പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വ്യക്തിക്ക് മർദ്ദനം

ഇസ്ലാം മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ സർഗോധ നഗരത്തിൽ ക്രിസ്തുമത വിശ്വാസിയെ ജനക്കൂട്ടം മർദ്ദിച്ചു. ഇയാളുടെ വീടും ഫാക്ടറിയും അഗ്നിക്കിരയാക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ കുട്ടികളുൾപ്പെടെയുള്ള രോഷാകുലരായ ജനക്കൂട്ടം ആരോപിതനായ വ്യക്തിയുടെ വീട്ടിൽ പ്രവേശിച്ച് വീട് തല്ലിത്തകർക്കുകയും വീടിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഷൂ ഫാക്ടറി കത്തിക്കുകയും ചെയ്തു.

ആൾക്കൂട്ടം വീടും ചെരുപ്പ് ഫാക്ടറിയും കത്തിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായി. മറ്റൊരു വീഡിയോയിൽ രക്തം പുരണ്ട് തെരുവിൽ കിടക്കുന്ന മനുഷ്യനെ ഖുറാനെ അവഹേളിച്ചെന്നാരോപിച്ച് ചവിട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കാണാം.

സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെന്നും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർഗോധ ജില്ലാ പോലീസ് ഓഫീസർ അസദ് ഇജാസ് മൽഹി പാക്കിസ്ഥാനിലെ ഡോൺ ന്യൂസിനോട് പറഞ്ഞു. പ്രദേശത്തു നിന്ന് ക്രിസ്ത്യൻ കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് ജില്ലാ പോലീസ് ഓഫീസർ മാലി ഡോൺ ന്യൂസിനോട് പറഞ്ഞു.

പരിക്കേറ്റ ഒരാളുടെ ബന്ധു പോലീസിന്റെ അവകാശവാദത്തിന് വിരുദ്ധമായി, ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്റെ അമ്മാവന്റെ നില ഗുരുതരമാണെന്ന് ഡോണിനോട് പറഞ്ഞു.’പാക്കിസ്ഥാൻ നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്, മതത്തിന്റെ മറവിൽ ഒരു അനീതിയും വെച്ചുപൊറുപ്പിക്കില്ല. പൂർണ്ണമായ അന്വേഷണത്തിന് ശേഷം നിയമപ്രകാരം നടപടിയെടുക്കും,’ പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര സെക്രട്ടറി നൂർ-ഉൽ-അമീൻ മെംഗൽ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ പാക്കിസ്ഥാന്റെ മനുഷ്യാവകാശ കമ്മീഷനും ആശങ്ക പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.