടിക്കാനായെത്തി. അവർ അവനെ പിടിക്കുകയും ചവിട്ടുകയും മർദിക്കുകയും ചെയ്തു. എന്നെ കണ്ടിരുന്നെങ്കിൽ അവർ എന്നെയും മർദിക്കുമായിരുന്നു” – സെറ്റിംബയുടെ സുഹൃത്തും ദൃക്‌സാക്ഷിയുമായ വ്യക്തി പങ്കുവച്ചു. അബോധാവസ്ഥയിൽ കണ്ടെത്തിയ സെറ്റിംബയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“എന്റെ ദൗത്യത്തിൽ പലരും ക്രിസ്തുവിലേക്കു തിരിഞ്ഞു, പ്രത്യേകിച്ച് ബിസിനസ്സുകാരായ പല യുവാക്കളും സ്ത്രീകളും വിദ്യാർഥികളും ചില മുസ്ലീം നേതാക്കളും ആ ഗണത്തിലുണ്ട്. ഞാൻ ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുന്നതും സുവിശേഷവൽക്കരണം നടത്തുന്നതും മുസ്ലീങ്ങളെ വേദനിപ്പിക്കുന്നുവെന്ന് എനിക്കറിയില്ലായിരുന്നു” – അബോധാവസ്ഥയിൽ നിന്നുണർന്ന സെറ്റിംബ ആശുപത്രിക്കിടക്കയിൽവച്ചു പറഞ്ഞു.